-->
തിരുവനന്തപുരം: പി വി അന്‍വറിനെ യുഡിഎഫിനൊപ്പം കൂട്ടാന്‍ താനും പി കെ കുഞ്ഞാലിക്കുട്ടിയും അവസാനം വരെ ശ്രമിച്ചിരുന്നതായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇതിനായി കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ശ്രമം നടക്കാതെ പോയി. അന്‍വര്‍ കൂടെയുണ്ടായിരുന്നെങ്കില്‍ ഇതിനേക്കാള്‍ വലിയ മാര്‍ജിനിലുള്ള വിജയം യുഡിഎഫിന് ലഭിക്കുമായിരുന്നു. 25,000 വോട്ടിന്റെ ഭൂരിപക്ഷമാണ് താന്‍ പറഞ്ഞത്. അന്‍വര്‍ ഒപ്പമുണ്ടായിരുന്നെങ്കില്‍ അതിലേക്ക് എത്തിയേനെയെന്ന് രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
ഇടതുമുന്നണി സര്‍ക്കാരിനെതിരെ നിലപാട് സ്വീകരിക്കുന്നവരെ കൂടെക്കൂട്ടുക എന്നതാണ് യുഡിഎഫ് നയം. ഇതിന്റെ ഭാഗമായാണ് സര്‍ക്കാരിനെതിരെ നിലപാട് സ്വീകരിച്ച അന്‍വറിനെയും കൂടെക്കൂട്ടാന്‍ ശ്രമിച്ചത്. ഇനി പി വി അന്‍വറിനെ മുന്നണിയില്‍ കൂടെ കൂട്ടുമോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, അത് യുഡിഎഫ് മുന്നണി യോഗം ചേര്‍ന്നാണ് തീരുമാനമെടുക്കേണ്ടത്. താന്‍ മാത്രമായി അഭിപ്രായം പറയേണ്ട കാര്യമല്ലെന്നും ചെന്നിത്തല പറഞ്ഞു. ജനങ്ങള്‍ ഈ ഇടതു സര്‍ക്കാരിനെ വെറുത്തിരിക്കുകയാണ്. സര്‍ക്കാരിനെതിരായ ഭരണവിരുദ്ധ വികാരമാണ് നിലമ്പൂരില്‍ കണ്ടത്.