-->
ആക്ടിവ ഇലക്ട്രിക് സ്കൂട്ടറിനായി പുതിയതും കൂടുതല് താങ്ങാനാവുന്നതുമായ സബ്സ്ക്രിപ്ഷന് പ്ലാന് അവതരിപ്പിച്ചിരിയ്ക്കുകയാണ് ഹോണ്ട. 'ലൈറ്റ്' എന്ന് പേരിട്ടിരിക്കുന്ന ഹോണ്ട പവര് പായ്ക്ക് എനര്ജി ഇന്ത്യയുടെ ഈ പുതിയ പ്ലാന്, മുമ്പ് വാഗ്ദാനം ചെയ്ത ബേസിക്'പ്ലാനുമായി താരതമ്യപ്പെടുത്തുമ്പോള് ഏറ്റവും കുറഞ്ഞ സബ്സ്ക്രിപ്ഷന് ഫീസാണ് ഈടാക്കുക. അതായത് ഏകദേശം 50 ശതമാനത്തിലധികം കുറഞ്ഞ വില കൊടുത്താല് മതിയാവും. ലൈറ്റ് പ്ലാന് പ്രകാരം പ്രതിമാസം 678 രൂപയാണ് ഫീസ് അടയ്ക്കേണ്ടത്. ജിഎസ്ടി കൂടി ചേര്ത്താല് പ്രതിമാസം അടയ്ക്കേണ്ട ആകെ തുക 800 രൂപയായി ഉയരും.
ബേസിക് പ്ലാന് ഫീസ് വരുന്നത് 1,999 രൂപ + ജിഎസ്ടിയാണ്. ബേസിക് പ്ലാനിന്റെ 35 കിലോവാട്ട് മണിക്കൂറില് നിന്ന് വെറും 20 കിലോവാട്ട് മണിക്കൂറായി ലൈറ്റ് പ്ലാനിന്റെ എനര്ജി ക്വാട്ട കുറയുന്നുണ്ട്. ഈ പുതിയ പ്ലാന് ഉപഭോക്താക്കള്ക്ക് ദിവസേന 20 കിലോമീറ്റര് ഓട്ടം അല്ലെങ്കില് പ്രതിമാസം ആകെ 600 കിലോമീറ്റര് ഉപയോഗം മാത്രമാണ് നല്കുന്നതെന്നാണ് റിപ്പോര്ട്ടുകള്. ബേസിക് പ്ലാനിലെ 40 കിലോമീറ്റര് ദൈനംദിന ഉപയോഗത്തിന്റെ പകുതിയാണിത്. ബെംഗളൂരു, ഡല്ഹി, മുംബൈ എന്നിവിടങ്ങളിലാണ് നിലവില് ആക്ടിവ ഇവി വിപണനത്തിന് എത്തുന്നത്.
നിലവില് മലയാളികള് ഏറെ തിങ്ങിപ്പാര്ക്കുന്ന ബെംഗളൂരുവില് മാത്രമാണ് ഹോണ്ട പവര് പായ്ക്ക് എനര്ജി പ്രവര്ത്തിക്കുന്നത്. ഏകദേശം 150 സ്റ്റേഷനുകള് ഇതിനകം തന്നെ പ്രവര്ത്തിക്കുന്നുണ്ട്. പ്രവര്ത്തനത്തിലുള്ള സ്വാപ്പ് നെറ്റ്വര്ക്ക് ഇല്ലാതെ കമ്പനിക്ക് ആക്ടിവ ഇവിയുടെ വില്പ്പന ആരംഭിക്കാന് കഴിയില്ല. അതുകൊണ്ടാണ് മുംബൈയിലും ഡല്ഹിയിലും ആക്ടിവ ഇയുടെ ഡെലിവറികള് വൈകുന്നത്. ഒപ്പം കേരളം പോലുള്ള സംസ്ഥാനങ്ങളിലും വാഹനം എത്താന് വൈകിയേക്കുമെന്നാണ് അനുമാനം.