-->
എത്ര ആവർത്തി കണ്ടാലും പുതുമ നഷ്ടപ്പെടാതെ ഇന്നും പ്രേഷകർ കാണുന്ന സിനിമയാണ് പ്രേമം. നിവിൻ പോളിയെ നായകനാക്കി അൽഫോൺസ് പുത്രൻ രചനയും സംവിധാനവും നിർവഹിച്ച് 2015ല്‍ റിലീസ് ചെയ്ത ചിത്രം അനുപമ പരമേശ്വരൻ, സായ് പല്ലവി, മഡോണ സെബാസ്റ്റ്യൻ എന്നിവരുടെ ആദ്യ ചിത്രം കൂടിയായിരുന്നു. മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച ഈ അഭിനേത്രികളെല്ലാം തിളങ്ങിയത് അന്യഭാഷകളിലാണ്.
ഇപ്പോഴിതാ മലയാള സിനിമ തന്നെ അവഗണിച്ചതിനെക്കുറിച്ച് തുറന്നു പറയുകയാണ് അനുപമ പരമേശ്വരന്‍. തനിക്ക് അഭിനയിക്കാൻ അറിയില്ലെന്ന് പലരും പറഞ്ഞിരുന്നുവെന്നും നിരവധി ട്രോളുകള്‍ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ടെന്നും അനുപമ പറഞ്ഞു.
‘‘ഒരുപാട് പേര് എന്നെ മലയാളത്തില്‍ അവഗണിച്ചിരുന്നു. എനിക്ക് അഭിനയിക്കാന്‍ അറിയില്ലെന്ന് പറഞ്ഞിരുന്നു. ഒരുപാട് ട്രോളുകള്‍ ഏറ്റുവാങ്ങി. ട്രോളിക്കോളൂ, പക്ഷേ കൊല്ലരുത്...’’ എന്നാണ് അനുപമ പറഞ്ഞത്. ‘ജെഎസ്‌കെ- ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള’ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ സംസാരിച്ചപ്പോഴാണ് അനുപമ മനസ്സ് തുറന്ന് സംസാരിച്ചത്.
പിന്നാലെ വേദിയില്‍ സംസാരിച്ച സുരേഷ് ഗോപി അനുപമയുടെ വാക്കുകള്‍ക്ക് മറുപടി നല്‍കി. അനുപമയുടെ പരാമർശത്തിന് പിന്നാലെ മലയാളത്തില്‍നിന്ന് അവഗണ നേരിട്ട് മറ്റുഭാഷകളില്‍ പോയി വിജയിച്ച നടിമാരുടെ ഉദാഹരണം ചൂണ്ടിക്കാട്ടിയാണ് സുരേഷ് ഗോപി മറുപടി നല്‍കിയത്. ഇതേപോലെ അനുപമയുടെ കരിയറിലും സംഭവിക്കുമെന്ന് സുരേഷ് ഗോപി ആശംസിച്ചു.
‘‘അനുപമ പരമേശ്വരൻ ഈ സിനിമയില്‍ വളരെ നന്നായി അഭിനയിച്ചു. അവാർഡൊക്കെ കിട്ടണമെന്ന് ഞാൻ പ്രാർത്ഥിക്കുകയാണ്. അനുപമ ഇവിടെ ഹൃദയം തുറന്ന് പറഞ്ഞ കാര്യങ്ങളെക്കുറിച്ച്... ഇത് ആദ്യത്തെ സംഭവമല്ല അനുപമാ...എനിക്കറിയാവുന്ന സത്യമുണ്ട്, സിമ്രാന്‍. ഒരുപാട് നമ്മള്‍ മലയാളം അവഹേളിച്ചു വിട്ട നായികയാണ്. പക്ഷേ, പിന്നീട് മലയാളത്തില്‍ നായികയായി വരാന്‍ അവരുടെ പിന്നാലെ നടന്ന വന്‍ സംവിധായകരെ എനിക്കറിയാം. മലയാളത്തിലെ പല സംവിധായകരും സിമ്രാന്റെ ഒപ്പമൊരു മലയാള ചിത്രം ചെയ്യാനായി കാത്തുനിൽക്കേണ്ട അവസ്ഥ വന്നു. അസിന്‍, നയന്‍താര, ഇവരെല്ലാം ലോകം കാംക്ഷിക്കുന്ന, വിവിധ ഭാഷകളിലെ നായികമാരായി നല്ലതുപോലെ നിറഞ്ഞാടി. അതുതന്നെ അനുപമയുടെ ജീവിതത്തിലും സംഭവിക്കും. ഇതിനെ കര്‍മ എന്ന് പറയും. അങ്ങനെ സംഭവിച്ചേ പറ്റുകയുള്ളൂ. അതിനുവേണ്ടിയുള്ള പ്രാര്‍ഥനയുണ്ട്...’’ സുരേഷ്ഗോപി പറഞ്ഞു.
പ്രവീണ്‍ നാരായണൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ജെഎസ്കെ. ജാനകി വേഴ്സസ് സ്റ്റേറ്റ് ഒഫ് കേരള എന്നാണ് ടൈറ്റിലിന്റെ പൂർണരൂപം. ജാനകി vs സ്റ്റേറ്റ് ഓഫ് കേരള ജൂൺ 27 റിലീസ് ചെയ്യും. സുരേഷ് ഗോപി വീണ്ടും വക്കീല്‍ വേഷത്തിലെത്തുന്ന ചിത്രമാണ് ജെഎസ്‌കെ. സിനിമ തീയേറ്ററിലെത്താൻ പോകുകാണ്. അനുപമ പരമേശ്വരനും സിനിമയില്‍ മുഖ്യവേഷത്തിലെത്തുന്നുണ്ട്. അഡ്വക്കേറ്റ് ഡേവിഡ് അബേല്‍ ഡോണോവൻ എന്ന കഥാപാത്രമായിട്ടാണ് സുരേഷ് ഗോപി എത്തുന്നത്. ഏറെ നാളുകള്‍ക്കുശേഷം അനുപമ പരമേശ്വരന്റെ മലയാള സിനിമയിലേക്കുള്ള തിരിച്ചുവരവ് കൂടിയാണ്.