-->
ബോളിവുഡിന്റെ സൂപ്പര്‍ഹിറ്റ് നായകനായി വര്‍ഷങ്ങളായി തിളങ്ങി നില്‍ക്കുന്ന താരമാണ് അക്ഷയ് കുമാര്‍. ആദ്യ സിനിമ ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും പിന്നീടെത്തിയ ‘ഖിലാഡി’ എന്ന ചിത്രം അക്ഷയ് കുമാറിനെ ബോളിവുഡ് സിനിമ രംഗത്ത് ശ്രദ്ധേയനായ ഒരു നടനാക്കി. പിന്നീടിങ്ങോട്ട് ഹിറ്റ് സിനിമകള്‍ സമ്മാനിച്ച് ആക്ഷന്‍ റൊമാന്റിക് ഹീറോ ഇമേജില്‍ താരം തിളങ്ങി പ്രേക്ഷകമനസ്സിലിടം നേടി.
സൂപ്പര്‍ഹിറ്റ് നായകനായി തിളങ്ങി നിന്ന അക്ഷയ് കുമാര്‍ അത്ര നല്ല സമയത്തിലൂടെയല്ല ഇപ്പോള്‍ കടന്നു പോകുന്നത്. അടുത്തിടെ താരത്തിന്റേതായി പുറത്തിറങ്ങിയ ചിത്രങ്ങളില്‍ പലതും ബോക്സ് ഓഫീസില്‍ പരാജയപ്പെട്ടു. പക്ഷേ താരത്തിന്റെ കരിയറിലെ ആദ്യ പ്രതിസന്ധിയായിരുന്നില്ല ഇത്. വര്‍ഷങ്ങള്‍ക്ക് മുമ്പും സമാനമായ ഒരു തകര്‍ച്ച താരത്തിന്റെ കരിയറിലും ഉണ്ടായി. അന്ന് താരത്തെ രക്ഷപെടുത്തിയത് ചലച്ചിത്ര നിർമ്മാതാവ് സുനില്‍ ദർശൻ ഒരുക്കിയ ‘ജാൻവർ’ എന്ന സിനിമയാണ്. ആ ചിത്രം അക്ഷയ് കുമാറിന്റെ കരിയറിലെ വഴിത്തിരിവായി, പിന്നീട് വിജയചിത്രങ്ങള്‍ താരത്തിന് തുടരെത്തുടരെ വന്നുതുടങ്ങി.
എന്നാല്‍ ഇപ്പോഴിതാ അക്ഷയ് കുമാറുമായുള്ള തന്റെ പ്രൊഫഷണല്‍ ബന്ധം നല്ല രീതിയിലല്ല അവസാനിച്ചതെന്ന് നിര്‍മ്മാതാവ് സുനില്‍ ദർശൻ പറയുകയാണ്. തന്റെ കരിയർ വീണ്ടും സജീവമായതിന് ശേഷം അക്ഷയ് കുമാർ നല്‍കിയ ഒരു വാഗ്ദാനവും ദർശൻ ഓർത്തു പറയുന്നുണ്ട്.
‘‘ഞാൻ ആദ്യം ‘ജാൻവർ’ സണ്ണി ഡിയോളിനാണ് വാഗ്ദാനം ചെയ്തത്. എന്നാല്‍ തിരക്കഥയില്‍ കൂടുതല്‍ മാറ്റങ്ങള്‍ വേണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. അന്ന് അദ്ദേഹം കള്ളം പറയുകയാണെന്ന് ഞാൻ കരുതി. പിന്നീട് അജയ് ദേവ്ഗണ്‍ താല്‍പ്പര്യം പ്രകടിപ്പിച്ചു. പക്ഷെ അപ്പോഴേക്കും അദ്ദേഹം വലിയ താരമായി മാറിയിരുന്നു, തിരക്കിലുമായിരുന്നു.
അടുത്ത ദിവസം അക്ഷയ് എന്നെ വിളിച്ച് കാണണമെന്ന് പറഞ്ഞു. ഞാൻ അദ്ദേഹത്തെ എന്റെ വീട്ടിലേക്ക് ക്ഷണിച്ചു. അതായിരുന്നു ഞങ്ങളുടെ ആദ്യത്തെ ഔദ്യോഗിക കൂടിക്കാഴ്ച. അദ്ദേഹത്തിന് വളരെ നല്ല ഒരു ഇമേജ് ഉണ്ടായിരുന്നു. ‘ഈ ആണ്‍കുട്ടി വളരെ സുന്ദരനാണ്’ എന്ന് ഞാൻ അന്ന് ചിന്തിച്ചത് ഓർക്കുന്നു. അതുപോലെ അയാളുടെ കൃത്യനിഷ്ഠയും എനിക്ക് വളരെയിഷ്ടമായി. ആ കൂടിക്കാഴ്ചയിലാണ് അക്ഷയ്‌യെ ‘ജാൻവറി’ല്‍ അഭിനയിപ്പിക്കാൻ ഞാൻ തീരുമാനിച്ചത്.
അക്കാലത്ത് അക്ഷയ് കുമാറിന്റെ പല സിനിമകളും പരാജയപ്പെടുകയും ചിലത് പാതിവഴിയില്‍ ഉപേക്ഷിക്കുകയും ചെയ്തതിനാല്‍ അദ്ദേഹത്തെ ഒരു ‘പരാജയ നടൻ’ ആയിട്ടാണ് കണക്കാക്കിയിരുന്നത്. അന്ന് അദ്ദേഹം കാര്യമായൊന്നും ചെയ്തിരുന്നില്ല, പൂർണ്ണമായും ലഭ്യമായിരുന്നു. അദ്ദേഹം എനിക്ക് തന്റെ 100 ശതമാനം നല്‍കാൻ തയ്യാറായിരുന്നു, ഞാൻ അദ്ദേഹത്തില്‍ നിന്ന് 200 ശതമാനം നേടുകയായിരുന്നു.
ഹീറോയിനായി എത്തിയത് കരിഷ്മയാണ്. അക്കാലത്ത് കരിഷ്മ തിളങ്ങി നില്‍ക്കുന്ന താരമാണ്. അങ്ങനെ കരിഷ്മയും അക്ഷയ് കുമാറും ചേര്‍ന്ന് ജാന്‍വര്‍ തുടങ്ങി. സിനിമ ഹിറ്റുമായി. പിന്നീടിങ്ങോട്ട് അക്ഷയ് കുമാറും ഞാനും തമ്മില്‍ നല്ല ഒരടുപ്പമുണ്ടായി.
അഭിനേതാക്കള്‍ക്ക് കൂടുതല്‍ ജനപ്രീതിയും വിജയവും ലഭിക്കുമ്പോള്‍, ഒരുതരം ‘അഴിമതി’ അവരില്‍ കടന്നുകൂടാൻ തുടങ്ങും, അവരുടെ ടീമുകളിലൂടെയും മാനേജർമാരിലൂടെയുമാണ് പലപ്പോഴും ആശയവിനിമയം നടക്കുന്നത്.
അക്ഷയ് എന്റെ കൈ പിടിച്ചു, താരത്തിനൊപ്പം 100 സിനിമകള്‍ ചെയ്യാമെന്ന് വാഗ്ദാനം ചെയ്യാൻ എന്നോട് ആവശ്യപ്പെട്ടു. അക്ഷയ് ഇതേ രീതിയിലായിരിക്കും പെണ്‍കുട്ടികളോട് പ്രണയാഭ്യർത്ഥന നടത്തുന്നതെന്ന് ഞാൻ കരുതി. ഞങ്ങള്‍ ഏഴ് വർഷം ഒരുമിച്ച് പ്രവർത്തിച്ചു, ഏഴ് സിനിമകള്‍ ചെയ്തു. അദ്ദേഹവുമായി ഒരു നല്ല പ്രവൃത്തിബന്ധമുണ്ടായി. ഞങ്ങളുടെ ബന്ധം സുഖകരമായി അവസാനിച്ചില്ലെങ്കിലും, ആ കാലഘട്ടം ഞാൻ സ്നേഹപൂർവ്വം ഓർക്കുന്നു...’’സുനില്‍ ദര്‍ശന്‍ പറയുന്നു.
അക്ഷയ് കുമാറിന്റെ കരിയർ വളർച്ചയില്‍ സുനില്‍ ദർശന്റെ പങ്ക് വളരെ വലുതായിരുന്നു എങ്കിലും, വ്യക്തിപരമായ കാരണങ്ങള്‍ അവരുടെ പ്രൊഫഷണല്‍ ബന്ധത്തെ ബാധിച്ചുവെന്ന് ഈ വെളിപ്പെടുത്തലുകളിലൂടെ പ്രേക്ഷകര്‍ക്ക് മനസ്സിലാകുന്നു.