-->
ലണ്ടന്‍: അഹമ്മദാബാദ് വിമാനദുരന്തത്തില്‍ മരിച്ചവര്‍ക്ക് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനിടെ ആദരം അര്‍പ്പിച്ച് ഓസ്‌ട്രേലിയ - ദക്ഷിണാഫ്രിക്ക താരങ്ങള്‍. മരിച്ചവര്‍ക്ക് ആദരം അര്‍പ്പിച്ച് കറുത്ത ആം ബാന്‍ഡ് ധരിച്ചാണ് ടെസ്റ്റിന്റെ മൂന്നാം ദിനം താരങ്ങള്‍ കളത്തിലിറങ്ങിയത്. അമ്പയര്‍മാരും കറുത്ത ആം ബാന്‍ഡ് ധരിച്ചിരുന്നു. മൂന്നാം ദിവസത്തെ മത്സരം ആരംഭിക്കും മുമ്പ് താരങ്ങള്‍ ഒരു മിനിറ്റ് നേരം മൗനം ആചരിക്കുകയും ചെയ്തു. മൂന്നാം ദിനം മത്സരം പുരോഗമിക്കുമ്പോൾ ഓസ്‌ട്രേലിയയുടെ ലീഡ് 250 കഴിഞ്ഞു. രണ്ടാം ഇന്നിങ്‌സിൽ നിലവിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് ഓസ്‌ട്രേലിയ. 250 റൺസിന് മുകളിൽ ലീഡ് നിലവിൽ കങ്കാരുപ്പടക്കുണ്ട്.
വ്യാഴാഴ്ച ഉച്ചയ്ക്ക് 1.39ന് അഹമ്മദാബാദ് സർദാർ വല്ലഭായ് പട്ടേൽ വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലേയ്ക്ക് പറന്നുയർന്ന എയർ ഇന്ത്യയുടെ വിമാനം നിമിഷങ്ങൾക്കകമാണ് വിമാനത്താവളത്തിന് സമീപമുള്ള ജനവാസ കേന്ദ്രത്തിൽ ഇടിച്ചിറങ്ങിയത്. 12 ജീവനക്കാർ അടക്കം 242 പേരായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. ഇതിൽ ഒരാൾ മാത്രമാണ് രക്ഷപ്പെട്ടത്. 169 ഇന്ത്യക്കാരും 52 ബ്രിട്ടീഷ് പൗരന്മാരും ഏഴ് പോർച്ചുഗീസ് പൗരന്മാരും ഒരു കനേഡിയൻ പൗരനുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. അപകടത്തിൽ വിമാനത്തിൽ ഉണ്ടായിരുന്ന ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണി ഉൾപ്പെടെയുള്ള 241 പേരും അപകടത്തിൽ മരിച്ചിരുന്നു.
അതേസമയം എയർ ഇന്ത്യയുടെ ബോയിംഗ് 787-8 ഡ്രീംലൈനർ വിമാനം ഇടിച്ചിറങ്ങിയ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന പന്ത്രണ്ട് വിദ്യാർത്ഥികളുടെ നില ഗുരുതരമായി തുടരുകയാണ്. ഇവർ അഹമ്മദാബാദിൽ വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുകയാണ്. അപകടത്തിൽ മരണപ്പെട്ടവരുടെ ഡിഎൻഎ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. വിമാനത്തിൽ ഉണ്ടായിരുന്ന 242 പേരിൽ 241 പേരും മരിച്ചു. യാത്രക്കാരല്ലാത്തവരും മരണപ്പെട്ടിട്ടുണ്ട്. അപകടത്തിൽ നിന്ന് ഒരാൾ മാത്രമാണ് രക്ഷപ്പെട്ടത്. ഇന്ത്യൻ വംശജയനും ബ്രിട്ടീഷ് പൗരനുമായ രമേശ് വിസ്വാഷ് കുമാർ മാത്രമാണ് അപകടത്തിൽ രക്ഷപ്പെട്ടത്.