-->
ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് സ്വന്തമാക്കുന്ന പ്രായം കുറഞ്ഞ താരമെന്ന ചരിത്രമെഴുതിയ ഇന്ത്യന്‍ ചെസ് താരമാണ് ഡി. ഗുകേഷ്. രാജ്യം നല്‍കുന്ന കായികബഹുമതികളിലൊന്നായ ഖേല്‍രത്‌നയും തേടിയെത്തിയതോടെ ജീവിതത്തിലെ, കരിയറിലെ തന്നെ ഏറ്റവും തിളക്കമുള്ള കാലഘട്ടത്തിലൂടെയാണ് 18 വയസ്സുകാരന്‍ ഗുകേഷ് കടന്നു പോയ്ക്കൊണ്ടിരിക്കുന്നത്.
ഇപ്പോഴിതാ നോര്‍വേ ചെസ് ടൂര്‍ണമെന്റ് മത്സരത്തിനിടെ ലോക ഒന്നാം നമ്പര്‍ താരം മാഗ്നസ് കാള്‍സന്‍ ദേഷ്യം പ്രകടിപ്പിച്ച സംഭവത്തെക്കുറിച്ച് പറയുകയാണ് ഗുകേഷ്. ടൂര്‍ണമെന്റിന്റെ ആറാം റൗണ്ടില്‍ ഗുകേഷിനെതിരെ പരാജയം വഴങ്ങേണ്ടിവന്നതിന് പിന്നാലെ കാള്‍സന്‍ രോഷം പ്രകടിപ്പിച്ചത് വലിയ വാര്‍ത്തയായി മാറിയിരുന്നു. ആ നിമിഷത്തെക്കുറിച്ചാണ് ഗുകേഷ് തുറന്നു പറഞ്ഞത്. ‘‘ആ വീഡിയോയുള്ള മീമുകള്‍ യഥാര്‍ത്ഥത്തില്‍ രസമാണ്. കൈ കൊണ്ട് മേശയുടെ മേല്‍ ഇടിക്കുമ്പോള്‍ മേശപ്പുറത്ത് ഒരു പൂച്ച ചാടുന്നതായുള്ള ഒരു മീം ഉണ്ടായിരുന്നു. അതുകണ്ട് ഞാന്‍ ഏകദേശം 10 മിനിറ്റ് നിര്‍ത്താതെ ചിരിച്ചു...’’ ഗുകേഷ് പറഞ്ഞു. ചെസ് ബേസ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേയായിരുന്നു ഗുകേഷ് ആ നിമിഷത്തെ കുറിച്ച് സംസാരിച്ചത്.
ക്ലാസിക്കല്‍ ഗെയിമില്‍ ആദ്യമായാണ് കാള്‍സനെ ഗുകേഷ് പരാജയപ്പെടുത്തുന്നത്. പരാജയത്തിന് പിന്നാലെ രോഷാകുലനായ മാഗ്‌നസ് കാള്‍സണ്‍ മേശയുടെ മേല്‍ ഇടിച്ച് രോഷം പ്രകടിപ്പിച്ചിരുന്നു. ഇതിന്റെ വീഡിയോ നോര്‍വേ ചെസ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചു. വീഡിയോ വൈറലായതോടെ നിരവധി രസകരമായ ട്രോളുകളും മീമുകളും ഉണ്ടാവുകയും ചെയ്തു.
നോര്‍വേ ചെസ് ടൂര്‍ണമെന്റില്‍ കാള്‍സനാണ് കിരീടം ചൂടിയത്. ടൂര്‍ണമെന്റില്‍ ഏഴാം തവണയും നോര്‍വേ താരം ചാംപ്യനായപ്പോള്‍ ഗുകേഷിന് മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവരികയും ചെയ്യുകയായിരുന്നു. ഫാബിയാനോ കരുവാനയോട് ഗുകേഷ് പരാജയം വഴങ്ങിയതോടെയാണ് കാള്‍സന് കിരീടം സ്വന്തമായത്. കരുവാനയ്ക്കെതിരായ മത്സരത്തില്‍ അവസാന റൗണ്ടിലെ പിഴവിലാണ് ഗുകേഷിന് കിരീടം അടിയറവ് പറയേണ്ടിവന്നത്.