-->
തിരുവനന്തപുരം: മ്യൂസിയം സ്റ്റേഷനുള്ളില്‍ എസ്എഫ്‌ഐ-എബിവിപി സംഘര്‍ഷം. എബിവിപി പ്രവര്‍ത്തകര്‍ പെണ്‍കുട്ടികളോട് അശ്ലീല ആംഗ്യം കാണിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്ന് എസ്എഫ്‌ഐ നേതാക്കള്‍ പറഞ്ഞു. ഇക്കാര്യം ചോദ്യം ചെയ്തപ്പോഴാണ് എസ്എഫ്‌ഐ പ്രവർത്തകരെ എബിവിപി പ്രവര്‍ത്തകര്‍ അക്രമിച്ചത്.
പ്രവര്‍ത്തകര്‍ തമ്മില്‍ സ്റ്റേഷനുള്ളില്‍ ഉന്തും തള്ളുമുണ്ടായി. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയെ കരിങ്കൊടി കാണിച്ച എബിവിപി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിരുന്നു. രാജ്ഭവന്‍ മാര്‍ച്ച് നടത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ജാമ്യം എടുക്കാന്‍ സ്റ്റേഷനിലുമെത്തി. ഈ സമയത്താണ് സംഘര്‍ഷമുണ്ടായത്.
രാജ്ഭവനിലെ ഭാരതാംബ വിവാദത്തിലാണ് ഗവര്‍ണര്‍ക്കെതിരെ എസ്എഫ്‌ഐ രാജ്ഭവനിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയത്. ഗവര്‍ണറെ ഭരണഘടന പഠിപ്പിക്കും എന്ന ബാനറും ഏന്തിയാണ് പ്രതിഷേധക്കാര്‍ രാജ്ഭവനിലേക്ക് എത്തിയത്. പ്രതിഷേധവുമായി എത്തിയ പ്രവര്‍ത്തകരെ പൊലീസ് ബാരിക്കേഡ് കെട്ടി തടഞ്ഞിരുന്നു. രാജ്ഭവന്‍ പരിസരത്തേയ്ക്ക് എത്തിയ പ്രവര്‍ത്തകര്‍ പോലീസ് ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചത് സംഘര്‍ഷമുണ്ടാക്കി. പിന്നാലെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചാണ് പ്രവര്‍ത്തകരെ അവിടെ നിന്ന് മാറ്റിയത്.
പിഎം ശ്രീ പദ്ധതിയില്‍ ഒപ്പുവയ്ക്കാത്തതില്‍ പ്രതിഷേധിച്ചാണ് വി ശിവന്‍കുട്ടിക്കു നേരെ കരിങ്കൊടി പ്രതിഷേധവുമായി എബിവിപിയെത്തിയത്. തിരുവനന്തപുരത്ത് മന്ത്രിയുടെ വാഹനത്തിന് മുന്നിലേക്ക് ചാടിവീണാണ് എബിവിപി പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്. പിഎം ശ്രീ പദ്ധതിയില്‍ ഒപ്പുവയ്ക്കുന്നതു വരെ വിദ്യാഭ്യാസ മന്ത്രി പോകുന്ന എല്ലായിടത്തും വണ്ടി തടഞ്ഞ് കരിങ്കൊടി കാണിച്ച് പ്രതിഷേധിക്കുമെന്ന് എബിവിപി പ്രവര്‍ത്തകര്‍ പറഞ്ഞു.