-->
തിരുവനന്തപുരം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഏറ്റ വന്‍ തോല്‍വിയില്‍ ഇടതുമുന്നണിക്കുള്ളില്‍ തന്നെ ഭിന്നത. ഇന്നലെ നടന്ന സംസ്ഥാന എക്‌സിക്യുട്ടീവില്‍ സിപിഐ ഉയര്‍ത്തിയ വന്‍ വിമര്‍ശനം ഇന്ന് നടക്കുന്ന സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടേറിയേറ്റിലും ചര്‍ച്ചയായേക്കും. മണ്ഡലത്തിന്റെ സ്വഭാവം അറിയാതെ മുഖ്യമന്ത്രിയും പാര്‍ട്ടിസെക്രട്ടറിയും അടക്കമുള്ളവര്‍ വ്യാപകമായി എത്തി പ്രചരണം നടത്തുകയായിരുന്നു എന്നും സിപിഐയെ നിലമ്പൂരിലെ തെരഞ്ഞെുപ്പുമായി ബന്ധപ്പെട്ട ഒരു കാര്യത്തിലും ഉള്‍പ്പെടുത്തിയില്ലെന്നും പറഞ്ഞു.
നിലമ്പൂര്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്ന കാര്യം പോലും തങ്ങളുമായി ആലോചിച്ചിട്ടില്ലെന്നും പ്രചരണത്തില്‍ ഒരിടത്തും പങ്കെടുപ്പിച്ചിട്ടില്ലെന്നുമായിരുന്നു ഇന്നലെ സിപിഐ സംസ്ഥാന എക്‌സിക്യുട്ടീവ് യോഗത്തില്‍ ഉയര്‍ന്ന വിമര്‍ശനം. സ്ഥാനാര്‍ത്ഥി എം സ്വരാജാണെന്ന് തങ്ങള്‍ അറിഞ്ഞത് പോലുമെന്നും വിമര്‍ശനം ഉയര്‍ന്നു. നിലമ്പൂരിലെ പ്രചരണം തീരുമാനിച്ചത് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും വിജയരാഘവനും ചേര്‍ന്നായിരുന്നു. അവര്‍ പറഞ്ഞതിന് അനുസരിച്ചാണ് കാര്യങ്ങള്‍ നീങ്ങിയത് തങ്ങളെ ഒരിടത്തും അടുപ്പിച്ചില്ല. ഇതില്‍ തന്നെ തന്ത്രപരമായി പാളിച്ചയുണ്ടായെന്നും വിമര്‍ശനം ഉയര്‍ന്നു.
പ്രചരണം നടക്കുമ്പോള്‍ എം.വി. ഗോവിന്ദന്‍ നടത്തിയ ആര്‍എസ്എസ് പ്രസ്താവന തിരിച്ചടിയാകുകയും ചെയ്തു. എങ്ങിനെ പ്രചരണം നടത്തണമെന്ന കാര്യം പോലും ചര്‍ച്ച ചെയ്തിട്ടില്ല. എ.വിജയരാഘവന്‍ പ്രചരണം നിശ്ചയിക്കുകയും എം.വി. ഗോവിന്ദനുമായി ചര്‍ച്ച ചെയ്തു നടപ്പാക്കുകയും ചെയ്തു. പിന്നാലെ ഒരു പറ്റം നേതാക്കളും എകെജി സെന്ററില്‍ എത്തി. എന്നാല്‍ സിപിഐ യുടെ നിലമ്പൂര്‍, എടക്കര, മലപ്പുറം ഏരിയാ കമ്മറ്റികള്‍ക്കൊന്നും ഒരു റോളും ഇല്ലായിരുന്നെന്നും വിമര്‍ശിച്ചു. മണ്ഡലത്തെക്കുറിച്ച് പഠനം നടത്താതെ കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങളില്‍ നടത്തുന്ന അതേ പ്രചരണതന്ത്രമാണ് നിലമ്പൂരിലും നടത്തിയതെന്നും സിപിഐ വിലയിരുത്തി.
സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റില്‍ നിലമ്പൂര്‍ തോല്‍വി സംബന്ധിച്ച വിഷയം ഗൗരവമായി ചര്‍ച്ച ചെയ്യും. പിന്നാലെ നാളെ നടക്കുന്ന സംസ്ഥാന സമിതിയിലും വിഷയം ചര്‍ച്ച ചെയ്‌തേക്കും. എം.വി. ഗോവിന്ദന്റെ പ്രസ്താവന ഉള്‍പ്പെടെയുള്ള കാര്യം ചര്‍ച്ചയില്‍ വന്നേക്കും. മന്ത്രിസഭായോഗവും തെരഞ്ഞെടുപ്പ് പ്രചരണം വലിയ ചര്‍ച്ചയായി മാറും.