-->
ചെന്നൈ: മയക്കുമരുന്ന് കേസില്‍ നടന്‍ ശ്രീകാന്ത് അറസ്റ്റിലായതിന് പിന്നാലെ കോളിവുഡിലെ ലഹരി ഉപയോഗത്തെക്കുറിച്ച് പോലീസ് വിപുലമായ അന്വേഷണം തുടങ്ങി. കേരളം ഉള്‍പ്പെടെ അയല്‍സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിക്കും.
ശ്രീകാന്തിനു പിന്നാലെ കൊക്കെയ്ന്‍ പങ്കിട്ടുവെന്നു പറയുന്ന ' ഈഗിള്‍' എന്ന സിനിമയില്‍ അഭിനയിച്ച നടന്‍ കൃഷ്ണയെ പിടികൂടാനുളള ശ്രമത്തിലാണ് ഇപ്പോള്‍ പോലീസ്. മൊബൈല്‍ ഫോണ്‍ ഓഫാക്കി ഒളിവില്‍ക്കഴിയുന്ന കൃഷ്ണയെ പിടികൂടാന്‍ അഞ്ച് പ്രത്യേക പോലീസ് സംഘത്തെ നിയോഗിച്ചു. കൃഷ്ണ കേരളത്തിലുണ്ടെന്നാണ് സംശയിക്കുന്നത്. അവിടെ കൃഷ്ണയുമായി അടുപ്പമുളളവരെ പോലീസ് കണ്ടെത്തും.
മലയാള സിനിമയില്‍ ലഹരി ഉപയോഗിക്കുന്നവരുമായി കൃഷ്ണയ്ക്കു ബന്ധമുണ്ടോയെന്നും സംശയിക്കുന്നുണ്ട്. കൃഷ്ണയെ അറസ്റ്റുചെയ്താല്‍ സിനിമാരംഗത്തെ ലഹരി ഉപയോഗത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരും. ചെന്നൈയില്‍ ചലച്ചിത്രമേളകളിലും സ്വകാര്യചടങ്ങുകളിലും മറ്റും വ്യാപകമായി കൊക്കെയ്ന്‍ ഉപയോഗിച്ചതായും പോലീസിന് തെളിവുലഭിച്ചു.
തമിഴ് സിനിമയിലെ പലനടന്മാരും നടികളും മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെ പട്ടികയിലുണ്ടെന്നാണ് വിവരം. തുടക്കത്തില്‍ ചെന്നൈ കേന്ദ്രീകരിച്ച് ആരംഭിച്ച അന്വേഷണം ഇനി കൊച്ചിയിലേക്കും ബെംഗളൂരുവിലേക്കും ഹൈദരാബാദിലേക്കും വരെ നീളാനുളള സാധ്യതയുണ്ടെന്നാണ് പോലീസ് പറയുന്നത്. അന്വേഷണം അടുത്തഘട്ടത്തിലേക്ക് നീങ്ങുകയാണെന്നും വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുകളുണ്ടാകുമെന്നുമാണ് പോലീസ് പറയുന്നത്.
ശ്രീകാന്തിനെ ജൂലായ് ഏഴുവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. കൂടുതല്‍ അന്വേഷണത്തിനായി ഇയാളെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും. 43 തവണയായി അഞ്ചുലക്ഷം രൂപയ്ക്ക് ശ്രീകാന്ത് കൊക്കെയ്ന്‍ വാങ്ങിയതായാണ് പോലീസിനു ലഭിച്ച വിവരം. സാമ്പത്തിക ഇടപാടുകള്‍ സ്ഥിരീകരിക്കുന്ന ഡിജിറ്റല്‍ പണമിടപാടു വിവരങ്ങള്‍, വില്‍പ്പനക്കാരുമായുളള മൊബൈല്‍ സന്ദേശങ്ങള്‍ തുടങ്ങിയവ കണ്ടെടുത്തിട്ടുണ്ട്.
പലതാരങ്ങള്‍ക്കും ശ്രീകാന്ത് കൊക്കെയ്ന്‍ നല്‍കിയതായും കണ്ടെത്തിയിരുന്നു. െകാക്കെയ്ന്‍ കൈവശംവെച്ചതിന് പ്രദീപ്, ഘാന സ്വദേശി ജോണ്‍ എന്നിവര്‍ പിടിയിലായതിനുപിന്നാലെയാണ് അന്വേഷണം ശ്രീകാന്തിലേക്കെത്തുന്നത്. അറസ്റ്റിലായ അണ്ണാ ഡിഎംകെ മുന്‍ അംഗം പ്രസാദാണ് ശ്രീകാന്തിന്റെ പേരുവെളിപ്പെടുത്തുന്നത്. പ്രസാദ് നിര്‍മിച്ച സിനിമയില്‍ ശ്രീകാന്ത് അഭിനയിച്ചിരുന്നു. ഈ സമയത്താണ് കൊക്കെയ്ന്‍ ഉപയോഗം തുടങ്ങിയത്. രക്തപരിശോധനയില്‍ ശ്രീകാന്ത് മയക്കുമരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയാണ് അറസ്റ്റ്.