-->
എൺപതുകളിലും തൊണ്ണൂറുകളിലും മുൻനിര താരങ്ങൾക്കൊപ്പവും പ്രശസ്ത സംവിധായകർക്കൊപ്പവും തിളങ്ങിയ മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ശോഭന. മികച്ച ഒരു നര്‍ത്തകി കൂടിയായ താരം തന്റെ പതിനാലാം വയസ്സിലാണ് വെള്ളിത്തിരയിലെത്തിയത്. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, ഇംഗ്ലീഷ് എന്നീ ഭാഷകളിലും തന്റെ അഭിനയ മികവിലൂടെ താരം നിറഞ്ഞ കൈയടി നേടിയിട്ടുണ്ട്.
ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ സ്വന്തമാക്കിയ താരം നൃത്തവും നൃത്തവിദ്യാലയത്തിലെ ശിഷ്യരും അവരുടെ പഠനവുമൊക്കെയായി തിരക്കിലാണ്. വളരെ കുറച്ചു സിനിമകളില്‍ മാത്രമേ താരമിപ്പോള്‍ അഭിനയിക്കാറുള്ളൂ.
ഇപ്പോഴിതാ താന്‍ കൂടെ അഭിനയിച്ചിട്ടുള്ള, എന്നാൽ മൺമറഞ്ഞു പോയ മലയാളത്തിന്റെ പ്രിയതാരങ്ങളായ നെടുമുടി വേണു, തിലകന്‍, കെ.പി.എ.സി ലളിത, സുകുമാരി തുടങ്ങിയവരെയൊക്കെ മിസ് ചെയ്യുന്നുണ്ടെന്ന് പറയുകയാണ് ശോഭന. സെറ്റിലേക്ക് എത്തുമ്പോള്‍ അവരുടെ വിളിയും പറച്ചിലുമൊക്കെ മിസ്സ് ചെയ്യാറുണ്ടെന്നാണ് ശോഭന പറയുന്നത്.
‘‘മുമ്പ് കൂടെ ഉണ്ടായിരുന്ന കുറേ ആര്‍ട്ടിസ്റ്റുകള്‍ ഇന്ന് കൂടെയില്ല. അന്നത്തെ കാലത്തെ മിസ് ചെയ്യുന്നുണ്ടോയെന്ന് ചോദിച്ചാല്‍, ഉണ്ടെന്നാണ് എന്റെ മറുപടി. മലയാള സിനിമയിലെ ആളുകള്‍ അന്നും ഇന്നും ഒരു ഫാമിലി പോലെ തന്നെയാണ്.
അപ്പോള്‍ ഒരു കുടുംബം പോലെ നിന്ന് ഇവരില്‍ പലരും എന്നെ മോളേ എന്നാണ് വിളിച്ചിരുന്നത്. ഇപ്പോള്‍ ആണെങ്കില്‍ എന്നെ ചേച്ചിയെന്ന് വിളിക്കുന്നു. അത് മാത്രമാണ് ഇതുവരെ വന്ന വ്യത്യാസം. എങ്കിലും ഇപ്പോള്‍ നെടുമുടി വേണുചേട്ടന്‍, തിലകന്‍ സാര്‍, കെ.പി.എ.സി ലളിത ചേച്ചി, എന്റെ സ്വന്തം സുകുമാരിയമ്മ തുടങ്ങിയ ആളുകളൊന്നും കൂടെയില്ല.
അവരുടെ നഷ്ടം എനിക്ക് എപ്പോഴും ഫീല് ചെയ്യാറുണ്ട്. അവരൊക്കെ പോയതിന് ശേഷം ഞാന്‍ അധികം സിനിമകള്‍ ചെയ്തിട്ടില്ല. ഇവര്‍ ഇല്ലാതെ മൂന്ന് സിനിമകളാണ് ചെയ്തത്. എന്നിട്ടും അവരുടെ നഷ്ടം എനിക്ക് ഫീല് ചെയ്യുന്നുണ്ട്.
പണ്ട് എല്ലാ സെറ്റിലും ഇവര്‍ ആരെങ്കിലുമൊക്കെ ഉണ്ടാകുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ എല്ലാം പുതിയ മുഖങ്ങളാണ്. അതുകൊണ്ട് ഇടയ്ക്ക് ഒറ്റപ്പെട്ടത് പോലെ തോന്നും. മുമ്പ് ‘മോളേ’ എന്നും വിളിച്ച് ആരെങ്കിലുമൊക്കെ കൂടെ ഉണ്ടാകുമായിരുന്നു...’’ ശോഭന പറയുന്നു.
ശോഭനയുടേതായി തിയേറ്ററില്‍ അവസാനമെത്തിയത് തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം ‘തുടരു’മാണ്. ചിത്രത്തിനും ശോഭനയുടെ അഭിനയത്തിനും നിറഞ്ഞ കൈയടിയാണ് ആരാധകര്‍ നല്‍കിയത്.