-->
തിരുവനന്തപുരം: സര്‍വകലാശാലാ ഭരണത്തില്‍ പിടിമുറുക്കാന്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ നീക്കം തുടങ്ങി. അധ്യാപക നിയമനം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ചചെയ്യാന്‍ അദ്ദേഹം വി.സിമാരുടെ യോഗം വിളിച്ചു. 17-ന് രാവിലെ രാജ്ഭവനിലാണു യോഗം. 14 സര്‍വകലാശാലകളിലെ വി.സിമാര്‍ പങ്കെടുക്കും.
സര്‍വകലാശാലയുമായി ബന്ധപ്പെട്ട കോടതിവിധികളില്‍ തുടര്‍ച്ചയായി നേരിട്ട തിരിച്ചടികളുടെ ക്ഷീണം മാറ്റാനാണു ചാന്‍സിലര്‍ കൂടിയായ ഗവര്‍ണര്‍ യോഗം വിളിച്ചതെന്നാണു സര്‍ക്കാര്‍ പക്ഷം. അക്കാദമിക മേഖലയിലെ അധ്യാപക നിയമനം, കലണ്ടറുകള്‍ തയ്യാറാക്കല്‍, പരീക്ഷത്തീയതി നിര്‍ണയം, പ്രവേശന നടപടിക്രമം, ഉന്നത വിദ്യാഭ്യാസ മേഖലയിലെ നിലവാരം നിലനിര്‍ത്താന്‍ സ്വീകരിച്ച നടപടികള്‍, വിദ്യാര്‍ഥിസമൂഹം നേരിടുന്ന പ്രശ്‌നങ്ങള്‍, പരിഹാര നടപടികള്‍ എന്നിവയാണ് വി.സിമാര്‍ക്കുള്ള കത്തില്‍ അജന്‍ഡയായി സൂചിപ്പിച്ചിട്ടുള്ളത്. എന്നാല്‍ സര്‍വകലാശാലകളില്‍ ഗവര്‍ണറെ മുന്‍നിര്‍ത്തി ഇടപെടാനുള്ള സംഘപരിവാര്‍ നീക്കത്തിന്റെ ഭാഗമാണു യോഗമെന്നു കരുതുന്നു.കഴിഞ്ഞദിവസം കേരള സര്‍വകലാശാല സെനറ്റിലേക്കും ഫാക്കല്‍റ്റി ഡീന്‍ പദവിയിലേക്കും ബി.ജെ.പി. നോമിനികളെ ഗവര്‍ണര്‍ നാമനിര്‍ദേശം ചെയ്തിരുന്നു.
കഴിഞ്ഞമാസം നിയമസഭ പാസാക്കിയ മൂന്നു ബില്ലുകള്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുടെ പരിഗണനയ്ക്കായി സര്‍ക്കാര്‍ അയച്ചു. സര്‍വകലാശാല ഭേദഗതി ബില്‍, സര്‍വകലാശാല ഭേദഗതി ബില്‍ 2, സ്വകാര്യ സര്‍വകലാശാല ബില്‍ എന്നിവയാണയച്ചത്. ഇതിപ്പോഴും രാജ്ഭവനില്‍ത്തന്നെ കിടക്കുകയാണ്. മറുപടിക്കായി സര്‍ക്കാരും കാത്തിരിക്കുന്നു.