-->
നിലമ്പൂര്‍: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ ആദ്യ മണിക്കൂര്‍ പിന്നിടുമ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി വോട്ടിംഗ് നില കൂട്ടുന്നു. ആര്യാടന്‍ ഷൗക്കത്ത് 2290 വോട്ടുകള്‍ക്കാണ് മുന്നില്‍ നില്‍ക്കുന്നത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ലീഡ്‌നില ഉയര്‍ത്തിക്കൊണ്ടിരിക്കുമ്പോള്‍ തൊട്ടുപിന്നില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജ് എത്തുന്നു. വോട്ടെണ്ണല്‍ നാലാം റൗണ്ടിലേക്ക് കടന്നിരിക്കുകയാണ്.
വഴിക്കടവിലെ നാലു ബൂത്തുകള്‍ കൂടിയും മുത്തേടം പഞ്ചായത്തിലെ പത്ത് ബൂത്തുകളുമാണ് ഇപ്പോള്‍ എണ്ണിക്കൊണ്ടിരിക്കുന്നത്. തുടക്കം മുതല്‍ ഞെട്ടിച്ചുകൊണ്ടിരിക്കുന്ന പി.വി. അന്‍വര്‍ എന്‍ഡിഎ യെക്കാളും വോട്ടുകള്‍ പിടിക്കുകയും ചെയ്തു. 15335 വോട്ടുകളാണ് ആര്യാടന്‍ ഷൗക്കത്ത് നേടിയിരിക്കുന്നത്. എംസ്വരാജ് 13045 വോട്ടുകള്‍ നേടിയരിക്കുകയാണ്. 5539 വോട്ടുകളാണ് പി.വി. അന്‍വര്‍ നേടിയിരിക്കുന്നത്. മോഹന്‍കുമാര്‍ 1902 വോട്ടുകളുമാണ് നേടിയിട്ടുള്ളത. 57 മുതല്‍ 70 ബൂത്തുകളാണ് ഇനി എണ്ണിതീര്‍ക്കാനുള്ളത്.
നേരത്തേ പോസ്റ്റല്‍ വോട്ടില്‍ യുഡിഎഫ് വന്‍ മേല്‍ക്കോയ്മ നേടിയിരുന്നു. എന്നാല്‍ ഇലക്‌ട്രോണിക് മെഷീനിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങുമ്പോള്‍ പോര് ഇഞ്ചോടിഞ്ച് ആയെങ്കിലും ആര്യാടന്‍ ഷൗക്കത്ത് ലീഡ് സ്ഥിരമായി നിലനിര്‍ത്തുകയാണ്. അതേസമയം പി.വി. അന്‍വര്‍ വന്‍തോതില്‍ വോട്ടുകള്‍ നേടുന്നതിനാല്‍ യുഡിഎഫിന് ആശങ്ക ഉയര്‍ത്താന്‍ കഴിയുന്നുണ്ട്.