-->
ബര്‍മിങ്ങാം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്ക് ബാറ്റിങ്. ടോസ് നേടിയ ഇംഗ്ലണ്ട് ബൗളിങ് തിരഞ്ഞെടുത്തു. ആദ്യ ടെസ്റ്റില്‍ പരാജയപ്പെട്ട ഇന്ത്യന്‍ ടീമിന് ബര്‍മിങ്ങാം ടെസ്റ്റ് നിര്‍ണായകമാണ്.
മൂന്ന് മാറ്റങ്ങളാണ് ഇന്ത്യന്‍ ടീമിലുള്ളത്. നിതീഷ് റെഡ്ഡി, ആകാശ് ദീപ്, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവര്‍ ടീമില്‍ ഇടംപിടിച്ചു. പേസര്‍ ജസ്പ്രീത് ബുംറ കളിക്കുക്കുന്നില്ല. ജോലിഭാരം കണക്കിലെടുത്ത് താരത്തിന് വിശ്രമം അനുവദിച്ചു. പേസ് ബൗളിങ്ങിനെ അതിരറ്റ് തുണയ്ക്കുന്ന പിച്ചാണ് എഡ്ജ്ബാസ്റ്റണിലേത്. കഴിഞ്ഞ മത്സരത്തിൽ ഫോമിലേക്ക് ഉയരാതിരുന്ന കരുൺ നായരിന് ഒരു അവസരം കൂടി ലഭിച്ചു.യുവതാരം സായ് സുദര്‍ശനും ശാര്‍ദുല്‍ താക്കൂറും ടീമില്‍ നിന്ന് പുറത്തായി. രണ്ടാം ടെസ്റ്റിൽ കളിക്കുമെന്ന് ആരാധകർ ഏറെ പ്രതീക്ഷിച്ച അർഷ്ദീപിനും കുല്‍ദീപിനും ഇക്കുറിയും അവസരങ്ങളൊന്നും ലഭിച്ചില്ല.
എഡ്ജ്ബാസ്റ്റണിൽ ഇതുവരെ ടെസ്റ്റിൽ ജയിക്കാൻ ഇന്ത്യൻ ടീമിന് ആയിട്ടില്ല. ശുഭ്മാൻ ഗില്ലിനും സംഘത്തിനും ആദ്യജയമെന്ന നേട്ടം സ്വന്തമാകുമോയെന്നാണ് ക്രിക്കറ്റ് ലോകം ആകാംക്ഷയോടെ നോക്കിയിരിക്കുന്നത്. ഇവിടെ കളിച്ച എട്ട് ടെസ്റ്റുകളിൽ ഏഴിലും ഇന്ത്യ തോറ്റു. 1986-ൽ നേടിയ സമനില മാത്രമാണ് വലിയ നേട്ടം.
ഇന്ത്യന്‍ ടീം - യശസ്വി ജയ്‌സ്വാള്‍, കെ.എല്‍. രാഹുല്‍, ശുഭ്മാന്‍ ഗില്‍(ക്യാപ്റ്റൻ), ഋഷഭ് പന്ത്, കരുണ്‍ നായര്‍, നിതീഷ് കുമാർ റെഡ്ഡി, രവീന്ദ്ര ജഡേജ, വാഷിങ്ടൺ സുന്ദർ, ആകാശ് ദീപ്, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ.