-->
കേന്ദ്രമന്ത്രി മാത്രമല്ല മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകമനസ്സിലിടം നേടിയ താരവും കൂടിയാണ് സുരേഷ്ഗോപി. ഇന്നും സുരേഷ്ഗോപിയിലൂടെ വെള്ളിത്തിരയിലെത്തിയ പോലീസ് കഥാപാത്രങ്ങള്‍ക്ക് ജനമനസ്സുകളില്‍ വലിയ സ്ഥാനമുണ്ട്. അച്ഛന്റെ പാത പിന്‍തുടര്‍ന്ന് മൂത്ത മകന്‍ ഗോകുല്‍ സുരേഷ് മുന്‍പേ തന്നെ സിനിമയിലെത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ച് നാളുകളായി സോഷ്യൽ മീഡിയയിൽ തരംഗമായിക്കൊണ്ടിരിക്കുന്ന യുവ താരമാണ് സുരേഷ് ഗോപിയുടെ ഇളയ മകന്‍ മാധവ് സുരേഷ്.
കുമ്മാട്ടിക്കളി എന്ന പുതിയ ചിത്രത്തിലൂടെ സിനിമാലോകത്തിലേക്ക് തന്റെ ചുവടുറപ്പിക്കാൻ ഒരുങ്ങുന്ന മാധവ് തന്റെ നിലപാടുകളും അഭിപ്രായങ്ങളും മുഖം നോക്കാതെ തുറന്നു പറയാറുണ്ട്. ചിലപ്പോഴൊക്കെ അത് വാര്‍ത്തകളിലും വിവാദങ്ങളിലും ഇടം പിടിച്ചിട്ടുമുണ്ട്.
ഇപ്പോഴിതാ തനിക്കും കുടുംബത്തിനും എതിരെ വന്നിട്ടുള്ള നെഗറ്റീവ് കമന്റുകള്‍ ചിലപ്പോഴൊക്കെ വലിയ വേദന നല്‍കാറുണ്ടെന്ന് പറയുകയാണ് മാധവ്. ആള്‍ക്കാരെ അടിച്ചമർത്താനും ആക്ഷേപിക്കാനും മാത്രമുള്ള പ്ലാറ്റ്‌ഫോമായി സോഷ്യല്‍ മീഡിയ മാറിയെന്നും ഒരു പരിധിവരെ സോഷ്യല്‍ മീഡിയയിലുള്ളവരെ പേടിച്ച് നടക്കേണ്ട അവസ്ഥയാണെന്നും മാധവ് രോഷത്തോടെ പറഞ്ഞു.
‘‘എന്റെ അച്ഛന്റെ ലൈഫ് ഹിസ്റ്ററി ട്രാക്ക് ചെയ്തുകഴിഞ്ഞാല്‍ അദ്ദേഹം എന്തൊക്കെയാണ് ചെയ്തതെന്നറിയാം. പക്ഷേ ബി ജെ പി എന്നൊരു ടാഗ് വന്നതോടുകൂടി അത് മറന്നുപോയ നാട്ടുകാരുണ്ട്. സിനിമ ചെയ്യുമ്പോള്‍ വീണ്ടും സുരേഷ് ഗോപിയാകും. അല്ലാത്തപ്പോള്‍ അച്ഛനെ പലരും വിളിക്കുന്നത് എനിക്ക് ഇവിടെ പറയാൻ പറ്റാത്ത വാക്കുകളാണ്.
ഒരു എംപിയെന്ന നിലയിലും മന്ത്രിയെന്ന നിലയിലും അദ്ദേഹം എന്തൊക്കെ ചെയ്‌തെന്ന് അന്വേഷിക്കാനൊന്നും അവർക്കാകില്ല. നെഗറ്റീവ് പറയാൻ എല്ലാവർക്കും ഇഷ്ടമാണ്. അടുത്ത ജന്മത്തില്‍ ബ്രാഹ്മണനായി ജനിച്ച് അമ്പലത്തിലൊരു പൂജാരിയായി കൊള്ളാമെന്ന് അച്ഛൻ വർഷങ്ങള്‍ക്ക് മുമ്പ് പറഞ്ഞതാണ്. തനിക്കെന്താകണമെന്ന് ഒരു മനുഷ്യന് പറയാനുള്ള സ്വാതന്ത്ര്യം ഉണ്ട്. ഇപ്പോള്‍ ഞാൻ പറയുകയാണ്, അടുത്ത ജന്മത്തിലൊരു ക്രിസ്ത്യാനിയായി ജനിക്കണമെന്ന്. അതെന്റെ അവകാശമാണ്. എന്റെ തീരുമാനമാണ്. ഞാൻ ആരെയും ദ്രോഹിക്കുന്നില്ലല്ലോ. അതിനെയും ചിലർ കളിയാക്കും.
ചില കാര്യങ്ങള്‍ വേദനിപ്പിക്കും. ഇന്നും മറക്കാത്തൊരു കാര്യമുണ്ട്. എല്ലാ ദിവസവും ഓർമവരും അത്. അങ്ങനെയാണെങ്കില്‍ നിന്റെ ഭാര്യയേയും പെണ്‍മക്കളെയും എനിക്ക് തന്നിട്ടുപോ എന്ന കമന്റ്. അവനെയൊക്കെ വീട്ടില്‍കയറി തല്ലണ്ടേ. അപ്പോള്‍ നമ്മള്‍ കുറ്റക്കാരാകും. ഇപ്പോഴും നിയന്ത്രണമില്ലാത്ത വർത്തമാനമാണ്. ഇങ്ങനെ പറയാൻ ഫെയ്ക്ക് അക്കൗണ്ടുവരെ ഉണ്ടാക്കിവച്ചവരുണ്ട്. കേള്‍ക്കുന്നവരും മക്കളാണെന്ന് ഓർക്കുന്നില്ല...’’ തന്റെ വേദന പങ്കിട്ട് അല്‍പ്പം രോഷത്തോടെ മാധവ് സുരേഷ് പറഞ്ഞു. ജെ.എസ്.കെ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായിട്ട് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മാധവ് മനസ്സ് തുറന്നത്.