-->
ബോളിവുഡില്‍ മാത്രമല്ല തെന്നിന്ത്യയിലും ഒട്ടേറെ ആരാധകരുളള ഗായകനും സംഗീത സംവിധായകനുമാണ് അമാല്‍ മാലിക്. ബോളിവുഡിന്റെ ഇരുണ്ട വശങ്ങളെക്കുറിച്ച് മിര്‍ച്ചി പ്ലസിനോട് അമാല്‍ തുറന്നു പറഞ്ഞ കാര്യങ്ങളാണിപ്പോള്‍ സിനിമാ ലോകത്ത് ചര്‍ച്ചയായി മാറുന്നത്.
അന്തരിച്ച നടന്‍ സുശാന്ത് സിങ് രജ്പുത്തിനോട് ബോളിവുഡ് ചെയ്തത് എന്തോ അത് തന്നെയാണിപ്പോള്‍ നടന്‍ കാര്‍ത്തിക് ആര്യനോടും ചെയ്യുന്നത് എന്നാണ് അമാല്‍ പറയുന്നത്. ബോളിവുഡില്‍ നിന്നും കാര്‍ത്തിക്കിനെ ഒറ്റപ്പെടുത്താന്‍ വന്‍കിട നിര്‍മാതാക്കളും നടന്മാരും വരെയുണ്ടെന്നും അമാല പറയുന്നു.
ഇന്ന് ബോളിവുഡിന്റെ തിളക്കം എവിടെയോ നഷ്ടപ്പെട്ടിരിക്കുന്നു. ഈ സ്ഥലം എന്താണെന്ന് യഥാര്‍ഥത്തില്‍ പൊതുജനങ്ങള്‍ക്ക് മനസ്സിലായി തുടങ്ങിയിരിക്കുന്നു. വൈകാരികമായി പോലും ഇപ്പോള്‍ ഒരു അകല്‍ച്ച സംഭവിച്ചിരിക്കുന്നു. ആളുകള്‍ അവര്‍ക്കിഷ്ടമുളള താരങ്ങളില്‍ നിന്ന് പോലും അകന്നുപോയതായി തോന്നുന്നു.
ഏത് ലോകത്താണ് ഇവരൊക്കെ ജീവിക്കുന്നതെന്നോര്‍ത്ത് അവര്‍ ആശ്ചര്യപ്പെടുന്നു. ഈ ഇന്‍ഡസ്ട്രിക്ക് ഒരു ഇരുണ്ട വശമുണ്ട്, അത് ആളുകളുടെ ജീവന്‍ തന്നെ നഷ്ടപ്പെടുത്തി. സുശാന്ത് സിങ് രജ്പുതിന് അത് നേരാംവണ്ണം കൈകാര്യം ചെയ്യാന്‍ പറ്റിയില്ല. അദ്ദേഹത്തിന് എന്ത് സംഭവിച്ചു എന്ന കാര്യത്തില്‍ ഇപ്പോഴും അവ്യക്തതകള്‍ നിലനില്‍ക്കുന്നു.
ചിലര്‍ അത് കൊലപാതകമെന്നും മറ്റു ചിലര്‍ അത് ആത്മഹത്യ ആണെന്നും പറയുന്നു. പക്ഷേ ഒരു ജീവന്‍ നഷ്ടപ്പെട്ടു എന്നതാണ് വസ്തുത. ഈ ഇന്‍ഡസ്ട്രി തന്നെയാണ് സുശാന്തിന്റെ മനസിനോ ആത്മാവിനോ എന്തെങ്കിലും ചെയ്തത്. ആളുകള്‍ ഒരുമിച്ച് അദ്ദേഹത്തെ നിരുത്സാഹപ്പെടുത്തി. ഈ ഇന്‍ഡസ്ട്രി അങ്ങനെയൊരു സ്ഥലമാണ്. ആ കാര്യം പുറത്തുവന്നപ്പോള്‍ ബോളിവുഡിനെതിരെയുളള സാധാരണക്കാരന്റെ വികാരം തന്നെ മാറിപ്പോയി.
ബോളിവുഡിലുളളവരെല്ലാം വൃത്തികെട്ടവരാണെന്നാണ് അവര്‍ പറയുന്നത്. പൊതുവെ ഈ ഇന്‍ഡസ്ട്രി ഒരിക്കലും തകര്‍ന്നിട്ടില്ല. പക്ഷേ സുശാന്തിന്റെ മരണം ഈ ആളുകളില്‍ നിന്ന് എല്ലാം തട്ടിയെടുത്തു. അത് അവര്‍ അര്‍ഹിക്കുന്നുണ്ട്. നല്ലൊരു മനുഷ്യനോട് അവര്‍ തെറ്റായി പെരുമാറി.
ഇന്ന് നിങ്ങള്‍ നോക്കൂ അതേ കാര്യങ്ങള്‍ നേരിട്ടോ അല്ലാതെയോ കാര്‍ത്തിക് ആര്യനോടും ചെയ്യാന്‍ ആളുകള്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ കാര്‍ത്തിക് ആര്യന് പിന്തുണയുമായി അദ്ദേഹത്തിന്റെ അച്ഛനും അമ്മയും ഒപ്പമുണ്ട്.
കാര്‍ത്തികും പുതുമുഖമാണ്. അവനെയും 100 പേര്‍ ഒഴിവാക്കാന്‍ ശ്രമിക്കുന്നുണ്ട്. അവര്‍ പവര്‍ പ്ലേ കളിക്കുന്നു. വലിയ നിര്‍മാതാക്കളും നടന്മാരും എല്ലാം ചെയ്യുന്നു അമാല്‍ പറഞ്ഞു.