-->
കേരളത്തിലെ സിനിമാ വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായി 3-ാം തവണയും ലിസ്റ്റിൻ സ്റ്റീഫൻ തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി സിയാദ് കോക്കറും ജനറൽ സെക്രട്ടറിയായി എസ്. എസ്.ടി സുബ്രഹ്മണ്യനും ജോയിന്റ് സെക്രട്ടറിയായി എ മാധവൻ, മുകേഷ് ആർ മേത്ത, പി എ സെബാസ്റ്റ്യൻ എന്നിവരും ട്രഷററായി വി.പി. മാധവൻ നായരും തിരഞ്ഞെടുക്കപ്പെട്ടു. ഇന്നലെ കൊച്ചിയിൽ നടന്ന വാർഷിക ജനറൽ ബോഡി മീറ്റിങ്ങിലാണ് ഭാരവാഹികളെ പ്രഖ്യാപിച്ചത്. നിലവിലുള്ള അതേ കമ്മിറ്റിയെ തന്നെയാണ് അടുത്ത ഒരു വർഷത്തേക്ക് കൂടി തെരഞ്ഞെടുത്തിരിക്കുന്നത്.
നിരവധി ഹിറ്റ് ചിത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച മാജിക് ഫ്രെയിംസ് എന്ന നിർമാണ-വിതരണ കമ്പനിയുടെയും SIFA( സൗത്ത് ഇന്ത്യൻ ഫിലിം അക്കാദമി)സൗത്ത് സ്റ്റുഡിയോസ്, സൗത്ത് ഫ്രെയിംസ് എന്നീ സ്ഥാപനങ്ങളുടെയും ഉടമയാണ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ലിസ്റ്റിൻ സ്റ്റീഫൻ. സിനിമ മേഖലയിലെ പ്രതിഭകളെ വാർത്തെടുക്കുന്ന SIFA മലയാള സിനിമയ്ക്ക് തന്നെ ഒരു മുതൽക്കൂട്ടാണ്.
2011 ൽ ‘ട്രാഫിക്’ എന്ന സിനിമ നിർമിച്ചാണ് ലിസ്റ്റിൻ നിർമാണ രംഗത്തെത്തുന്നത്. തുടർന്ന് ഉസ്താദ് ഹോട്ടൽ, ഹൗ ഓൾഡ് ആർ യു തുടങ്ങിയ സൂപ്പർഹിറ്റ് സിനിമകളിലൂടെ മലയാളത്തിലെ മുന്‍നിര നിർമാണക്കമ്പനികളിലൊന്നായി മാജിക് ഫ്രെയിംസ് മാറി.