Sunday, March 15, 2026 Last Updated 35 Min 44 Sec ago English Edition
Todays E paper
Ads by Google
Saturday 14 Jun 2025 11.41 AM

കോയിപ്രം കസ്റ്റഡി പീഡനത്തില്‍ വാദിയും പ്രതിയും ഒരുമിച്ച് ; പോലീസിന്റെ തിരക്കഥ പൊളിച്ച് അരീഷും അനിലും മാധ്യമങ്ങള്‍ക്ക് മുന്നില്‍

uploads/news/2025/06/786131/areesh.jpg

പത്തനംതിട്ട: കോയിപ്രം കസ്റ്റഡി പീഡനം അന്വേഷണം അട്ടിമറിക്കാനുള്ള പോലീസ് നീക്കം പൊളിച്ച് കേരള സ്‌റ്റേറ്റ് ദളിത് ലീഡേഴ്‌സ് കൗണ്‍സില്‍ സംസ്ഥാന നേതാക്കളുടെ പത്രസമ്മേളനം. മര്‍ദനത്തില്‍ പോലീസിന് പങ്കില്ലെന്ന് വരുത്താന്‍ വേണ്ടി കോയിപ്രം പോലീസ് മെനഞ്ഞ പുതിയ തിരക്കഥ കളവാണെന്ന് കൗണ്‍സില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഐ.കെ. രവീന്ദ്രരാജ്, കോയിപ്രം പോലീസ് രജിസ്റ്റര്‍ ചെയ്ത പുതിയ കേസില്‍ പ്രതിയായ പുല്ലാട് കാലായില്‍ പടിഞ്ഞാറേതില്‍വീട്ടല്‍ അരീഷ്‌കുമാര്‍, ഇതേ കേസില്‍ വാദിയായ സത്യന്‍ എന്ന് വിളിക്കുന്ന അനില്‍കുമാര്‍ എന്നിവര്‍ പറഞ്ഞു.

വരയന്നൂര്‍ സ്വദേശി കെ.എം. സുരേഷിന് പോലീസ്‌കസ്റ്റഡിയില്‍ ക്രൂരമര്‍ദനമേല്‍ക്കേണ്ടി വന്നതിന് സാക്ഷികളാണ് സത്യന്‍ എന്ന് വിളിക്കുന്ന അനില്‍കുമാറും അരീഷ്‌കുമാറും ഇവരുടെ സുഹൃത്തായ രഞ്ജിത്തും. മാര്‍ച്ച് 16 ന് വൈകിട്ട് അഞ്ചരയ്ക്ക് വരയന്നൂരിലെ ചിത്തിര മന്ദിരത്തിന് സമീപമുള്ള കണ്ടത്തില്‍ ചൂണ്ടയിടുന്നത് കണ്ടു കൊണ്ടിരിക്കുകയായിരുന്നു തങ്ങള്‍. ഈ സമയം കോയിപ്രം സ്‌റ്റേഷനിലെ രണ്ടു പോലീസുകാര്‍ മഫ്ത്തിയില്‍ വന്ന് സുരേഷിനെ പിടിക്കുകയും ചെവിക്കല്ലിന് അടിക്കുകയും ചെയ്തു. അപ്പോള്‍ അവിടെ വന്ന എസ്.എച്ച്.ഓ ജി. സുരേഷ്‌കുമാര്‍ സുരേഷിനെ ജീപ്പില്‍ കയറ്റി. കണ്ടത്തില്‍ നിന്നിരുന്ന തന്നെയും സത്യനെയും രഞ്ജിത്തിനെയും കൂടെ കയറ്റിക്കൊണ്ടു പോയി.

സുരേഷിനെയും കൂട്ടി സ്‌റ്റേഷന്റെ അടുക്കള ഭാഗത്തേക്ക് എസ്.എച്ച്.ഓ പോകുന്നത് കണ്ടു. അല്‍പം കഴിഞ്ഞപ്പോള്‍ സുരേഷിന്റെ അലര്‍ച്ച കേട്ടു. കുറേനേരത്തിന് ശേഷം തന്റെ അടുത്തേക്ക് വന്ന എസ്.എച്ച്.ഓ കുനിച്ച് നിര്‍ത്തി വലതു കൈമുട്ടു കൊണ്ട് പുറത്ത് മൂന്നാല് ഇടി ഇടിച്ചു. വലതു കരണത്ത് അടിക്കുകയും ചെയ്തു. തന്റെ വാഹനത്തിന് 23,000 രൂപ പെറ്റിയും ചുമത്തി വിട്ടു. മാര്‍ച്ച് 19 ന് പുല്ലാട് കുന്നന്താനം ജങ്ഷനില്‍ വച്ച് വൈകിട്ട് ആറോടു കൂടിയാണ് സുരേഷിനെ പിന്നീട് കാണുന്നത്. 22 ന് രാവിലെ സുരേഷിനെ കോന്നിയിലെ മാങ്കോസ്റ്റിന്‍ തോട്ടത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്തുവെന്ന് അരീഷ് കുമാര്‍ പറഞ്ഞു.

മാര്‍ച്ച് 27 ന് കോയിപ്രം എസ്.എച്ച്ഓ തന്നെ സ്‌റ്റേഷനില്‍ വിളിച്ചു വരുത്തി. അതിന് ശേഷം ഭാര്യയെ വിളിച്ച് ജാമ്യത്തില്‍ ഇറക്കാന്‍ പറഞ്ഞു. അവള്‍ വന്ന് ഇറക്കിക്കൊണ്ടു പോയി. ഇതിനിടെ മേയ് 20 ന് സുരേഷിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് പറഞ്ഞ് പത്രവാര്‍ത്ത വന്നു. അന്നു തന്നെ കോയിപ്രം സ്‌റ്റേഷനില്‍ ചെല്ലാന്‍ നിര്‍ദേശം വന്നു. 21 ന് രാവിലെ കോയിപ്രം സ്‌റ്റേഷനില്‍ ഹാജരായി. അവിടെ നിന്ന് പത്തനംതിട്ട എസ്.പി ഓഫീസില്‍ സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പിയുടെ അടുത്ത് എത്തിച്ച് ചോദ്യം ചെയ്തു. അവിടെ നിന്നാണ് തന്നെ പ്രതിയാക്കി കഞ്ചാവ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് എന്ന് അറിയുന്നത്. സുരേഷ് മരിച്ചതിന് ശേഷം മാര്‍ച്ച് 27 ന് തന്നെ സ്‌റ്റേഷനില്‍ വരുത്തി ജാമ്യത്തില്‍ വിട്ടത് ഈ കേസെടുത്തിട്ടാണെന്ന് അപ്പോഴാണ് മനസിലാകുന്നത്.

മേയ് 23 ന് പുലര്‍ച്ചെ 2.43 ന് തന്നെ പ്രതിയാക്കി സുരേഷിനെ മര്‍ദിച്ചതിന് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തത് മാധ്യമങ്ങളില്‍ നിന്നാണ് അറിയുന്നത്. തന്റെ ഒപ്പമുണ്ടായിരുന്ന സത്യന്‍ എന്ന അനില്‍കുമാറിന്റെ മൊഴി വാങ്ങിയാണ് താന്‍ സുരേഷിനെ മര്‍ദിച്ചുവെന്ന് ഒരു കേസ് പോലീസ് ചമച്ചത്. സത്യനോട് ചോദിച്ചപ്പോള്‍ താന്‍ അങ്ങനെ ഒരു മൊഴി പോലീസില്‍ കൊടുത്തിട്ടില്ല എന്ന് പറഞ്ഞു. ജൂണ്‍ ഒമ്പതിന് തിരുവല്ല ഡിവൈ.എസ്.പി ഓഫീസില്‍ തന്നെയും സത്യനെയും വിളിപ്പിച്ചിരുന്നു. അപ്പോഴും താന്‍ അങ്ങനെ ഒരു മൊഴി കൊടുത്തിട്ടില്ല എന്നാണ് സത്യന്‍ ആവര്‍ത്തിച്ചു പറഞ്ഞത്. ഇതില്‍ നിന്ന് പോലീസിന്റെ കള്ളക്കളി വ്യക്തമാണെന്നും അരീഷ്‌കുമാര്‍ പറഞ്ഞു.

പോലീസ് പറയുന്നത് പച്ചക്കളളം: അനില്‍കുമാര്‍

പത്തനംതിട്ട: പോലീസ് എടുത്ത കേസില്‍ പറയുന്നതു പോലെ സുരേഷിനെ അരീഷ്‌കുമാര്‍ മര്‍ദിക്കുന്നത് താന്‍ കണ്ടിട്ടില്ലെന്ന് സത്യന്‍ എന്നു വിളിക്കുന്ന അനില്‍കുമാര്‍ പറഞ്ഞു. തന്നെ സ്‌റ്റേഷനില്‍ വിളിപ്പിച്ചാണ് മൊഴി എടുത്തത്. അരീഷും താനും ഒന്നിച്ചാണോ ബൈക്കില്‍ വന്നത്? അരീഷ് സുരേഷിനെ മര്‍ദിക്കുന്നത് കണ്ടോ? എന്നൊക്കെയാണ് ചോദിച്ചത്. താനും അരീഷും വേറെ വേറെ വാഹനങ്ങളിലാണ് വന്നതെന്നും അരീഷ് മര്‍ദിക്കുന്നത് കണ്ടില്ലെന്നുമാണ് മൊഴി കൊടുത്തത്.

പിറ്റേന്ന് വാര്‍ത്തകള്‍ കണ്ടപ്പോഴാണ് താന്‍ പറയാത്ത മൊഴിയുടെ പുറത്ത് കേസ് എടുത്തെന്ന് മനസിലായത്. അരീഷ് സുരേഷിനെ മര്‍ദിച്ചുവെന്ന് പറയുന്ന സ്ഥലത്ത് കൊണ്ടു പോയി ഇവിടെ വച്ചല്ലേ മര്‍ദിച്ചത് എന്ന് ചോദിച്ചു. അപ്പോഴും മര്‍ദിക്കുന്നത് താന്‍ കണ്ടിട്ടില്ലെന്നാണ് പറഞ്ഞത്. തന്റെ മൊഴിയില്‍ പറയാത്തത് എഴുതി ചേര്‍ത്ത് പോലീസ് കള്ളക്കേസ് എടുക്കുകയായിരുന്നുവെന്നാണ് അനില്‍ കുമാര്‍ പറയുന്നത്.

കസ്റ്റഡി പീഡനത്തിന് എസ്.പിയെ പ്രതിചേര്‍ക്കണം

പത്തനംതിട്ട: ജില്ലയൊട്ടാകെ പട്ടികജാതി ജനവിഭാഗങ്ങള്‍ക്ക് നേരെ പീഡനം അരങ്ങേറുകയാണെന്ന് കേരള സ്‌റ്റേറ്റ് ദളിത് ലീഡേഴ്‌സ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ഐ.കെ. രവീന്ദ്രരാജ് ആരോപിച്ചു.വരയന്നൂരിലെ സുരേഷിനെ പോലീസ് ക്രൂരമായി മര്‍ദിച്ചുവെന്ന വിവരം പുറത്തായത് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലൂടെയാണ്. ഇതു സംബന്ധിച്ച് കോന്നി എസ്.എച്ച്.ഓ നല്‍കിയ റിപ്പോര്‍ട്ട് മൂന്നു മാസത്തോളമാണ് എസ്.പി പൂഴ്ത്തി വച്ചത്. മാധ്യമങ്ങള്‍ ഇത് വാര്‍ത്തയാക്കിയതോടെയാണ് വിവരം പുറത്തായത്.

എസ്.പിയുടെ ഈ പ്രവൃത്തി ഗൗരവറേിയ നിയമലംഘനവും കുറ്റകരവുമാണ്. എസ്.പിയെയും കോയിപ്രം സ്‌റ്റേഷനിലെ സസ്‌പെന്‍ഷനിലായ എസ്.എച്ച്.ഓയെയും പ്രതി ചേര്‍ത്ത് പട്ടികജാതി/വര്‍ഗ പീഡന നിരോധന നിയമം അനുസരിച്ചും കേസ് എടുക്കണം. പരാതിയുമായി ചെല്ലുന്ന പട്ടികജാതി/വര്‍ഗ വിഭാഗത്തില്‍പ്പെട്ടവരെ കളളക്കേസില്‍ കുടുക്കുകയാണ് പോലീസ് ചെയ്യുന്നത്. അടൂരില്‍ ഇത്തരമൊരു സംഭവം ഉണ്ടായി.

ജില്ലാ പോലീസ് മേധാവിയുടെ തുഗ്‌ളക്ക് പരിഷ്‌കാരങ്ങളാണ് ഇവിടെ നടക്കുന്നത്. നാല്‍പ്പതോളം പോലീസുകാരെയാണ് നിസാര കുറ്റങ്ങള്‍ ചുമത്തി സ്ഥലം മാറ്റിയിട്ടുള്ളത്. മാനസിക പീഡനം വേറെയും. ചിറ്റാറില്‍ ആദിവാസി വിഭാഗത്തില്‍പ്പെട്ട രതീഷ് എന്ന പോലീസുകാരന്‍ ജീവനൊടുക്കിയതിന്് കാരണം എസ്.പിയുടെ മാനസികപീഡനമാണ്. സാമ്പത്തികമായി ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബത്തിലെ അംഗമായ രതീഷിനെ തിരുവല്ലയിലേക്ക് സ്ഥലം മാറ്റി.

ഏപ്രില്‍ ഏഴിനാണ് രതീഷ് ജീവനൊടുക്കിയത്. ജില്ലയില്‍ പട്ടിക വിഭാഗങ്ങള്‍ക്ക് പോലീസില്‍ നിന്ന് യാതൊരു നീതിയും ലഭിക്കുന്നില്ലെന്നാണ് ഈ സംഭവങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. വോട്ടിന് വേണ്ടി മാത്രം പട്ടികജാതി സ്‌നേഹം നടിക്കുകയും അതു കഴിയുമ്പോള്‍ അവരെ അടിച്ചൊതുക്കുകയും ചെയ്യുന്ന നടപടിയാണ് ഇവിടെ നടക്കുന്നത്. ഈ വിഷയങ്ങള്‍ ഉന്നയിച്ച് മുഖ്യമന്ത്രിയെ നേരില്‍ കാണും. എന്നിട്ടും നീതി ലഭിക്കുന്നില്ലെങ്കില്‍ ഇരകളായവരെ സംഘടിപ്പിച്ച് സമരം ശക്തമാക്കുമെന്നും രവീന്ദ്രരാജ് പറഞ്ഞു.

അരീഷ് സുരേഷിനെ മര്‍ദിച്ചുവെന്നതിന് തെളിവുണ്ടെന്ന് തിരുവല്ല ഡിവൈ.എസ്.പി.

പത്തനംതിട്ട: കോന്നിയിലെ മാങ്കോസ്റ്റിന്‍ തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സുരേഷിനെ അരീഷ് മര്‍ദിച്ചുവെന്നതിന് തെളിവുണ്ടെന്ന് തിരുവല്ല ഡിവൈ.എസ്.പി എസ്. നന്ദകുമാര്‍ മംഗളത്തോട് പറഞ്ഞു. വാദിയായ അനില്‍കുമാര്‍ വിശദമായ മൊഴി നല്‍കിയിരുന്നു. അതെല്ലാം പരിശോധിച്ച് ശരിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇയാള്‍ പിന്നീട് മൊഴി മാറ്റിയിരിക്കുകയാണ്.

തനിക്ക് കഞ്ചാവ് നല്‍കുന്നത് അരീഷാണെന്ന് സുരേഷ് വെളിപ്പെടുത്തിയതിന്റെ പ്രതികാരമായിട്ടാണ് മര്‍ദനം നടന്നത്. അരീഷിന്റെ ബൈക്കിന് 16,000 രൂപ പെറ്റി ഇനത്തില്‍ അടയ്‌ക്കേണ്ടിയും വന്നു. അരീഷിനെയും അനില്‍കുമാറിനെയും വിളിച്ചു വരുത്തി മൊഴി എടുത്തിരുന്നു. ഈ കേസിന്റെ അന്വേഷണവും ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുളളതായും ഡിവൈ.എസ്.പി പറഞ്ഞു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW