Friday, March 13, 2026 Last Updated 15 Min 20 Sec ago English Edition
Todays E paper
Ads by Google
Thursday 19 Jun 2025 12.48 PM

ഭാരതാംബയുടെ പേരില്‍ വീണ്ടും രാജ്ഭവനും സര്‍ക്കാരും തര്‍ക്കം ; മന്ത്രി ശിവന്‍കുട്ടി രാജ്ഭവനിലെ പരിപാടി ബഹിഷ്ക്കരിച്ചു

uploads/news/2025/06/786913/v-shivankutty.gif

തിരുവനന്തപുരം: ഭാരതാംബയുടെ പേരില്‍ സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്നു. രാജ്ഭവനില്‍ ഇന്ന് നടക്കാനിരുന്ന പരിപാടിയില്‍ ആര്‍എസ്എസ് കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം കണ്ടതിനെ തുടര്‍ന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി പ്രതിഷേധിച്ച് പരിപാടി ബഹിഷ്ക്കരിച്ചതായി റിപ്പോര്‍ട്ട്. രാജ്ഭവനിലെ സെന്‍ട്രല്‍ഹാളില്‍ നടത്തിയ സ്‌കൗട്ട് ആന്റ് ഗൗഡ് രാജ്പുരസ്‌ക്കാര്‍ ചടങ്ങില്‍ പങ്കെടുത്ത ശിവന്‍ കുട്ടി തന്റെ പ്രതിഷേധം അറിയിച്ച് ചടങ്ങില്‍ നിന്നും ഇറങ്ങി. ഭാരതാംബയുടെ പേരില്‍ പ്രതിഷേധിക്കുന്ന രണ്ടാമത്തെ മന്ത്രിയാണ് ശിവന്‍കുട്ടി.

നേരത്തേ ചടങ്ങില്‍ ഭാരതാംബയുടെ ചിത്രം വെയ്ക്കുന്നില്ലെന്ന് മന്ത്രിയുടെ ഓഫീസിന് ഉറപ്പ് കിട്ടിയതിന് പിന്നാലെയാണ് വിദ്യാഭ്യാസമന്ത്രി ഇവിടെ ചടങ്ങിന് എത്തിയതെന്നാണ് വിദ്യാഭ്യാസ വകുപ്പ് നല്‍കുന്ന വിശദീകരണം. സംസ്ഥാന സര്‍ക്കാരിന്റെ പരിപാടി അല്ലാത്തതിനാല്‍ രാജ്ഭവനില്‍ ഭാരതാംബയുടെ ചിത്രം വെയ്ക്കാനുള്ള സാധ്യത മുന്‍ കൂട്ടി കണ്ട് മന്ത്രിയുടെ ഓഫീസ് അന്വേഷണം നടത്തിയിരുന്നെന്നും എന്നാല്‍ ചിത്രമുണ്ടാകില്ലെന്ന് അറിയിച്ചത് അനുസരിച്ചാണ് മന്ത്രി പരിപാടിക്ക് എത്തിയതെന്നുമാണ് വിവരം.

എന്നാല്‍ ഭാരതാംബയുടെ ചിത്രം ഇല്ലെന്ന് തരത്തിലുള്ള ഒരു ഉറപ്പും നല്‍കിയിട്ടില്ലെന്നും മന്ത്രി ചടങ്ങ് ബഹിഷ്‌ക്കരിച്ചിട്ടില്ലെന്നും വ്യക്തമാക്കിയിരിക്കുന്നതായിട്ടാണ് രാജ്ഭവനെ ഉദ്ധരിച്ച് വാര്‍ത്താമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സത്യപ്രതിജ്ഞ, ഉദ്ഘാടന ചടങ്ങുകള്‍ പോലെയുള്ള പരിപാടികളില്‍ ഭാരതാംബ ഉണ്ടാകില്ല എന്നായിരുന്നു പറഞ്ഞിരുന്നതെന്നാണ് രാജ്ഭവനിലെ പ്രസ് സെക്രട്ടറി പറയുന്നത്. അതേസമയം വിളക്ക് കൊളുത്തുന്ന ചടങ്ങ് ഉണ്ടെങ്കില്‍ അവിടെ ഭാരതാംബയുടെ ചിത്രവും ഉണ്ടാകുമെന്നും വ്യക്തമാക്കുന്നു.

ഇന്ന് നടന്ന ചടങ്ങില്‍ വിദ്യാഭ്യാസമന്ത്രി എത്തിയത് പുഷ്പാര്‍ച്ചനയ്ക്കും നിലവിളക്ക് കൊളുത്തലിനും ശേഷമായിരുന്നു. ചടങ്ങില്‍ പങ്കെടുത്താണ് മന്ത്രി മടങ്ങിയതെന്നുമാണ് പ്രസ് സെക്രട്ടറിയെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ പറയുന്നത്. അതേസമയം പരിപാടി തുടങ്ങി പത്തു മിനിറ്റ് ശേഷമാണ് മന്ത്രിയെത്തിയതെന്നും എന്നാല്‍ പരിപാടിയിലേക്ക് കയറുമ്പോള്‍ വേദിയുടെ ഒരു വശത്ത് ഭാരതാംബയുടെ ചിത്രവും വിളക്കും പുഷ്പാര്‍ച്ചനയും കാണുകയായിരുന്നു. ഇതേ തുടര്‍ന്ന് പുരസ്‌ക്കാര ജേതാക്കളെ അനുമോദിച്ച ശേഷം മന്ത്രി തന്റെ പ്രതിഷേധം അറിയിക്കുകയും ഇന്ത്യ എന്റെ രാജ്യമാണെന്നും ഭരണഘടനയാണ് പ്രധാനമെന്നും വ്യക്തമാക്കിയ ശേഷം ചടങ്ങില്‍ നിന്നും മടങ്ങുകയായിരുന്നു എന്നുമാണ് വിവരം. ഒരു പൊതു പരിപാടിയില്‍ എത്തിയ ശേഷം പ്രതിഷേധിച്ച് വേദി വിട്ടുപോകുന്ന രണ്ടാമത്തെ മന്ത്രിയാണ് വി. ശിവന്‍കുട്ടി.

നേരത്തേ കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ് പരിസ്ഥിതി ദിനത്തില്‍ ഭാരതാംബയുടെ ചിത്രത്തിന്റെ പേരില്‍ രാജ്ഭവനിലെ പരിപാടി ബഹിഷ്‌ക്കരിക്കുകയും സെക്രട്ടേറിയേറ്റിന് മുന്നില്‍ ഫലവൃക്ഷം നട്ട് ആഘോഷിക്കുകയായിരുന്നു. ഈ രീതിയിലാണ് രാജ്ഭവന്റെ പ്രതികരണമെങ്കില്‍ ഭാവിയില്‍ ഗവര്‍ണര്‍ വിളിക്കുന്ന പരിപാടിയില്‍ പങ്കെടുക്കുന്നത് ഒഴിവാക്കേണ്ടി വരുമെന്നാണ് മന്ത്രി ശിവന്‍കുട്ടി പ്രതികരിച്ചത്. സ്‌കൗട്ട് ആന്റ് ഗൈഡ്സിന്റെ രക്ഷാധികാരി ഗവര്‍ണറും പ്രസിഡന്റ് വിദ്യാഭ്യാസമന്ത്രിയുമാണ്. തന്നോട് പോലും ആലോചിക്കാതെയാണ് പരിപാടി ആലോചിച്ചതെന്നും പറഞ്ഞു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW