-->
മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമാണ് അന്നുമിന്നും മമ്മൂട്ടി. പുറമേ ദേഷ്യക്കാരനാണെങ്കിലും സഹപ്രവര്‍ത്തകരോടുള്ള മമ്മൂട്ടിയുടെ പെരുമാറ്റം എപ്പോഴും എല്ലാവരും എടുത്തു പറയുന്നതാണ്. ഒരു താരമെന്നതിലുപരി നല്ല മനസ്സിന്റെ ഉടമയാണ് മമ്മൂട്ടിയെന്നും തന്റെ സഹതാരങ്ങളോടും മറ്റും ബഹുമാനം നല്‍കുന്ന രീതിയിലാണ് താരം പെരുമാറാറുള്ളതെന്നും പലരും പറഞ്ഞ് കേട്ടിട്ടുണ്ട്.
ഒരു കാലത്ത് മലയാളത്തില്‍ ശ്രദ്ധേയ കഥാപാത്രങ്ങള്‍ തുടരെ ലഭിച്ച നടിയാണ് ഗീത. എണ്‍പതുകളില്‍ മലയാളം, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളില്‍ സജീവ സാന്നിധ്യമായിരുന്ന ഗീതയുടെ പഞ്ചാഗ്നി എന്ന സിനിമയിലെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. സുഖമോ ദേവി, ക്ഷമിച്ചു എന്നൊരു വാക്ക്, ആവനാഴി, ഗീതം, ഒരു വടക്കൻ വീരഗാഥ, വാത്സല്യം തുടങ്ങിയ സിനിമകള്‍ ഗീതയെ മലയാളികള്‍ക്ക് പ്രിയങ്കരിയാക്കി. ഒരു വടക്കൻ വീരഗാഥയിലെ പ്രകടനം മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന പുരസ്കാരം ഗീതയ്ക്ക് നേടിക്കൊടുത്തു. മലയാളത്തിലെ ഗീതയുടെ ശ്രദ്ധേയ സിനിമകളില്‍ ഭൂരിഭാഗവും മമ്മൂട്ടിക്കും മോഹൻലാലിനും ഒപ്പമായിരുന്നു.
ഇപ്പോഴിതാ അമ്മവേഷങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ താരം ശാന്തകുമാരി ഗീതയെയും മമ്മൂട്ടിയെയും കുറിച്ച് സംസാരിക്കുന്നതാണ് സോഷ്യല്‍മീഡിയയിലൂടെ ശ്രദ്ധിക്കപ്പെടുന്നത്. ആവനാഴി എന്ന സിനിമ ചെയ്തപ്പോഴുള്ള ഓർമകളാണ് ശാന്തകുമാരി പങ്കുവെച്ചത്.
‘‘ആവനാഴി എന്ന സിനിമയില്‍ കാലില്‍ പഴുപ്പ് വെച്ച് കെട്ടി ചങ്ങലയ്ക്കിട്ട സീൻ. ഗീത അന്ന് അഭിനയിക്കാൻ ആദ്യമായി വരികയാണ്. ഹേ... അവരെ പുറത്തെങ്ങാനും കൊണ്ട് ഇരുത്ത്,അവരുടെ കാല് പഴുത്ത് നാറിയിരിക്കുകയല്ലേ, വൃത്തികേട് എന്ന് പറഞ്ഞു. എന്നെ അറിയില്ല. എനിക്ക് ഗീതയെയും അറിയില്ല. മമ്മൂട്ടിക്ക് ദേഷ്യം വന്നു. എന്താ പറയുന്നേ, അവർ ആർട്ടിസ്റ്റല്ലേ, നിങ്ങള്‍ പോയി പുറത്ത് നിക്കൂ എന്ന് പറഞ്ഞു. അതോടെ ഒച്ചപ്പാടും ബഹളവുമായി. അത് അവിടെ ഭയങ്കര സീനാക്കി. പുള്ളിക്കാരൻ ചീത്ത പറഞ്ഞ് എന്തൊക്കെയോ ഭയങ്കര ബഹളമുണ്ടാക്കി. എന്റെ കാലില്‍ മേക്കപ്പായിരുന്നെന്ന് ഗീതയ്ക്ക് മനസിലായിരുന്നില്ല.
അതുപോലെ അഭിനയിക്കാനറിയാത്തത് കൊണ്ടല്ല പൊക്കമില്ലാത്തത് കൊണ്ടാണ് ആ അവസരങ്ങള്‍ എനിക്ക് നഷ്ടപ്പെട്ടത്. തിലകൻ ചേട്ടനും രാജൻ പി ദേവുമൊന്നും ഉയരമില്ലാത്തതിനാല്‍ അവരുടെ ഭാര്യയായി എന്നെ അഭിനയിപ്പിക്കില്ലായിരുന്നു. ഒന്ന് രണ്ട് പടങ്ങളില്‍ നിന്നും കരഞ്ഞ് കൊണ്ട് തിരിച്ച് വന്നിട്ടുണ്ട്. വേലക്കാരിയും അമ്മയുമായാണ് മിക്ക സിനിമകളിലും അഭിനയിച്ചത്. 700 സിനിമകളിലോളം ഞാന്‍ അഭിനയിച്ചിട്ടുണ്ട്. ഇന്നിപ്പോള്‍ സിനിമകളില്ല, അവസരങ്ങള്‍ ഇല്ലാതായി...’’ ശാന്തകുമാരി പറഞ്ഞു. മമ്മൂട്ടിയെക്കുറിച്ച് ശാന്തകുമാരി പറഞ്ഞ വാക്കുകള്‍ ഏറ്റെടുക്കുകയാണ് ആരാധകര്‍.
ആരോഗ്യ പ്രശ്നങ്ങള്‍ കാരണം അഭിനയത്തില്‍ നിന്നും ചെറിയ ബ്രേക്കിലാണ് മമ്മൂട്ടിയെന്ന് മുന്‍പ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഡൊമിനിക് ആന്റ് ലേഡീസ് പഴ്സ്, ബസൂക്ക എന്നിവയാണ് മമ്മൂട്ടിയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമകള്‍. രണ്ട് സിനിമകള്‍ക്കും സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്.
കളങ്കാവല്‍ ഉള്‍പ്പെടെയുടെ മമ്മൂട്ടി ചിത്രങ്ങള്‍ റിലീസ് ചെയ്യാനുണ്ട്. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന പാട്രിയോട് എന്ന സിനിമയും അണിയറയില്‍ ഒരുങ്ങുന്നു. നയൻതാര, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസില്‍ തുടങ്ങിയ വലിയ താരനിര സിനിമയില്‍ അണിനിരക്കുന്നുണ്ട്. കഴിഞ്ഞ ദിവസം മോഹൻലാലാണ് ചിത്രത്തിന്റെ പേര് പുറത്ത് വിട്ടത്.