Wednesday, March 11, 2026 Last Updated 6 Min 15 Sec ago English Edition
Todays E paper
Ads by Google
Friday 20 Jun 2025 01.19 PM

അടുക്കളയില്‍ പ്ലാസ്റ്റിക് മാലിന്യം കുമിഞ്ഞ് കൂടുന്നുണ്ടോ ? ; പരിഹാരം കാണാന്‍ നിങ്ങള്‍ തന്നെ മനസുവെയ്ക്കണം

waste, to

മിക്ക വീടുകളിലേയും വീട്ടമ്മമാരെ പ്രശ്‌നത്തിലാക്കുന്ന ഒന്നാണ് പ്ലാസ്റ്റിക് മാലിന്യങ്ങള്‍. പ്ലാസ്റ്റിക് മാലിന്യ നിര്‍മാര്‍ജനത്തിനായി ഇന്ന് വീടുകളിലെത്തി പ്ലാസ്റ്റിക് ശേഖരിക്കാനുള്ള സംവിധാനങ്ങള്‍ മുതല്‍ വന്‍കിട അപ്പാര്‍ട്ട്‌മെന്റ് സമുച്ചയങ്ങളില്‍ പ്രത്യേകമായി തയാറാക്കിയിരിക്കുന്ന പ്ലാന്റുകള്‍ വരെ ഉണ്ട്. പലചരക്കും പച്ചക്കറികളും വീട്ടിലേക്ക് എത്തിക്കുന്ന ക്യാരി ബാഗുകള്‍ മുതല്‍ അടുക്കള ഉപകരണങ്ങളില്‍ വരെ പ്ലാസ്റ്റിക്കായിരിക്കും ഓരോ വീട്ടിലും ഉണ്ടാകുക. നമ്മളും പ്ലാസ്റ്റിക് ഉപയോഗം കുറച്ചാല്‍ അടുക്കളയില്‍ പ്ലാസ്റ്റിക് മാലിന്യം കുമിഞ്ഞ് കൂടുന്ന പ്രശ്‌നത്തിന് ഒരു പരിഹാരം ഉണ്ടാകും.

* പ്ലാസ്റ്റിക്കില്‍ ഭക്ഷണം പൊതിയേണ്ട - യാത്രകളില്‍ സൗകര്യപ്രദമായി ഉപയോഗിക്കാം എന്നതിനാല്‍ പ്ലാസ്റ്റിക് പൗച്ചുകളിലോ കവറുകളിലോ ഭക്ഷണവും സ്‌നാക്‌സും കരുതുന്ന രീതിക്ക് മാറ്റം വരുത്താം. പുനരുപയോഗിക്കാവുന്നതോ കമ്പോസ്റ്റബിളായ ഉത്പന്നങ്ങളോ പകരം തിരഞ്ഞെടുക്കുക. പ്ലാസ്റ്റിക് മാലിന്യം കുറയ്ക്കുന്നതിനൊപ്പം ഭക്ഷണത്തിന്റെ സുരക്ഷിതത്വം ഉറപ്പുവരുത്താനും ഇത് അനിവാര്യമാണ്.

* പ്ലാസ്റ്റിക് കണ്ടെയ്‌നറുകള്‍ ഒഴിവാക്കുക - പലചരക്ക് സാധനങ്ങളും പൊടികളും സൂക്ഷിച്ചുവയ്ക്കാന്‍ പ്ലാസ്റ്റിക് കണ്ടെയ്‌നറുകളെയാണ് ഭൂരിഭാഗം ആളുകളും ആശ്രയിക്കുന്നത്. ഇവ മാറ്റി സ്റ്റെയിന്‍ലെസ് സ്റ്റീല്‍ അല്ലെങ്കില്‍ ഗ്ലാസ് പാത്രങ്ങളിലേക്ക് മാറുക എന്നതാണ് ആദ്യപടി. ഇവ കൂടുതല്‍ കാലം ഈട് നില്‍ക്കുകയും ചെയ്യും.

* വീട്ടില്‍ തയ്യാറാക്കുന്ന ക്ലീനിങ് ബദലുകള്‍ - ക്ലീനിങ് ഉത്പന്നങ്ങളില്‍ ഏറിയ പങ്കും പ്ലാസ്റ്റിക് പാക്കറ്റുകളില്‍ വരുന്നവയാണ്. മാസാമാസം ഇവ വാങ്ങുന്നതനുസരിച്ച് വീട്ടിലെ പ്ലാസ്റ്റിക് മാലിന്യത്തിന്റെ അളവും കൂടും. എയര്‍ ഫ്രഷ്‌നറുകളുടെ കാര്യവും വ്യത്യസ്തമല്ല. ഇവയ്ക്ക് ബദലായി വീട്ടില്‍ തയാറാക്കാവുന്ന ക്ലീനറുകള്‍ ഉപയോഗിക്കാം. കെമിക്കലുകള്‍ ഇല്ലാതെ പ്രകൃതിദത്ത സുഗന്ധത്തോടെ, പ്ലാസ്റ്റിക് മാലിന്യം കുറച്ച് വീട് വൃത്തിയാക്കാന്‍ ഇവ സഹായിക്കും.

* ക്യാരി ബാഗ് കയ്യില്‍ കരുതാം - സാധനങ്ങള്‍ പ്ലാസ്റ്റിക് ക്യാരി ബാഗുകളില്‍ നല്‍കുന്ന പ്രവണത കുറഞ്ഞിട്ടുണ്ടെങ്കിലും ചെറിയ കടകളില്‍ പ്ലാസ്റ്റിക് കവറുകളില്‍ തന്നെയാണ് ഇപ്പോഴും സാധനങ്ങള്‍ ലഭിക്കുന്നത്. സാധനങ്ങള്‍ വാങ്ങാന്‍ പോകുമ്പോള്‍ പേപ്പര്‍ ബാഗുകളോ തുണിയില്‍ നിര്‍മിച്ച ബാഗുകളോ കരുതുന്നത് ശീലമാക്കിയാല്‍ അടുക്കളയിലെ പ്ലാസ്റ്റിക്കിന്റെ അളവ് ഗണ്യമായി കുറയും.

* സിലിക്കണ്‍ അടപ്പുകളും പരിസ്ഥിതി സൗഹൃദ റാപ്പുകളും ഉപയോഗിക്കാം - ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് റാപ്പുകള്‍ക്ക് പകരമായി ബീസ് വാക്‌സ് റാപ്പുകളോ സിലിക്കണ്‍ സ്‌ട്രെച്ച് മൂടികളോ ഉപയോഗിച്ച് തുടങ്ങാം. മൈക്രോ പ്ലാസ്റ്റിക് കടന്നുകൂടാതെ ഭക്ഷണപദാര്‍ത്ഥങ്ങള്‍ സുരക്ഷിതമായിരിക്കാന്‍ ഇവ സഹായിക്കുകയും ചെയ്യും. ബജറ്റ് സൗഹൃദപരമായ രീതിയില്‍ പുനരുപയോഗിക്കാന്‍ സാധിക്കുന്നവയാണ് എന്നതും പ്രത്യേകതയാണ്.

* പ്ലാസ്റ്റിക് സ്‌ക്രബുകള്‍ വേണ്ട - പാത്രം വൃത്തിയാക്കാനായി പ്ലാസ്റ്റിക് സ്‌ക്രബ്ബറുകള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കുക. ഇവയില്‍ നിന്നും മൈക്രോപ്ലാസ്റ്റിക് അധികമായി പാത്രങ്ങളിലേക്ക് എത്തുന്നത് അപകട സാധ്യത വര്‍ധിപ്പിക്കുന്നു. കമ്പോസ്റ്റബിള്‍ സ്‌പോഞ്ചുകളോ, ബാംബൂ സക്രബ്ബറുകളോ പുനരുപയോഗിക്കാവുന്ന ഡിഷ് ക്ലോത്തുകളോ വൃത്തിയാക്കലിന് ഉപയോഗിക്കാം.

Ads by Google
Ads by Google
TRENDING NOW