Thursday, March 19, 2026 Last Updated 10 Min 58 Sec ago English Edition
Todays E paper
Ads by Google
Thursday 19 Mar 2026 02.08 PM

‘അനുവാദമില്ലാതെ ഹിന്ദി പതിപ്പ് ഇറക്കി; മൊഴിമാറ്റിയതിനെക്കുറിച്ച് യാതൊരു അറിവുമില്ല; അശ്ലീലമാണെന്ന് അറിഞ്ഞപ്പോള്‍ പ്രതിഷേധമറിയിച്ചു...’ വിവാദത്തിൽ പ്രതികരിച്ച് നോറ ഫത്തേഹി

സഞ്ജയ് ദത്തും നോറ ഫത്തേഹിയും അഭിനയിച്ച കന്നഡ സിനിമ കെഡി: ദി ഡെവിളിലെ ‘സർക്കെ ചുനാർ തേരി സർക്കെ’ എന്ന ഗാനം ഇക്കഴിഞ്ഞ ദിവസം പിന്‍വലിച്ചിരുന്നു. ഇപ്പോഴിതാ ഗാനത്തെച്ചൊല്ലിയുള്ള വിവാദങ്ങളിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നോറ ഫത്തേഹി.
Nora Fatehi, 'Sarke Chunar Teri Sarke' song
Nora Fatehi reacts to viral hindi version of Sarke Chunar Teri Sarke (Image Source: Instagram)

ഇക്കഴിഞ്ഞ ദിവസമാണ് കന്നഡ സിനിമ കെഡി: ദി ഡെവിളിലെ ‘സർക്കെ ചുനാർ തേരി സർക്കെ’ എന്ന ഗാനം ആരാധകര്‍ക്ക് മുന്നിലെത്തിയത്. സഞ്ജയ് ദത്തും നോറ ഫത്തേഹിയും അഭിനയിച്ച ഈ ഗാനം ഇറങ്ങിയതു മുതൽ വരികളിലെ ലൈംഗികച്ചുവയെ സംബന്ധിച്ച് ആരോപണം ശക്തമായിരുന്നു. മാർച്ച് 14ന് പുറത്തിറങ്ങിയ പാട്ടിനെതിരെ ദേശീയ മനുഷ്യാവകാശ കമ്മിഷൻ നോട്ടീസയച്ചിരുന്നു. അശ്ലീല വരികൾ എന്ന ആരോപണം വലിയ രീതിയില്‍ ഉയർന്നതിനു പിന്നാലെ പാട്ട് പിന്‍വലിച്ചിരിക്കുകയാണ്.
ഇപ്പോഴിതാ ഗാനത്തെച്ചൊല്ലിയുള്ള വിവാദങ്ങളിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നോറ ഫത്തേഹി. ഗാനത്തിനെതിരെ ഉയർന്ന ജനരോഷത്തിന് നന്ദി പറഞ്ഞ താരം പ്രതിഷേധം ശക്തമായതിനെത്തുടർന്ന് അണിയറപ്രവർത്തകർ ഗാനം പിൻവലിച്ചതിൽ താൻ സന്തുഷ്ടയാണെന്നും വ്യക്തമാക്കി.
‘‘മൂന്ന് വർഷം മുമ്പ് കന്നഡ ഭാഷയിലാണ് ഈ ഗാനം ചിത്രീകരിച്ചത്. സഞ്ജയ് ദത്തിനെപ്പോലൊരു വലിയ താരത്തോടൊപ്പം അഭിനയിക്കാനുള്ള അവസരമായതിനാലാണ് ഞാന്‍ അതിന് സമ്മതിച്ചത്. എന്നാൽ ഈ ഗാനം ഹിന്ദിയിലേക്ക് മൊഴിമാറ്റിയതിനെക്കുറിച്ചോ, അതിൽ ഉപയോഗിച്ച വരികളെക്കുറിച്ചോ എനിക്ക് യാതൊരു അറിവുമില്ലായിരുന്നു. എന്റെ അനുവാദമില്ലാതെയാണ് ഹിന്ദി പതിപ്പ് പുറത്തിറക്കിയത്.
ഹിന്ദി പതിപ്പിലെ വരികൾ അശ്ലീലമാണെന്ന് തിരിച്ചറിഞ്ഞപ്പോൾ തന്നെ ഞാൻ സംവിധായകനോട് പ്രതിഷേധം അറിയിച്ചിരുന്നു. എന്റെ പ്രതിച്ഛായയെ ബാധിക്കുന്ന ഇത്തരം ഉള്ളടക്കങ്ങളിൽ നിന്ന് ഞാൻ നേരത്തെ തന്നെ വിട്ടുനിന്നിരുന്നു. സിനിമയുടെ പ്രമോഷൻ പരിപാടികളിൽ പങ്കെടുത്തിരുന്നില്ല. പാട്ടിന്റെ ലോഞ്ച് വേളയിൽ ഉപയോഗിച്ച ചില ചിത്രങ്ങൾ മോശമായ രീതിയിലുള്ളതാണെന്ന് കണ്ടപ്പോൾ തന്നെ ഞാൻ അസ്വസ്ഥയായിരുന്നു.
ഇത്തരം ഉള്ളടക്കങ്ങൾ നിർമ്മിക്കുന്ന സംവിധായകരും നിർമ്മാതാക്കളും ഉത്തരവാദിത്തം കാണിക്കണം. താരങ്ങളുടെ പേര് ദുരുപയോഗം ചെയ്യരുത്, ഇത്തരം കാര്യങ്ങളിൽ ഞാൻ ഇനി മുതൽ കൂടുതൽ ശ്രദ്ധാലുവായിരിക്കും...’’ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോ സന്ദേശത്തിൽ നോറ പറഞ്ഞു
‘‘ഞാൻ ഇത് അംഗീകരിക്കുന്നുവെന്ന് ആരെങ്കിലും കരുതുന്നത് എനിക്ക് ഇഷ്ടമല്ല.. ഈ സമ്മർദ്ദം കാരണം സിനിമാ നിർമ്മാതാക്കൾ ഭാഗ്യവശാൽ അത് പിൻവലിച്ചു. എല്ലാവരും പാട്ട് ഷെയർ ചെയ്യുന്നത് നിർത്തണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു, കാരണം നിങ്ങൾ അനാവശ്യമായി ഇതിന് ഒരു വേദി നൽകുന്നു.
ഒരു വശത്ത് നിങ്ങളിൽ ചിലർ ഇത് എന്റെ കഥാപാത്രത്തെ ആക്രമിക്കാനുള്ള അവസരമായി ഉപയോഗിക്കാൻ ശ്രമിക്കുന്നത് ഞാൻ കാണുന്നു.. ഇത് നിർഭാഗ്യകരമാണ്...
എന്തായാലും ഞാനും എന്റെ ടീമും ഭാവിയിൽ ഇത്തരം സാഹചര്യങ്ങളിൽ കൂടുതൽ ശ്രദ്ധാലുവായിരിക്കും,ജാഗ്രത പുലർത്തും. എന്നിരുന്നാലും ഞാൻ ആവർത്തിക്കാൻ ആഗ്രഹിക്കുന്നു, ഈ ഹിന്ദി ഗാനത്തെക്കുറിച്ച് എനിക്ക് യാതൊരു ധാരണയും ഉണ്ടായിരുന്നില്ല, ഞാൻ അതിൽ അഭിനയിച്ചിട്ടില്ല, എന്റെ ഇമേജിനൊപ്പം ഇത് ഉപയോഗിക്കാൻ അനുമതി വാങ്ങിയിട്ടില്ല എന്ന് ഞാൻ വീണ്ടും ആവർത്തിക്കുന്നു...’’ എന്ന ക്യാപ്ഷനൊപ്പമാണ് നോറ ഫത്തേഹിയുടെ വീഡിയോ.

സിനിമയുടെ സംവിധായകൻ പ്രേം, വരികൾക്ക് ഈണം നൽകിയ അർജുൻ ജന്യ, ഗായിക മംഗ്ലി എന്നിവർക്കെതിരേ പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തണമെന്നാണ് ആവശ്യം. വിഷയം ഇൻഫോർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിന്റെ ശ്രദ്ധയിലും പെടുത്തിയിട്ടുണ്ട്. റഖീബ് ആലമാണ് ഗാനത്തിന്റെ വരികളെഴുതിയത്. ഗാനത്തിന്റെ വരികളെല്ലാം കന്നഡയിൽ നിന്ന് മൊഴി മാറ്റിയതാണെന്നാണ് ഗാനരചയിതാവ് റഖീബ് ആലം വാദിക്കുന്നത്. അതേ സമയം ചിത്രത്തിന്റെ കന്നഡ, തമിഴ്, തെലുങ്കു, മലയാളം പാട്ടുകൾ ഓൺലൈനിൽ തുടരും.

Ads by Google
Ads by Google
LATEST NEWS
TRENDING NOW