-->
വാഹനപ്രേമികളുടെ പ്രിയപ്പെട്ട ഹാച്ച്ബാക്കായ മിനി കൂപ്പര്‍ S സ്വന്തമാക്കി മലയാളികളുടെ പ്രിയപ്പെട്ട സംഗീത സംവിധായകന്‍ ഹിഷാം അബ്ദുള്‍ വഹാബ്. കൊച്ചിയിലെ ഇവിഎം മിനി ഷോറൂമില്‍ നിന്നാണ് ഹിഷാം വാഹനം ഡെലിവറി എടുത്തിരിക്കുന്നത്. ഭാര്യയയോടൊപ്പം എത്തിയാണ് വാഹനം സ്വന്തമാക്കാന്‍ എത്തിയത്. മിനി കൂപ്പര്‍ S ഹാച്ച്ബാക്കിന്റെ ഓഷിന്‍ വേവ് ഗ്രീന്‍ എന്ന നിറമാണ് ഹിഷാം തെരഞ്ഞെടുത്തിരിക്കുന്നത്. ജര്‍മന്‍ വാഹന ഭീമനായ ബിഎംഡബ്ല്യുവിന്റെ ഉടമസ്ഥതയിലുള്ള ബ്രീട്ടീഷ് കാര്‍ നിര്‍മാതാക്കളായ മിനി പുറത്തിറക്കുന്ന ഈ മോഡല്‍ സെലിബ്രിറ്റികളുടെ ഫേവറിറ്റുകളില്‍ ഒന്നാണ്.
മിനി കൂപ്പര്‍ S എന്നത് മിനി കൂപ്പര്‍ മോഡല്‍ നിരയിലെ പെട്രോള്‍ വേരിയന്റാണ്. 4 സീറ്റര്‍ ഹാച്ച്ബാക്ക് കാറിന്റെ എക്സ്ഷോറൂം വില 44.90 ലക്ഷം രൂപയാണ്. ഇതിന്റെ ഓണ്‍റോഡ് വില ഏകദേം 57.49 ലക്ഷം രൂപയാകും. 201 bhp പവറും 300 Nm പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കാന്‍ ശേഷിയുള്ള 2.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് ഈ ഹാച്ച്ബാക്ക് മോഡലിന്റെ ഹൃദയം. ഏഴ് സ്പീഡ് DCT ഓട്ടോമാറ്റിക് ഗിയര്‍ബോക്സാണ് വാഹനത്തിന്റെ ട്രാന്‍സ്മിഷന്‍ ഡ്യൂട്ടികള്‍ കൈകാര്യം ചെയ്യുന്നത്. പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ വെറും 6.7 സെക്കന്‍ഡുകള്‍ മതി. ലിറ്ററിന് 16.58 കിലോമീറ്റര്‍ വരെ മൈലേജ് ലഭിക്കുമെന്നും മിനി അവകാശപ്പെടുന്നു.
1959-ലെ ഒറിജിനല്‍ കൂപ്പറില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് മിനി കൂപ്പറിന്റെ പുതുതലമുറയെയും ഡിസൈന്‍ ചെയ്തിരിക്കുന്നത്. പുതിയ 9.4 ഇഞ്ച് റൗണ്ട് OLED ടച്ച്‌സ്‌ക്രീനാണ് പ്രധാന ആകര്‍ഷണം, അതോടൊപ്പം ഹെഡ്‌സ് -അപ്പ് ഡിസ്‌പ്ലേ, ഇലക്ട്രിക്കലി അഡ്ജസ്റ്റബിള്‍ ഫ്രണ്ട് സീറ്റുകള്‍, ഡ്രൈവര്‍ സീറ്റിന് മസാജ് ഫംഗ്ഷന്‍, ആംബിയന്റ് ലൈറ്റിംഗ്, ഹര്‍മന്‍ കാര്‍ഡണ്‍ സൗണ്ട് സിസ്റ്റം, കണക്റ്റഡ് കാര്‍ ടെക്, ആറ് എയര്‍ബാഗുകള്‍, ലെവല്‍ 1 ADAS സ്യൂട്ട്, ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക് എന്നിവ മറ്റ് പ്രധാന സവിശേഷതകളില്‍ ഉള്‍പ്പെടുന്നു.