-->
നടന്‍ സുരേഷ് ഗോപി നായകനായ ' ജെഎസ്‌കെ: ജാനകി vs സ്റ്റേറ്റ് ഓഫ് കേരള' എന്ന ചിത്രവുമായി ബന്ധപ്പെട്ട പേരുമാറ്റവിവാദത്തില്‍ നിലപാട് വ്യക്തമാക്കി ചിത്രത്തിന്റെ കോ റൈറ്ററായ വിഷ്ണു വംശ. ജാനകി എന്ന പേര് മാറ്റി സിനിമ റിലീസ് ചെയ്യാനുളള ഉദ്ദേശം സംവിധായകനില്ലെന്ന് അദ്ദേഹം പ്രതികരിച്ചു.
''ഒരു സിനിമയുടെ റിലീസ് വ്യക്തമായ കാരണത്താല്‍ സെന്‍സര്‍ ബോര്‍ഡ് തടയുന്നത് പുതിയ കാര്യമല്ല. പലപ്പോഴായി അത്തരത്തിലുള്ള സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ബോര്‍ഡിന്റെ നിര്‍ദ്ദേശം പാലിക്കപ്പെട്ട് റിലീസ് ചെയ്തിട്ടുമുണ്ട്. അവിടെ ബോര്‍ഡ് നല്‍കുന്ന നിര്‍ദ്ദേശം യുക്തിക്കു നിരക്കുന്നതും സിനിമയുടെ എഫര്‍ട്ടിനെ ബാധിക്കാത്തതും കൂടിയാകണമെന്നത് ജനാധിപത്യ മര്യാദയാണ്.
ജെഎസ്‌കെ(ജാനകി vs സ്റ്റേറ്റ് ഓഫ് കേരള) എന്ന സിനിമയിലെ 'ജാനകി'യെ ഒഴിവാക്കണമെന്നതാണ് നിര്‍ദ്ദേശം. സിനിമയുടെ പേരില്‍ നിന്ന് മാത്രമല്ല, കഥാപാത്രത്തിന്റെ ജാനകി എന്ന പേര് തന്നെ ഒഴിവാക്കണം. സിനിമയെ സംബന്ധിച്ച് ജാനകി ടൈറ്റില്‍ ക്യാരക്ടര്‍ മാത്രമല്ല, കേന്ദ്ര സ്ത്രീ കഥാപാത്രം കൂടിയാണ്. സിനിമയിലുടനീളം ജാനകി എന്ന പേര് ഉപയോഗിക്കുന്നതിനാല്‍ പൂര്‍ണമായും നീക്കാന്‍ സാധ്യമല്ല.
ഇതിനിടെ സിനിമയുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു വിഭാഗം പേരുടെ വിരുദ്ധാഭിപ്രായങ്ങള്‍ വേറെ. പബ്ലിസിറ്റി സ്ട്രേറ്റര്‍ജി ആണത്രേ. സകല പ്രതിബന്ധങ്ങളെയും അതിജീവിച്ച് കോടികള്‍ മുടക്കി പ്രമോഷന്‍ നടത്തി കൊണ്ടിരിക്കുന്ന ഘട്ടത്തില്‍ റിലീസിനെ ബാധിക്കുന്ന തരത്തിലുള്ള പ്രമോഷന്‍ ഏതെങ്കിലും ഒരു ഫിലിം മേക്കര്‍ പ്രോത്സാഹിപ്പിക്കുമോ?
മറ്റൊന്ന്, കേന്ദ്ര മന്ത്രിയുടെ പടം ആയിട്ടും സെന്‍സറിംഗ് ഇഷ്യൂ വന്നതിനെപ്പറ്റി. വെറുമൊരു സിനിമയ്ക്ക് വേണ്ടി ഇത്രയധികം സ്വാധീനം ചെലുത്താന്‍ പറ്റുന്ന കേവലം നിലവാരം കുറഞ്ഞ നിയമ സംവിധാനമാണോ ഇവിടെയുള്ളത്. സെന്‍സര്‍ ബോര്‍ഡ് എന്നത് ഒരു ഓട്ടോണിമസ് ബോഡി ആണെന്നുള്ളത് പോലും മനസിലാക്കുന്നില്ല.
2018 ലാണ് സിനിമയുടെ സബ്ജക്ട് ആദ്യമായി എന്നോട് സംവിധായകന്‍ പ്രവീണ്‍ ചേട്ടന്‍ കമ്യൂണിക്കേറ്റ് ചെയ്യുന്നത്. അന്ന് മുതല്‍ ജാനകിയെ എത്രത്തോളം ആത്മാര്‍ഥതയോടെ അദ്ദേഹം മനസ്സില്‍ കൊണ്ട് നടക്കുന്നു എന്നത് സംബന്ധിച്ച് വ്യക്തമായ ബോധ്യം എനിക്കുണ്ട്. ആ സിനിമയെ പ്രമോഷന്റെ പേരില്‍ വിവാദത്തിലേക്ക് തള്ളി വിടാന്‍ മാത്രം വിഡ്ഢി അല്ല അയാള്‍. കാരണം നമ്മുടെ കോണ്ടന്റ് അത്ര സ്‌ട്രോങ് ആണ്. മാത്രമല്ല, സിനിമ ഇറങ്ങേണ്ടത് മറ്റാരെക്കാളും അയാളുടെ ആവശ്യമാണ്. അങ്ങനെ ഒരു സാഹചര്യത്തില്‍ പരമാവധി വേഗത്തില്‍ സിനിമ ഇറക്കുക എന്നത് മാത്രമാണ് അയാളുടെ ലക്ഷ്യം. ഏഴ് വര്‍ഷമായി അയാള്‍ ശ്രമിച്ച് കൊണ്ടിരിക്കുന്നതും അതിനു വേണ്ടിയാണ്.
NB: സെന്‍സര്‍ ബോര്‍ഡ് പറഞ്ഞത് പോലെ ജാനകി എന്ന പേര് മാറ്റി ഈ സിനിമ റിലീസ് ചെയ്യാനുള്ള ഉദ്ദേശം പ്രവീണ്‍ ചേട്ടനില്ല. ജാനകി എന്നുമെപ്പോഴും ജാനകി മാത്രമാണ്. 2018 മുതല്‍ താലോലിച്ച ഒരു കഥാപാത്രത്തിന്റെ ഏറ്റവും വലിയ ഐഡന്റിറ്റി ആയ പേര് മാറ്റിയുള്ള റിലീസ് പ്രതീക്ഷിക്കേണ്ട. അത്തരമൊരു നീക്കം അയാളുടെ ഭാഗത്ത് നിന്നോ അയാള്‍ക്കൊപ്പം നില്‍ക്കുന്ന ഞങ്ങളുടെ ഭാഗത്ത് നിന്നോ ഉണ്ടാകില്ല''.
ജൂണ്‍ 27-ന് റിലീസ് ചെയ്യാനിരുന്ന ചിത്രമാണ് ' ജെഎസ്‌കെ:ജാനകി vsസ്റ്റേറ്റ് ഓഫ് കേരള'. സിനിമയുടേയും കഥാപാത്രത്തിന്റേയും പേരിലെ ' ജാനകി' മാറ്റണമെന്നാണ് കേന്ദ്രസെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശം. വിശ്വാസത്തെ മുറിവേല്‍പ്പിക്കുമെന്ന കാരണം ചുണ്ടിക്കാട്ടിയാണ് സെന്‍സര്‍ ബോര്‍ഡ് ആവശ്യം. പേര് മാറ്റാന്‍ രേഖാമൂലം ആവശ്യപ്പെട്ടിട്ടില്ലെന്നും വാക്കാല്‍ നിര്‍ദേശിക്കുകയായിരുന്നു എന്നുമാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്. ' ജാനകി' ഹൈന്ദവ ദൈവത്തിന്റെ പേരാണെന്നും ഹിന്ദുവിശ്വാസവുമായിബന്ധപ്പെട്ട പേര് സിനിമയ്ക്കിടരുതെന്നും സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്.