-->
സിനിമകളിൽ കൂടി മാത്രമല്ല സീരിയലുകൾ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചും ചില താരങ്ങൾ പ്രേക്ഷക മനസ്സ് കീഴടക്കാറുണ്ട്. വളരെ ചുരുങ്ങിയ വർഷങ്ങൾ കൊണ്ട് സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്തും സീരിയലുകളിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചും മലയാള സിനിമാ-സീരിയല്‍ പ്രേക്ഷകര്‍ക്ക് പരിചിതയായ നടിയാണ് അവന്തികാ മോഹന്‍. നായികയായി പല സീരിയലുകളിലും തിളങ്ങിയ താരം കുടുംബപ്രേക്ഷകർക്ക് ഏറെയിഷ്ടമുള്ള അഭിനേത്രികളിൽ ഒരാളാണ്. സോഷ്യൽ മീഡിയയിലും സജീവമാണ് താരം. എല്ലാ വിശേഷങ്ങളും ഫോട്ടോഷൂട്ടുകളും താരം അതിലൂടെ പങ്കിടാറുണ്ട്.
ഇപ്പോഴിതാ തന്നെ കണ്ണീരിലാഴ്ത്തിയ ഒരു അപ്രതീക്ഷിത വേര്‍പാടിനെക്കുറിച്ച് പങ്കിടുകയാണ് അവന്തിക. തന്റെ സുഹൃത്തിന്റെ വേർപാട് ഞെട്ടിച്ചു എന്നാണ് താരം കുറിക്കുന്നത്.
"ഇനി എനിക്ക് നിന്നെ വിളിക്കാനോ കാണാനോ കഴിയില്ല...നീ എന്റെ പ്രിയപ്പെട്ടവനാണ്, എപ്പോഴും അങ്ങനെ തന്നെയായിരിക്കും....നമ്മുടെ സൗഹൃദത്തിന്റെ 5 വർഷങ്ങൾ.
ശുദ്ധമായ ആത്മാവും സുന്ദരനായ മനുഷ്യനും.
ഇനി കുടുംബങ്ങള്‍ തമ്മില്‍ ഒത്തുചേരുന്നില്ല, സിനിമ കാണുന്നില്ല, വഴക്കില്ല. ഞാന്‍ തകര്‍ന്നുപോയിരിക്കുകയാണ്. നീ ഇനി ഇല്ലെന്ന സത്യത്തെ അംഗീകരിക്കാന്‍ എനിക്ക് കഴിയുന്നില്ല. എനിക്ക് സഹിക്കാന്‍ കഴിയാത്ത കാര്യം എന്റെ പ്രിയപ്പെട്ടവരെയെല്ലാം എനിക്ക് നഷ്ടപ്പെടുന്നു എന്നതാണ്.
എല്ലാത്തിനേക്കാളും എനിക്ക് വലുതായ നിന്നോട് വിട പറയാന്‍ എനിക്ക് കഴിയില്ല. നീ ഞങ്ങളെ വേദനിപ്പിച്ചു പോയി...
പക്ഷെ, സത്യമിതാണെന്ന് അംഗീകരിക്കാന്‍ പോലും എനിക്ക് കഴിയുന്നില്ല.. ഈ വേദന അസഹനീയമാണ്... ഒരു നിമിഷം കൂടി നിന്നെ തിരികെ കൊണ്ടുവരാൻ, ഒരു ഓർമ്മയ്ക്കായി...നിന്നോട് സംസാരിക്കാൻ പോലും അവസരം ലഭിക്കില്ല.
ദൈവം തന്റെ പ്രിയപ്പെട്ടവരെയെല്ലാം കൊണ്ടുപോകുകയാണ്. നമ്മളോട് ചെയ്യുന്ന അനീതിയാണത്...
എനിക്ക് അറിയാവുന്നതില്‍ വച്ച് ഏറ്റവും ധൈര്യശാലികളില്‍ ഒരാള്‍. അഭിനയിക്കാന്‍ ഇഷ്ടപ്പെട്ട, പാടാന്‍ ഇഷ്ടപ്പെട്ട ഒരാള്‍. അതിമോഹമുള്ളവനും ദീർഘായുസ്സ് ആഗ്രഹിക്കുന്നവനും ആയിരുന്നു.
ഞങ്ങളുടെ അവസാന സന്ദേശങ്ങൾ ഞാൻ നോക്കിക്കൊണ്ടേയിരിക്കുന്നു, നിന്നോട് ഇനി സംസാരിക്കാൻ കഴിയില്ലെന്ന് കരുതി വേദന ജീവിതകാലം മുഴുവൻ ഉണ്ടാകും.
നിന്റെ ചിരിയുടെ ശബ്ദത്തേക്കാള്‍ വലിയ ഓര്‍മ്മയില്ല. നമ്മുടെ രസകരമായ സമയങ്ങളെക്കുറിച്ചുള്ള എന്റെ ഓര്‍മ്മകള്‍ എന്റെ കരച്ചിലിന്റെ ശബ്ദം മുക്കിക്കളയട്ടെ. വളരെ വേഗം പോയി നിന്നെ ഭയങ്കരമായി മിസ്സ് ചെയ്യുന്നു... " എന്നാണ് സുഹൃത്തിന്റെ ചിത്രം പങ്കിട്ട് അവന്തിക കുറിച്ചത്. മൈ ഡിയറസ്റ്റ് ഫ്രണ്ട് എന്ന ഹാഷ്ടാഗും താരം കുറിച്ചിട്ടുണ്ട്.
"ഞങ്ങളെ വിട്ടുപോയി. ജീവിതം തികച്ചും പ്രവചിക്കാന്‍ സാധിക്കാത്തതാണ്. നിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടേ.. നീ എപ്പോഴും ഞങ്ങളുടെ ഹീറോ ആയിരിക്കും..." എന്നും അവന്തിക പങ്കുവച്ചിട്ടുണ്ട്.
കോഴിക്കോടുകാരായ ഉമയുടേയും മോഹന്റേയും ഏക മകളാണ് പ്രിയങ്കാ മോഹന്‍ എന്ന അവന്തിക. ദുബായിൽ പഠിച്ചു വളർന്ന താരം മോഡലിങ്ങിലൂടെയാണ് അഭിനയത്തിലേക്ക് എത്തിയത്. പല ബ്യൂട്ടി കോണ്ടെസ്റ്റുകളിലും വിജയിയായിരുന്നു താരം. നാടന്‍ സൗന്ദര്യമാണ് താരത്തിന് എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. നർത്തകി കൂടിയായ താരം തമിഴ് - തെലുങ്ക് - കന്നട സിനിമകളിലും ഭാഗ്യ പരീക്ഷണങ്ങള്‍ നടത്തിയിരുന്നു. പക്ഷേ അവന്തിക മോഹന്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത് സീരിയല്‍ ലോകത്തേക്ക് എത്തിയതിന് ശേഷമാണ്.
ആത്മസഖി, പ്രിയപ്പെട്ടവള്‍, തൂവല്‍സ്പര്‍ശം, മണിമുത്ത് തുടങ്ങിയ സീരിയലുകളിലൂടെ പ്രിയങ്കരിയായി മാറിയ അവന്തിക ഇപ്പോള്‍ ഏക മകനൊപ്പമാണ് താമസം.