-->
മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുകയാണ് നടന്‍ മോഹന്‍ലാലിന്റെ മകള്‍ വിസ്മയ. ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് വിസ്മയയുടെ സിനിമാ അരങ്ങേറ്റം. ആശിര്‍വാദ് സിനിമാസിന്റെ 37-ാം സിനിമയായിട്ടാണ് വിസ്മയ മോഹന്‍ലാലിന്റെ ആദ്യ ചിത്രം ഒരുങ്ങുന്നത്. ' തുടക്കം' എന്നാണ് ചിത്രത്തിന്റെ പേര്. കൂടുതല്‍ അവകാശവാദങ്ങള്‍ ഒന്നുമില്ലെന്നും ഒരു കുഞ്ഞ് സിനിമയാണ് തുടക്കമെന്നും സംവിധായകന്‍ ജൂഡ് ആന്തണി ജോസഫ് സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.
ജൂഡ് ആന്തണി ജോസഫിന്റെ വാക്കുകള്‍:
''ഇതൊരു നിയോഗമായി കാണുന്നു. എന്റെ ലാലേട്ടന്റെയും സുചിചേച്ചിയുടെയും, പ്രിയപ്പെട്ട മായയുടെ ആദ്യ സിനിമ എന്നെ വിശ്വസിച്ചു ഏല്പിക്കുമ്പോള്‍ ഞാന്‍ കണ്ടതാണ് ആ കണ്ണുകളില്‍ നിറഞ്ഞ സന്തോഷവും പ്രതീക്ഷയും. നിരാശപ്പെടുത്തില്ല ലാലേട്ടാ.. ചേച്ചി... കൂടുതല്‍ അവകാശവാദങ്ങള്‍ ഒന്നുമില്ല, ഒരു കുഞ്ഞു സിനിമ. എന്നും എന്റെ മനസ്സ് പറയുന്ന സിനിമകളാണ് ഞാന്‍ ചെയ്തിട്ടുള്ളത്. ഇന്നും അങ്ങനെ തന്നെ. ആന്റണി ചേട്ടാ ഇതൊരു ''ആന്റണി -ജൂഡ് തുടക്കമാകട്ടെ എന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു. പ്രിയ പ്രേക്ഷകര്‍ കൂടെ നില്‍ക്കുമെന്ന പ്രതീക്ഷയോടെ''.
ചിത്രത്തില്‍ ആന്റണി പെരുമ്പാവൂരിന്റെ മകന്‍ ആശിഷ് ആന്റണിയും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ചിത്രത്തിന്റെ മറ്റു വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. 2018 എന്ന സിനിമയ്ക്ക് ശേഷം ജൂഡ് ആന്തണി ഒരുക്കുന്ന സിനിമയാണിത്. നേരത്തെ മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്ത ബറോസ് എന്ന സിനിമയില്‍ വിസ്മയ അസിസ്റ്റന്റ് ഡയറക്ടര്‍ ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്.