-->
പ്രശസ്ത ഗായികയും സോഷ്യൽ മീഡിയ താരവുമായ ജൊനിറ്റ ഗാന്ധി യുടെ വാക്കുകളാണ് ഇപ്പോൾ സൈബർ ലോകത്തെ ചർച്ചാ വിഷയം. ഡല്‍ഹിയിലെ ഒരു പഞ്ചാബി കുടംബത്തിൽ ജനിച്ച ജൊനിറ്റ ചെറുപ്പത്തിൽ തന്നെ കാനഡയിലേക്ക് കുടിയേറി. അവിടെ നിന്നും കുട്ടിക്കാലം മുതലേ ഉണ്ടായ വംശീയ അധിക്ഷേപവും തനിക്കെതിരെ നടന്ന സൈബർ ആക്രമണങ്ങളേയും കുറിച്ച് ഒരു അഭിമുഖത്തിലൂടെയാണ് താരം തുറന്ന് പറഞ്ഞത്.സ്കൂൾ കാലഘട്ടത്തിൽ തന്റെ മുഖത്തെ രോമങ്ങൾ കാരണം തന്നെ സഹപാഠികളും മറ്റും 'ഗോഡ്സില്ല' എന്ന് അധിക്ഷേപിച്ചു, അത് ആ കാലഘട്ടത്തിൽ മാനസികമായി വളരെയധികം തളർത്തിയെന്നുമാണ് വെളിപ്പെടുത്തൽ.
'എന്റെ മുഖത്തെ രോമങ്ങൾ കാരണം എന്നെ 'ഗോഡ്സില്ല' എന്നാണ് വിളിച്ചിരുന്നത്. 'നിന്നെ ആരും സ്നേഹിക്കില്ല' എന്നും അവർ പറഞ്ഞു.പക്ഷെ സംഗീതത്തിനോടുണ്ടായ അടങ്ങാത്ത സ്നേഹം എന്നെ ആ മാനസിക തർച്ചയിൽ നിന്നും എന്നെ രക്ഷിച്ചു.അത് എന്നെ എല്ലാകാര്യങ്ങളും ലളിതമായി എടുക്കാൻ സഹായിച്ചു'-ജൊനിറ്റ പറഞ്ഞു
സൈബർ ഇടങ്ങളിൽ തനിക്കുണ്ടായ മറ്റൊരു മോശം അനുഭവത്തെ കുറിച്ചും താരം വെളിപ്പെടുത്തി. സോഷ്യൽ മീഡിയയിലൂടെ തനിക്കുവരുന്ന മെൻഷനുകൾ നോക്കികൊണ്ടിരിക്കുമ്പോൾ ആരുടേയോ ക്ലോസ് ഫ്രണ്ട് ലിസ്റ്റിൽ തന്നെ ആഡ് ചെയ്തത് ശ്രദ്ധയിൽപ്പെടുകയും അതിൽ തന്റെ ഫോട്ടോ മോശമായി എഡിറ്റ് ചെയ്ത് പോസ്റ്റ് ചെയ്യുകയും ചെയ്തതായും അവർ പറഞ്ഞു. അത് മാനസികമായി തനിക്കുണ്ടാക്കിയ ബുദ്ധിമുട്ട് വളരെയധികമായിരുന്നുവെന്നും ജൊനിറ്റ കൂട്ടിച്ചേർത്തു.
അതേസമയം, ജൊനിറ്റയുടെ പുതുതായി പുറത്തുവന്ന മ്യൂസിക് വീഡിയോയാണ് 'ബെപർവായ്' . ശബ്ദം കൊണ്ട് മാത്രമല്ല, തന്റെ മനോഹരമായ നൃത്തച്ചുവടുകൾ കൊണ്ട് എല്ലാവരെയും ആകർഷിക്കുകയാണ് താരം. 2013-ൽ 'ചെന്നൈ എക്സ്പ്രസ്' എന്ന ചിത്രത്തിലെ "തിതലി" എന്ന ഗാനം അവരെ ഏറെ പ്രശസ്തയാക്കി. തുടർന്ന്, 'ദിൽവാലെ', 'ബാജിറാവു മസ്താനി' തുടങ്ങിയ ചിത്രങ്ങളിലെ ഗാനങ്ങൾ ജൊനിറ്റയെ ബോളിവുഡിലെ മുൻനിര പിന്നണി ഗായികമാരിൽ ഒരാളാക്കി.