-->
നേരം എന്ന നിവിന്‍ പോളി ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ താരമാണ് ഷറഫുദ്ദീന്‍. സഹനായക വേഷത്തിലൂടെ തുടങ്ങി മികച്ച അഭിനയത്തിലൂടെ നായകനിരയിലേക്ക് ഉയര്‍ന്ന താരം ഇപ്പോള്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട യുവതാരം കൂടിയാണ്. ‘പ്രേമ’ത്തിലെ ഗിരിരാജൻ കോഴി എന്ന കഥാപാത്രത്തിലൂടെയാണ് താരം ഏറെ ശ്രദ്ധിക്കപ്പെട്ടത്. പിന്നീടിങ്ങോട്ട് മികച്ച ഒരുപാട് സിനിമകളുടെ ഭാഗമാകാനും നായകനിരയിലേക്ക് ഉയരാനും ഷറഫുദ്ദീന് കഴിഞ്ഞു.
അടുത്തിടെ ഇറങ്ങിയതില്‍ താരത്തിന് ഏറെ ശ്രദ്ധ നേടിക്കൊടുത്ത കഥാപാത്രമാണ് ‘പടക്കള’ത്തിലേത്. ഷറഫുദ്ദീൻ, സുരാജ് വെഞ്ഞാറമൂട്, സന്ദീപ് പ്രദീപ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ മനു സ്വരാജ് സംവിധാനം ചെയ്ത ചിത്രമാണിത്. മെയ് 8ന് തീയേറ്ററില്‍ എത്തിയ ഈ ഫാന്റസി കോമഡി ചിത്രത്തിന് തീയേറ്ററില്‍ മികച്ച പ്രതികരണം ലഭിച്ചെങ്കിലും കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത് ഒടിടിയില്‍ എത്തിയതിന് പിന്നാലെയാണ്.
ഇപ്പോഴിതാ, പടക്കളം സിനിമ തിയേറ്ററില്‍ പോയി കാണാതെ ഒടിടിയില്‍ വന്ന ശേഷം കാണുന്നവരെ കുറിച്ച് സംസാരിക്കുകയാണ് ഷറഫുദ്ദീൻ. ഒടിടിയില്‍ പടക്കളം കണ്ടതിന് ശേഷം തന്നോട് സിനിമയെ കുറിച്ച് ആരെങ്കിലും നല്ല അഭിപ്രായം പറയാൻ വന്നാല്‍ തന്റെ പ്രതികരണം എങ്ങനെ ആയിരിക്കുമെന്നാണ് ഷറഫുദീന്‍ പറയുന്നത്.
‘‘പടക്കളത്തില്‍ എന്റേത് നല്ലൊരു കഥാപാത്രമാണ്. കുറേ നാളുകള്‍ കൂടി കിട്ടിയ ഒരു നല്ല കഥാപാത്രം. പെർഫോം ചെയ്യാൻ പാകത്തിന് ഒരു കഥാപാത്രം കിട്ടുക എന്നത് തന്നെ വലിയൊരു കാര്യമാണ്. ഒരു വ്യാഴവട്ടത്തിലൊക്കെയേ അതുപോലുള്ള കഥാപാത്രങ്ങള്‍ കിട്ടുകയുള്ളൂ. അങ്ങനെ കിട്ടിയ ഒന്നാണ് ഇത്. സിനിമയില്‍ എനിക്കും സുരാജേട്ടനും സന്ദീപിനും ഒരേപോലത്തെ ഒരു സ്‌റ്റൈലുള്ള കഥാപാത്രമാണ്.
ഞാൻ ഇതുവരെ ചെയ്ത സിനിമകളുടെയെല്ലാം നല്ലൊരു ബ്ലെൻഡ് ആണ് പടക്കളം. ഈ ചിത്രത്തില്‍ എല്ലാവരുടേയും നല്ല എഫേർട്ട് ഉണ്ട്. ഈ സിനിമ നല്ലതാണ്. നാളെ ഒരാള്‍ ഇത് ഒടിടിയില്‍ കണ്ടിട്ട് ഗംഭീരമാണെന്ന് പറഞ്ഞാല്‍ ഞാൻ ചിരിക്കില്ല. ആ, താങ്ക് യു എന്ന് മാത്രമേ പറയൂ. ഒടിടിയില്‍ കണ്ടിട്ടല്ലേ ഇത് പറയുന്നത്. തിയേറ്ററില്‍ കണ്ടതിന് ശേഷം പറയണം. തിയേറ്ററില്‍ ക്രൗഡിന്റെ കൂടെയിരുന്ന് കണ്ട് ചിരിക്കണം എന്ന് വലിയ ആഗ്രഹമാണ്.
ഞാൻ പ്രേകഷകരുടെ കൂടെ രണ്ടു ഷോ കണ്ടിരുന്നു. സിനിമ കണ്ടവർ എല്ലാം ഹാപ്പി ആയിരുന്നു. തിയേറ്ററിലെ ചിരി കാണാൻ തന്നെ നല്ല രസമാണ്. അതൊരു സ്വകാര്യ സന്തോഷമാണ്. സിനിമ കണ്ടിറങ്ങിയപ്പോള്‍ ഒരുപാടു സന്തോഷം തോന്നി. എനിക്കാണെങ്കിലും സുരാജേട്ടനാണെങ്കിലും സന്ദീപിനാണെങ്കിലും ഒരു സ്‌പേസ് കിട്ടിയ സിനിമയാണ്. എനിക്ക് പേഴ്‌സണലി ഇത് ഭയങ്കര ഇഷ്ടമായി. ഞാൻ അഭിനയിച്ച സിനിമയായത് കൊണ്ടല്ല. വ്യക്തിപരമായിട്ട് ‘ആഹാ അടിപൊളി സിനിമ’ എന്ന തോന്നല്‍ ഉണ്ടായിരുന്നു...’’ ഷറഫുദ്ദീൻ പറഞ്ഞു. കാർത്തിക് സൂര്യയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു താരം ഇക്കാര്യം പറഞ്ഞത്.