-->
ചെന്നൈ: മയക്കുമരുന്ന് കേസില്‍ ശ്രീകാന്തിനു പിന്നാലെ നടന്‍ കൃഷ്ണയെയും പോലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാത്രി നുങ്കമ്പാക്കം പോലീസ് സ്റ്റേഷനില്‍ ഹാജരായ കൃഷ്ണയെ തൗസന്റ് ലൈറ്റ്‌സ് പോലീസ് സ്റ്റേഷനിലെത്തിച്ച് മണിക്കൂറുകളോളം ചോദ്യം ചെയ്തതതിനുശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
കൊക്കെയ്ന്‍ ഉപയോഗിച്ചതിന് നടന്‍ ശ്രീകാന്തിനെ തിങ്കളാഴ്ച പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ കൃഷ്ണയുടെ പേരും ഉയര്‍ന്നുവന്നു. കേരളത്തില്‍ ഒളിവിലായിരുന്നെന്നു പറയുന്ന കൃഷ്ണ ബുധനാഴ്ച വൈകീട്ടോടെ നാടകീയമായി പോലീസില്‍ കീഴടങ്ങുകയായിരുന്നു. താന്‍ മയക്കുമരുന്നിനടിമയല്ലെന്നും ഹൃദ്രോഗവും ഉദരസംബന്ധമായ അസുഖങ്ങളുമുളളതിനാല്‍ മയക്കുമരുന്ന് ഉപയോഗിക്കാന്‍ കഴിയില്ലെന്നും കൃഷ്ണ മൊഴി നല്‍കി. മയക്കുമരുന്ന് എത്തിച്ചുകൊടുത്തതിനു നേരത്തെ പിടിയിലായ അണ്ണാ ഡിഎംകെ മുന്‍ അംഗം പ്രസാദുമായി നേരിട്ട് ബന്ധമില്ലെന്നും പറഞ്ഞു.
മയക്കുമരുന്നിന് അടിമയാണോ എന്നറിയാന്‍ വൈദ്യപരിശോധന നടത്തിയതിലും കാര്യമായി ഒന്നും കെണ്ടത്താനായില്ല. പിന്നീട് കൃഷ്ണയുടെ വീട്ടിലും പരിശോധന നടത്തി. എന്നാല്‍, മൊബൈല്‍ ഫോണ്‍ പരിശോധനയിലൂടെയാണ് പോലീസിന് തെളിവുകള്‍ ലഭിച്ചത്. കൃഷ്ണ ചിലരുമായി കോഡ് ഭാഷയില്‍ ബന്ധപ്പെട്ടിരുന്നതായി ഇതില്‍ കണ്ടെത്തി. മയക്കുമരുന്നുമായി ബന്ധപ്പെട്ടതായിരുന്നു ഇതിലെ ആശയവിനിമയം. മാത്രമല്ല, തന്റെ കാര്‍ ഡ്രൈവറുടെ മൊബൈല്‍ ഫോണ്‍ നമ്പറിലൂടെ ബന്ധപ്പെട്ട് കൃഷ്ണ മയക്കുമരുന്ന് വാങ്ങിയതായും കണ്ടെത്തി. ഇതേത്തുടര്‍ന്നായിരുന്നു അറസ്റ്റ്.
അറസ്റ്റിലായ നടന്‍ ശ്രീകാന്തിനെ ജൂലായ് ഏഴുവരെ പുഴല്‍ ജയിലിലടച്ചിരിക്കുകയാണ്. കൊക്കെയ്ന്‍ െകെവശം വെച്ചതിന് അറസ്റ്റിലായ പ്രദീപ്, ഘാന സ്വദേശി ജോണ്‍ എന്നിവര്‍ പിടിയിലായതിനു പിന്നാലെയാണ് അന്വേഷണം തുടങ്ങിയത്. അണ്ണാ ഡിഎംകെ മുന്‍ അംഗം പ്രസാദിന് മയക്കുമരുന്നു കേസില്‍ പങ്കുളളതിനാല്‍ രാഷ്ട്രീയബന്ധങ്ങളും വിശദമായി അന്വേഷിക്കുന്നുണ്ട്. ചില രാഷ്ട്രീയനേതാക്കള്‍ക്കും മയക്കുമരുന്നു റാക്കറ്റുകളുമായി ബന്ധമുണ്ടെന്നും സൂചന ലഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ സിനിമ- രാഷ്ട്രീയ രംഗത്തുനിന്നുളള ചിലരെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചതായി പോലീസ് അറിയിച്ചു.