-->
കായികതാരങ്ങള്‍ തങ്ങളുടെ നിലപാടുകളും അഭിപ്രായങ്ങളും പ്രതികരണങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പങ്കിടുന്നത് ഒരു പുതുമയല്ലാത്ത കാര്യമായി മാറിക്കഴിഞ്ഞിരിക്കുന്നു. ബോർഡർ-ഗവാസ്‌കർ ട്രോഫിയുടെ ആദ്യ ടെസ്റ്റിനിടെ യശസ്വി ജയ്‌സ്വാളും സ്റ്റാർക്കുമായുള്ള വാക്കാലുള്ള കൈമാറ്റം വൈറലായി മാറിയിരുന്നു. ഓസ്‌ട്രേലിയയ്‌ക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ടെസ്റ്റ് പരമ്പരയ്ക്കിടെ മിച്ചല്‍ സ്റ്റാര്‍ക്കിനെ ഇന്ത്യയുടെ യുവ ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ സ്ലെഡ്ജ് ചെയ്ത സംഭവമാണ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയത്.
പെര്‍ത്ത് ടെസ്റ്റില്‍ ഇന്ത്യയുടെ രണ്ടാം ഇന്നിങ്സില്‍ സ്റ്റാര്‍ക്കിന്റെ പന്തിന് വേഗത പോരെന്ന് 22 കാരനായ ജയ്സ്വാള്‍ പറഞ്ഞത് വലിയ വാര്‍ത്തയായിരുന്നു. രണ്ടാം ഇന്നിങ്സില്‍ സെഞ്ച്വറി നേടിയ ജയ്സ്വാള്‍ പിന്നീട് സ്റ്റാര്‍ക്കിന്റെ പന്തുകള്‍ക്ക് മുന്നില്‍ അടിയറവ് പറഞ്ഞു. ആദ്യ ടെസ്റ്റ് ഇന്ത്യ വിജയിച്ചെങ്കിലും അടുത്ത നാല് ടെസ്റ്റുകളില്‍ മൂന്നെണ്ണവും വിജയിച്ച് പരമ്പര 3-1 ന് ഓസ്‌ട്രേലിയ സ്വന്തമാക്കി.
ഇപ്പോഴിതാ മാസങ്ങൾക്ക് ശേഷം ഓസീസ് ഇതിഹാസം ആദം ഗില്‍ക്രിസ്റ്റ് അതിനോട് പ്രതികരിച്ചിരിക്കുകയാണ്. ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി സ്‌പോര്‍ട്‌സ് യാരിയുമായുള്ള അഭിമുഖത്തില്‍ സംസാരിക്കവേയാണ് സ്റ്റാര്‍ക്കിനോട് ജയ്‌സ്വാള്‍ വാഗ്വാദത്തില്‍ ഏര്‍പ്പെട്ട സംഭവത്തില്‍ ഗില്‍ക്രിസ്റ്റ് പ്രതികരിച്ചത്.
‘‘ജയ്സ്വാള്‍ അടുത്ത സൂപ്പര്‍ സ്റ്റാറാകുമെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അവനത് നമുക്ക് കാണിച്ചുതന്നതുമാണ്. കുറച്ചുകൂടി പഠിക്കാനും ആഴത്തില്‍ പരിശോധിക്കാനും അവന് കുറച്ച് സമയം ലഭിച്ചു, അദ്ദേഹം അത് നന്നായി കൈകാര്യം ചെയ്യുന്നുണ്ടെന്നാണ് എനിക്ക് തോന്നുന്നത്...
സ്റ്റാര്‍ക്കും ജയ്‌സ്വാളും തമ്മിലുണ്ടായത് നല്ല ഒരു ബാന്ററായിരുന്നു. ഏതൊരു പട്ടിക്കും അതിന്റെ ഒരു ദിവസം വരും. അന്ന് അവന്റെ ദിവസമായിരുന്നു. ആ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സില്‍ ജയ്‌സ്വാളിന്റെ ആധിപത്യമായിരുന്നു. എന്നാല്‍ സ്റ്റാര്‍ക് തിരിച്ചടിച്ചു. ഈ കളിയുടെ ഭംഗിയും ഇതാണ്. എന്നാല്‍ അത് തീര്‍ത്തും മികച്ച ഒരു ബാന്ററായിരുന്നു...’’ ഗില്‍ക്രിസ്റ്റ് പറഞ്ഞു.
"Every dog has his day and that day was his"Adam Gilchrist on Yashasvi Jaiswal 👀#YashasviJaiswal #ENGvsIND #TestCricket pic.twitter.com/lw7Esk0Ihn— CricXtasy (@CricXtasy) June 18, 2025
ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സില്‍ ഡക്കിന് പുറത്തായ ജയ്സ്വാള്‍ രണ്ടാം ഇന്നിങ്സില്‍ സെഞ്ച്വറി നേടി തിരിച്ചുവന്നു. ഇതിനിടെ സ്റ്റാര്‍ക്കിനെ ജയ്സ്വാള്‍ സ്ലെഡ്ജ് ചെയ്തിരുന്നു. ‘‘താങ്കള്‍ക്ക് ഒട്ടും വേഗതയില്ല, സ്ലോ ബോളാണ് എറിയുന്നത്...’’ എന്നാണ് ജയ്‌സ്വാള്‍ പറഞ്ഞത്. അന്ന് 297 പന്തില്‍ 161 റണ്‍സെടുത്ത ജയ്സ്വാളിനെ മിച്ചല്‍ മാര്‍ഷാണ് പുറത്താക്കിയത്.
എന്നാല്‍ അഡലെയ്ഡില്‍ നടന്ന രണ്ടാം ടെസ്റ്റിന്റെ തുടക്കത്തില്‍ തന്നെ ജയ്സ്വാളിന് സ്റ്റാര്‍ക്കിന്റെ മറുപടി കിട്ടി. ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി ഓപണ്‍ ചെയ്ത ജയ്സ്വാള്‍ ടെസ്റ്റിലെ ആദ്യ പന്തില്‍ തന്നെ പുറത്തായി. രണ്ടാം ഇന്നിങ്സില്‍ 31 പന്തില്‍ 24 റണ്‍സെടുത്ത താരത്തെ സ്‌കോട്ട് ബോളണ്ട് പുറത്താക്കി. മത്സരത്തില്‍ ഇന്ത്യ പത്ത് വിക്കറ്റിന് ഓസീസിനോട് പരാജയപ്പെട്ടു. ഓസീസും ഇന്ത്യയും സമനിലയില്‍ പിരിഞ്ഞ മൂന്നാം ടെസ്റ്റിലും ജയ്സ്വാള്‍ മോശമായിട്ടാണ് കളിച്ചത്.
ആദ്യ ഇന്നിങ്സില്‍ രണ്ട് പന്തില്‍ നാല് റണ്‍സെടുത്ത ജയ്സ്വാളിനെ മിച്ചല്‍ സ്റ്റാര്‍ക്ക് തന്നെ പുറത്താക്കി. രണ്ടാം ഇന്നിങ്‌സില്‍ ജയ്‌സ്വാളും രാഹുലും നാല് റണ്‍സ് വീതം എടുത്തുനില്‍ക്കവേ മഴ പെയ്ത് മത്സരം സമനിലയില്‍ അവസാനിച്ചു.