Friday, March 13, 2026 Last Updated 4 Min 53 Sec ago English Edition
Todays E paper
Ads by Google
Tuesday 08 Jul 2025 09.42 AM

തഹാവുര്‍ റാണയില്‍ നിന്നും കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങള്‍ ; ഒളിച്ചോടിയ പാകിസ്ഥാന്‍ സൈനികന്‍, ഹെഡ്‌ലി സഹപാഠി

uploads/news/2025/07/789991/hahavur-rana.jpg

മുംബൈ: അമേരിക്ക ഇന്ത്യയ്ക്കു കൈമാറിയ കൊടുംഭീകരന്‍ തഹാവുര്‍ ഹുസൈന്‍ റാണ(64)യെ ചോദ്യംചെയ്ത അന്വേഷണ ഏജന്‍സികള്‍ക്കു ലഭിച്ചത് മുംബൈ ഭീകരാക്രമണം സംബന്ധിച്ച നിര്‍ണായകവിവരങ്ങള്‍. കേസിലെ മുഖ്യപ്രതി ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയെ എങ്ങനെയാണു സഹായിച്ചതെന്നും ഛത്രപതി ശിവാജി ടെര്‍മിനസ് ഉള്‍പ്പെടെയുള്ള ആക്രമണലക്ഷ്യങ്ങള്‍ എങ്ങനെയാണു തെരഞ്ഞെടുത്തതെന്നും റാണ വെളിപ്പെടുത്തി.

പാകിസ്താനിലെ റാവല്‍പിണ്ടിയിലുള്ള സൈനിക മെഡിക്കല്‍ കോളജില്‍നിന്ന് 1986-ലാണു താന്‍ എം.ബി.ബി.എസ്. പൂര്‍ത്തിയാക്കിയതെന്നു റാണ ചോദ്യംചെയ്യലില്‍ വ്യക്തമാക്കി. തുടര്‍ന്ന് പാക് സൈന്യത്തിന്റെ മെഡിക്കല്‍ വിഭാഗത്തില്‍ ക്യാപ്റ്റനായി ക്വറ്റയില്‍ നിയമിക്കപ്പെട്ടു. സിന്ധ്, ബലൂചിസ്ഥാന്‍, സിയാച്ചിന്‍-ബലോത്ര മേഖലകളില്‍ ജോലിചെയ്തു. സിയാച്ചിനില്‍ ജോലി ചെയ്യവേ ശ്വാസകോശത്തില്‍ ദ്രാവകം കെട്ടിക്കിടക്കുന്ന പള്‍മണറി എഡിമ എന്ന രോഗം ബാധിച്ചു. തുടര്‍ന്ന്, ജോലിയില്‍നിന്നു വിട്ടുനിന്ന റാണയെ ഒളിച്ചോടിയ സൈനികനായി പ്രഖ്യാപിച്ചു.

ഈ അവസ്ഥ മറികടക്കാനായി രേഖകള്‍ ശരിയാക്കിത്തരാമെന്ന ഉറപ്പിലാണു ഭീകരാക്രമണത്തിന്റെ ഭാഗമാകാമെന്നു ഹെഡ്‌ലിയോട് സമ്മതിച്ചത്. ഭീകരതയെ എക്കാലവും സഹായിക്കുന്ന പാക് സൈന്യം റാണയെ വിശ്വാസത്തിലെടുത്തു. ഗള്‍ഫ് യുദ്ധകാലത്ത് രഹസ്യദൗത്യത്തിനായി സൗദി അറേബ്യയിലേക്ക് അയച്ചു. കാനഡയില്‍ മാംസ സംസ്‌കരണം, റിയല്‍ എസ്‌റ്റേറ്റ് ബിസിനസ് എന്നിവയില്‍ ചുവടുറപ്പിച്ച് സ്ഥിരതാമസമാക്കുന്നതിനു മുമ്പ് ജര്‍മനി, യു.കെ, യു.എസ്. എന്നിവിടങ്ങളിലും താമസിച്ചു.

റാണയും ഹെഡ്‌ലിയും പാകിസ്താനിലെ ഹസന്‍ അബ്ദല്‍ സൈനിക കോളജില്‍ 1974 മുതല്‍ 79 വരെ സഹപാഠികളായിരുന്നു. ഹെഡ്‌ലിയുടെ പിതാവ് പാകിസ്താനിയും മാതാവ് അമേരിക്കക്കാരിയുമായിരുന്നു. പിന്നീട് രണ്ടാനമ്മയുമായി കലഹിച്ച ഹെഡ്‌ലി യു.എസിലേക്കു പോകുകയും സ്വന്തം അമ്മയ്‌ക്കൊപ്പം താമസമുറപ്പിക്കുകയും ചെയ്തു. 2003-04 കാലയളവില്‍ ഹെഡ്‌ലി ലഷ്‌കറെ തോയ്ബയുടെ മൂന്ന് ഭീകരപരിശീലന ക്യാമ്പുകളില്‍ പങ്കെടുത്തു.

ഭീകരാക്രമണത്തിന് മുമ്പ് ചൈനയിലേക്കു കടന്നു

ഇമിഗ്രന്റ് ലോ സെന്റര്‍ എന്ന സ്ഥാപനത്തിന്റെ പ്രതിനിധിയെന്ന വ്യാജേന ഡല്‍ഹി, മുംബൈ, ജയ്പുര്‍, പുഷ്‌കര്‍, ഗോവ, പുനെ തുടങ്ങിയ നഗരങ്ങളില്‍ ഹെഡ്‌ലി സഞ്ചരിച്ചിട്ടുണ്ടെന്ന് മുംബൈ ഭീകരാക്രമണക്കേസിലെ എന്‍.ഐ.എ. കുറ്റപത്രത്തില്‍ പറയുന്നു. ഇങ്ങനെയൊരു സ്ഥാപനം തുടങ്ങാനുള്ള ആശയം ഹെഡ്‌ലിയുടേതായിരുന്നെന്നു റാണ വെളിപ്പെടുത്തി. ഒരു സ്ത്രീക്കായിരുന്നു നടത്തിപ്പിന്റെ ചുമതല.

ഭീകരാക്രമണത്തിനു മുന്നോടിയായി നിരീക്ഷണം നടത്താനുള്ള മറയായിരുന്നു സ്ഥാപനം. 2008 നവംബറില്‍ ഇന്ത്യ സന്ദര്‍ശിച്ച റാണ 20, 21 തീയതികളില്‍ മുംബൈ പൊവായിയിലെ ഒരു ഹോട്ടലില്‍ താമസിച്ചു. ഭീകരാക്രമണത്തിനു തൊട്ടുമുമ്പ് ദുബായ് വഴി ചൈനയിലെ ബെയ്ജിങ്ങിലേക്കു കടന്നു.

ലഷ്‌കറെ തോയ്ബ ഒരു ചാരശൃംഖല

വ്യാജരേഖകളുപയോഗിച്ച് ഇന്ത്യയിലെത്താനും ഭീകരാക്രമണത്തിനായി ആളുകള്‍ തിങ്ങിക്കൂടുന്ന സ്ഥലങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കാനും ഹെഡ്‌ലിയെ സഹായിച്ചതു റാണയാണെന്ന് 2023-ല്‍ ക്രൈം ബ്രാഞ്ച് സമര്‍പ്പിച്ച അധിക കുറ്റപത്രത്തില്‍ പറയുന്നു. 14 സാക്ഷികളെങ്കിലും റാണയുടെ പങ്ക് സംബന്ധിച്ച് മൊഴി നല്‍കി. മുംബൈ ഭീകരാക്രമണം ആസൂത്രണം ചെയ്ത പാക് ഉദ്യോഗസ്ഥരായ സാജിദ് മിര്‍, അബ്ദുള്‍ റഹ്മാന്‍ പാഷ, മേജര്‍ ഇഖ്ബാല്‍ എന്നിവരുമായി അടുപ്പമുണ്ടായിരുന്നെന്നും റാണ വെളിപ്പെടുത്തി.

ലഷ്‌കറെ തോയ്ബയും പാക് ചാരസംഘടനയായ ഐ.എസ്.ഐയുമായുള്ള ഏകോപനത്തിലും റാണയ്ക്കു നിര്‍ണായകപങ്കുണ്ടായിരുന്നു. ആശയാധിഷ്ഠിത സംഘടനയെന്നതിനേക്കാള്‍ ലഷ്‌കറെ തോയ്ബ ഒരു ചാരശൃംഖലയാണെന്നു ഹെഡ്‌ലി തന്നോടു പറഞ്ഞിട്ടുണ്ടെന്നും റാണ വെളിപ്പെടുത്തി.

Ads by Google
Ads by Google
LATEST NEWS
TRENDING NOW