-->
വിജയ് ചിത്രം ജനനായകന്റെ റിലീസ് പ്രതിസന്ധി തുടരുകയാണ്. പൊങ്കലിന് തിയേറ്ററുകളിലെത്തേണ്ടിയിരുന്ന സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാതിരുന്നതോടെയാണ് കോടതി കയറേണ്ടിവന്നത്. ഇപ്പോഴിതാ ജനനായകന്‍ സെന്‍സര്‍ ബോര്‍ഡ് റിവൈസിങ് കമ്മിറ്റി വീണ്ടും വിലയിരുത്തി. ചൊവ്വാഴ്ച മുംബൈയില്‍വെച്ചായിരുന്നു ഇവര്‍ സിനിമ കണ്ടത്.
സിനിമയില്‍ രാഷ്ട്രീയപരാമര്‍ശങ്ങള്‍ ഉളളതിനാല്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഉദ്യോഗസ്ഥര്‍ പുനഃപരിശോധിക്കണമെന്ന് സെന്‍സര്‍ ബോര്‍ഡ് ശുപാര്‍ശ ചെയ്തു. ഇതോടെ, ' ജനനായക' ന്റെ റിലീസ് സംബന്ധിച്ച അന്തിമ തീരുമാനം ഇനി തിരഞ്ഞെടുപ്പ് കമ്മിഷനു മുന്നിലാണ്. ഇലക്ഷന് ശേഷം മെയ് മാസത്തില്‍ സിനിമ പുറത്തിറക്കാന്‍ സാധിക്കുമെന്നാണ് അണിയറപ്രവര്‍ത്തകരുടെ വിശ്വാസം. സിനിമ ജനുവരി 9ന് പൊങ്കല്‍ റിലീസായി തിയേറ്ററുകളിലെത്തുമെന്നാണ് ആദ്യം പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ബോര്‍ഡ് വിസമ്മതിക്കുകയും തുടര്‍ന്ന് സിനിമയുടെ റിലീസ് അനിശ്ചിതത്വത്തിലാവുകയും ചെയ്തു. സിനിമയ്ക്ക് ' യു/എ' സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് മദ്രാസ് ഹൈക്കോടതി നേരത്തെ റദ്ദാക്കിയിരുന്നു.
എച്ച് വിനോദ് ആണ് ജനനായകന്‍ സംവിധാനം ചെയ്യുന്നത്. രാഷ്ട്രീയ പ്രവേശത്തിലേക്ക് കടക്കുന്ന വിജയ്‌യുടെ അവസാന ചിത്രമാണിത്. ബോബി ഡിയോള്‍, പൂജാ ഹെഡ്‌ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോന്‍, നരേന്‍, പ്രിയാമണി, മമിതാ ബൈജു തുടങ്ങി വന്‍ താരനിരയാണ് ജനനായകനില്‍ അണിനിരക്കുന്നത്. കെ വി എന്‍ പ്രൊഡക്ഷന്റെ ബാനറില്‍ വെങ്കട് നാരായണ നിര്‍മിക്കുന്ന ചിത്രത്തിന് ജഗദീഷ് പളനിസ്വാമിയും ലോഹിത് എന്‍ കെയുമാണ് സഹനിര്‍മാണം.