-->
സുരേഷ് ഗോപി ചിത്രം ജെഎസ്‌കെയുടെ പേര് മാറ്റവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ സെന്‍സര്‍ ബോര്‍ഡിനെ പരിഹസിച്ച് മന്ത്രി വി ശിവന്‍കുട്ടി. തന്റെ പേര് ശിവന്‍കുട്ടിയാണെന്നും സെന്‍സര്‍ ബോര്‍ഡ് എങ്ങാനും ഈ വഴി വരുമോ എന്നുമാണ് പരിഹാസ രുപേണ മന്ത്രി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
'എന്റെ പേര് ശിവന്‍കുട്ടി..സെന്‍സര്‍ ബോര്‍ഡ് എങ്ങാനും ഈ വഴി..!', എന്നായിരുന്നു ശിവന്‍കുട്ടിയുടെ പോസ്റ്റ്. മന്ത്രിയുടെ പോസ്റ്റിന് പിന്നാലെ സിനിമാ താരങ്ങള്‍ ഉള്‍പ്പടെയുള്ളവര്‍ കമന്റുകളും ലൈക്കുകളുമായി രംഗത്തെത്തി.
ജൂണ്‍ 27-ന് റിലീസ് ചെയ്യാനിരുന്ന ചിത്രമാണ് ' ജെഎസ്‌കെ:ജാനകി vsസ്റ്റേറ്റ് ഓഫ് കേരള'. സിനിമയുടേയും കഥാപാത്രത്തിന്റേയും പേരിലെ ' ജാനകി' മാറ്റണമെന്നാണ് കേന്ദ്രസെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശം. വിശ്വാസത്തെ മുറിവേല്‍പ്പിക്കുമെന്ന കാരണം ചുണ്ടിക്കാട്ടിയാണ് സെന്‍സര്‍ ബോര്‍ഡ് ആവശ്യം. പേര് മാറ്റാന്‍ രേഖാമൂലം ആവശ്യപ്പെട്ടിട്ടില്ലെന്നും വാക്കാല്‍ നിര്‍ദേശിക്കുകയായിരുന്നു എന്നുമാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്. ' ജാനകി' ഹൈന്ദവ ദൈവത്തിന്റെ പേരാണെന്നും ഹിന്ദുവിശ്വാസവുമായി ബന്ധപ്പെട്ട പേര് സിനിമയ്ക്കിടരുതെന്നും സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്.