-->
പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമായ പേട്രിയറ്റിന്റെ ഡബ്ബിങ് പൂര്‍ത്തിയാക്കി. കൊച്ചിയിലെ ലേ മാജിക് ലാന്റണ്‍ സ്റ്റുഡിയോയിലെത്തിയാണ് താരം ഡബ്ബിംഗ് പൂര്‍ത്തിയാക്കിയത്. നടി ലിസിയാണ് ഈ സന്തോഷവാര്‍ത്ത പങ്കുവെച്ചത്. അതീവ ആകര്‍ഷകനായും ഊര്‍ജ്ജസ്വലനുമായാണ് മമ്മൂട്ടി സ്റ്റുഡിയോയിലെത്തിയതെന്ന് ലിസി കുറിച്ചു. അദ്ദേഹത്തിന്റെ മുപ്പതുകളില്‍ ഉണ്ടയിരുന്ന അതേ ഊര്‍ജവും പ്രഭാവവും ഇന്നും മാറ്റമില്ലാതെ നിലനില്‍ക്കുന്നു എന്നും ലിസി പറയുന്നു.
ഇതിഹാസ താരത്തിന്റെ സാന്നിധ്യം സ്റ്റുഡിയോയ്ക്ക് അഭിമാനകരമായ നിമിഷമാണെന്നും ലിസി കൂട്ടിച്ചേര്‍ത്തു. ഇരുവശത്തും പ്രിയദര്‍ശനെയും ലിസിയെയും ചേര്‍ത്തുനിര്‍ത്തിക്കൊണ്ടുളള മമ്മൂട്ടിയുടെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു ലിസിയുടെ കുറിപ്പ്.
‘എറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പാന്‍-ഇന്ത്യന്‍ മലയാള ചലച്ചിത്രം പേട്രിയറ്റ് വോയ്‌സ് റെക്കോര്‍ഡിങ്ങിനായി ഇതിഹാസ താരം പത്മഭൂഷണ്‍ മമ്മൂട്ടി ലേ മാജിക് ലാന്റേറില്‍ എത്തിയത് തികച്ചും സന്തോഷകരവും അഭിമാനകരവുമായ നിമിഷമായിരുന്നു. മമ്മൂക്ക എപ്പോഴും എന്നപോലെ അതീവ ആകര്‍ഷകനായി കാണപ്പെട്ടു. അദ്ദേഹത്തിന്റെ മുപ്പതുകളില്‍ ഉണ്ടായിരുന്ന അതേ ഊര്‍ജവും പ്രഭാവവും ഇന്നും മാറ്റമില്ലാതെ നിലനില്‍ക്കുന്നു. ഈ ചിത്രം വെളളിത്തിരയില്‍ എത്തിക്കാന്‍ പരിശ്രമിക്കുന്ന മുഴുവന്‍ അണിയറപ്രവര്‍ത്തകര്‍ക്കും എല്ലാവിധ ആശംസകളും നേരുന്നു’. ലിസി കുറിച്ചു.
മമ്മൂട്ടിയും മോഹന്‍ലാലും നീണ്ട 18 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഒന്നിക്കുന്നു എന്ന പ്രത്യേകതയും പേട്രിയറ്റിനുണ്ട്. മഹേഷ് നാരായണന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ഈ സ്‌പൈ ത്രില്ലറില്‍ ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, നയന്‍താര തുടങ്ങി വന്‍ താരനിര അണിനിരക്കുന്നു. 2026 ഏപ്രില്‍ 23 നാണ് ചിത്രം റിലീസിനെത്തുക.