-->
ജീവിതഗന്ധിയായ ഒരുപാട് കുടുംബ ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച സംവിധായകനാണ് സത്യൻ അന്തിക്കാട്. അച്ഛന്റെ പാരമ്പര്യം തന്റെ ആദ്യ സിനിമയായ പാച്ചുവും അത്ഭുതവിളക്കും എന്ന സിനിമയിലൂടെ തന്നെ നേടിയെടുക്കാൻ മകനായ അഖിൽ സത്യന് കഴിഞ്ഞിരുന്നു. പ്രേക്ഷക - നിരൂപക പ്രശംസ നേടിയ ഈ ചിത്രത്തിന് ശേഷം അഖിലിന്റെ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.
കഴിഞ്ഞ ദിവസം തന്റെ അടുത്ത ചിത്രം നിവിൻ പോളിക്കൊപ്പമാണെന്ന് സോഷ്യൽ മീഡിയയിൽ അഖിൽ പങ്കിട്ടിരുന്നു.
ഇപ്പോഴിതാ ഹൊറർ കോമഡി ജോണറില്‍ ഒരുങ്ങുന്ന സിനിമയുടെ ടൈറ്റില്‍ പങ്കിട്ടിരിക്കുകയാണ് അഖിൽ സത്യൻ. 'സർവ്വം മായ' എന്നാണ് സിനിമയുടെ പേര്. "ഗോസ്റ്റ് നെക്സ്റ്റ് ഡോർ, നിവിൻ പോളി..." എന്ന ക്യാപ്ഷൻ നൽകിയാണ് അഖിൽ സത്യൻ തന്റെ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കിട്ടിരിക്കുന്നത്.
നെറ്റിയില്‍ ഭസ്മം ഒക്കെ തൊട്ടുള്ള നിവിന്‍ പോളിയുടെ ഒരു പാതി മറഞ്ഞ ചിത്രവും പോസ്റ്ററില്‍ കാണാം. 2025 ക്രിസ്മസിനാണ് ചിത്രം റിലീസിനെത്തുന്നത്.
മലയാളത്തിലെ ആദ്യ സിങ്ക് സൗണ്ട് പ്രേതമാകും ഈ സിനിമയെന്നും സൗണ്ടിന് ഒരുപാട് പ്രാധാന്യമുള്ള സിനിമയാണിതെന്നും അഖില്‍ സത്യൻ സിനിമയെക്കുറിച്ച് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സത്യനോടൊപ്പം ഇതാദ്യമായി നിവിൻ പോളി ഒന്നിക്കുമ്പോൾ ഏറെ പ്രതീക്ഷയിലാണ് സിനിമാ പ്രേക്ഷകർ.
അജു വർഗീസ് നിവിൻ പോളി കോംബോയില്‍ എത്തുന്ന ചിത്രം 2025 ക്രിസ്‌മസിനാണ് റിലീസിനെത്തുന്നത്. സിനിമയുടെ രചനയും എഡിറ്റിങ്ങും അഖില്‍ തന്നെയാണ് നിർവഹിക്കുന്നത്.
റിയ ഷിബു, ജനാർദ്ദനൻ, പ്രീതി മുകുന്ദൻ എന്നിവരാണ് സിനിമയിലെ പ്രധാന അഭിനേതാക്കള്‍. സെൻട്രല്‍ പിക്ചേഴ്സ് ആണ് സിനിമ വിതരണത്തിനെത്തിക്കുന്നത്.