-->
ആലപ്പുഴ: ഓണ്‍ലൈന്‍ വഴി പണമുണ്ടാക്കാമെന്ന് പറഞ്ഞ് ആലപ്പുഴ തലവടി സ്വദേശിയായ മെഡിക്കല്‍ റെപ്രെസെന്ററ്റീവില്‍ നിന്നും 25.50 ലക്ഷം രൂപ തട്ടിയ കേസിലെ പ്രതി അറസ്റ്റില്‍. മലപ്പുറം പെരിന്തല്‍മണ്ണ കുളത്തൂര്‍ മൂര്‍ക്കനാട് പഞ്ചായത്ത് 16-ാം വാര്‍ഡില്‍ കരുവള്ളിക്കുന്നത്ത് കെ.കെ അര്‍ജുനെ (26)യാണ് ആണ് ആലപ്പുഴ സൈബര്‍ ക്രൈം പോലീസ് അറസ്റ്റ് ചെയ്തത്.
സ്വകാര്യ ബിഡ്ഡിങ് കമ്പനിയുടെ പ്രതിനിധിയായി ആള്‍മാറാട്ടം നടത്തി ടെലിഗ്രാം, വാട്‌സാപ്പ് എന്നിവ വഴി ബന്ധപ്പെട്ടാണ് പ്രതികള്‍ തട്ടിപ്പു നടത്തിയത്. കഴിഞ്ഞ മാസം മുതല്‍ ലാവണ്യ എന്ന പേരിലുള്ള ടെലിഗ്രാം അക്കൗണ്ടില്‍ നിന്നു പ്രതികള്‍ പരാതിക്കാരനെ ബന്ധപ്പെടുകയായിരുന്നെന്നു പോലീസ് പറഞ്ഞു. ഓണ്‍ലൈന്‍ ബിഡ്ഡിങ് നടത്തി ലാഭമുണ്ടാക്കാമെന്നു വിശ്വസിപ്പിച്ച് വ്യാജ വെബ്‌സൈറ്റിന്റെ ലിങ്ക് അയച്ചുകൊടുക്കുകയും പരാതിക്കാരനെക്കൊണ്ട് അക്കൗണ്ട് ക്രിയേറ്റ് ചെയ്യിപ്പിക്കുകയും ചെയ്ത ശേഷം വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം അയച്ചുവാങ്ങുകയായിരുന്നു.
അയച്ച പണം വ്യാജ വെബ്‌സൈറ്റില്‍ ലാഭം സഹിതം പ്രദര്‍ശിപ്പിച്ചു വിശ്വസിപ്പിച്ചാണ് തട്ടിപ്പു തുടര്‍ന്നത്. വെബ്‌സൈറ്റില്‍ കാണിച്ചിരുന്ന ലാഭം പിന്‍വലിക്കാന്‍ ശ്രമിച്ചപ്പോള്‍ ക്രെഡിറ്റ് സ്‌കോര്‍ കുറവാണെന്നും ഇത് കൂട്ടുന്നതിന് വേണ്ടി വീണ്ടും ബിഡ്ഡിങ് ചെയ്യണമെന്നും പ്രതികള്‍ ആവശ്യപ്പെട്ടപ്പോഴാണ് പരാതിക്കാരന് ഇത് തട്ടിപ്പാണെന്ന് ബോധ്യമായത്. ആലപ്പുഴ സൈബര്‍ ക്രൈം പോലീസ് സ്‌റ്റേഷനിലും നാഷണല്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിങ് പോര്‍ട്ടലിന്റെ 1930 എന്ന ടോള്‍ഫ്രീ നമ്പറിലും പരാതിപ്പെട്ടതോടെ അക്കൗണ്ടുകള്‍ മരവിപ്പിക്കാനും പ്രതിയെ പിടികൂടാനും കഴിഞ്ഞു.
കൊപ്പം സ്വദേശിയായ ഒരാളും സംഘത്തിലുണ്ടെന്നും ഇയാള്‍ക്കു 4.8 ലക്ഷം രൂപ താന്‍ കൈമാറിയതായും പ്രതി പോലീസിനോടു പറഞ്ഞു. ഇയാള്‍ ഒളിവിലാണ്. കേസിലെ കൂടുതല്‍ പ്രതികളെക്കുറിച്ചു പോലീസ് അന്വേഷണം നടത്തി വരികയാണ്. ആലപ്പുഴ ഡി.സി.ആര്‍.ബി: ഡിവൈ.എസ്.പി: എം.എസ് സന്തോഷിന്റെ നിര്‍ദേശപ്രകാരം ആലപ്പുഴ സൈബര്‍ ക്രൈം പോലീസ് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഏലിയാസ് പി. ജോര്‍ജിന്റെ നേതൃത്വത്തില്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ മഹേഷ് എം.എം, സിവില്‍ പോലീസ് ഓഫീസര്‍മാരായ റികാസ്. കെ, അജിത് പി.എം എന്നിവര്‍ മലപ്പുറം ജില്ലയിലെ കുളത്തൂരിലെത്തി നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
പ്രതിയെ ആലപ്പുഴ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി മുന്‍പാകെ ഹാജരാക്കി. തെലങ്കാന സൈബരാബാദ് സൈബര്‍ ക്രൈം പോലീസ് സ്‌റ്റേഷന്‍, തമിഴ്‌നാട് കോയമ്പത്തൂര്‍ സുലൂര്‍ പോലീസ് സ്‌റ്റേഷന്‍ എന്നിവിടങ്ങളില്‍ ഇയാള്‍ക്കെതിരേ പരാതികള്‍ നിലവിലുണ്ട്.