-->
ഉപയോക്താക്കളെ നിരാശപ്പെടുത്തുന്ന ഒരു വാര്‍ത്തയാണ് ഇപ്പോള്‍ റോയല്‍ എന്‍ഫീല്‍ഡിന്റെ ഭാഗത്ത് നിന്ന് വരുന്നത്. മുന്നറിയിപ്പൊന്നുമില്ലാതെ ബുള്ളറ്റ് 350 മോഡലിന്റെ വില വര്‍ധിപ്പിച്ചിരിക്കുകയാണ് റോയല്‍ എന്‍ഫീല്‍ഡ്. പുതിയ തീരുമാന പ്രകാരം 2,000 രൂപ മുതല്‍ 3,000 രൂപ വരെയാണ് ബുള്ളറ്റിന് ഇനി മുതല്‍ അധികം മുടക്കേണ്ടി വരിക. നിര്‍മാണ ചെലവ് വര്‍ധിച്ചതിനാലാണ് 350 സിസി ബുള്ളറ്റിന്റെ വില പുതുക്കാന്‍ നിര്‍ബന്ധിതരായിരിക്കുന്നതെന്നാണ് കമ്പനിയുടെ വാദം.
മിലിട്ടറി ബ്ലാക്ക്, മിലിട്ടറി റെഡ് വേരിയന്റുകള്‍ക്ക് ഇപ്പോള്‍ 1.76 ലക്ഷം രൂപയാണ് മുടക്കേണ്ടതായി വരുന്നത്. നേരത്തെ, ഈ രണ്ട് വേരിയന്റുകള്‍ക്കും 1.74 ലക്ഷം രൂപയായിരുന്നു ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില വന്നിരുന്നത്. റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് 350 സ്റ്റാന്‍ഡേര്‍ഡ് ബ്ലാക്ക്, സ്റ്റാന്‍ഡേര്‍ഡ് മറൂണ്‍ വേരിയന്റുകള്‍ക്ക് ഇപ്പോള്‍ 2 ലക്ഷം രൂപയാണ് വില. ഇവ നേരത്തെ 1.97 ലക്ഷം രൂപ പ്രാരംഭ വിലയില്‍ ലഭ്യമായിരുന്നു. ടോപ്പ് വേരിയന്റായ ബ്ലാക്ക് ഗോള്‍ഡ് ഇപ്പോള്‍ 2.18 ലക്ഷം രൂപയ്ക്കാണ് വീട്ടിലെത്തിക്കാനാവുന്നത്. നേരത്തെ ഈ മോഡലിന് 2.16 ലക്ഷം രൂപയായിരുന്നു വില വന്നിരുന്നത്.
റോയല്‍ എന്‍ഫീല്‍ഡ് തങ്ങളുടെ 350 സിസി ബൈക്കുകളെ സ്ലിപ്പര്‍ അസിസ്റ്റ് ക്ലച്ചും ഉള്‍പ്പെടുത്തി അപ്‌ഡേറ്റ് ചെയ്യുന്ന പ്രക്രിയയിലാണ്. 2025 ഹണ്ടര്‍ 350-യില്‍ ഈ സവിശേഷത ഇതിനകം അവതരിപ്പിച്ചിട്ടുണ്ട്. ഭാരം കുറഞ്ഞ ക്ലച്ച് പ്രവര്‍ത്തനവും സുഗമമായ ഗിയര്‍ഷിഫ്റ്റുകളും ഉറപ്പാക്കുന്നതിനായാണ് സ്ലിപ്പര്‍ അസിസ്റ്റ് ക്ലച്ച് കൊടുത്തിരിക്കുന്നത്. 349 സിസി, സിംഗിള്‍ സിലിണ്ടര്‍ എയര്‍-ഓയില്‍ കൂള്‍ഡ് എഞ്ചിനാണ് നിലവിലുള്ള റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റിന്റെ ഹൃദയം. 5-സ്പീഡ് കോണ്‍സ്റ്റന്റ് മെഷ് ഗിയര്‍ബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 20.2 bhp കരുത്തില്‍ പരമാവധി 27 Nm ടോര്‍ക്ക് വരെ ഉത്പാദിപ്പിക്കാനാവും.