-->
ലണ്ടനിലേക്കുള്ള ദീര്‍ഘദൂരം താണ്ടാന്‍ ആവശ്യമായ വന്‍ ഇന്ധനശേഖരം വിമാനത്തിലുണ്ടായിരുന്നതും അഗ്നിബാധയുടെ ആഘാതം കൂട്ടി. വിമാനം പറന്നയുര്‍ന്ന് അധികം വൈകാതെ പൈലറ്റ് എയര്‍ ട്രാഫിക് കണ്‍ട്രോളിലേക്ക് (എ.ടി.സി) വിളിച്ച് സഹായാഭ്യര്‍ഥന (മേയ്‌ഡേ കോള്‍) നടത്തി. എന്നാല്‍, എ.ടി.സിയില്‍നിന്നു തുടര്‍ച്ചയായി തിരികെ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല.
വിമാനം തിരിച്ചുയര്‍ത്താനുള്ള പൈലറ്റിന്റെ ശ്രമങ്ങള്‍ പരാജയപ്പെട്ടതായി വ്യക്തമാണെന്നു വ്യോമയാന വിദഗ്ധന്‍ സഞ്ജയ് ലാസര്‍ ചൂണ്ടിക്കാട്ടി. രക്ഷാപ്രവര്‍ത്തനത്തിനിടെ പരുക്കേറ്റ നിലയില്‍ കണ്ടെത്തിയവരെ തൊട്ടടുത്തുള്ള മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് ആദ്യം രക്ഷാപ്രവര്‍ത്തനം നടത്തിയത്.
ഇരുപത്തിയഞ്ചോളം ആംബുലന്‍സുകള്‍ ദുരന്തഭൂമിയില്‍ പാഞ്ഞെത്തി. ദുരന്തത്തിനു പിന്നാലെ അഹമ്മദാബാദ് വിമാനത്താവളം അടച്ചു. ദുരന്തവിവരമറിഞ്ഞയുടന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും വ്യോമയാനമന്ത്രി രാം മോഹന്‍ നായിഡുവും അഹമ്മദാബാദിലേക്കു പുറപ്പെട്ടു.
പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലുമായി ബന്ധപ്പെട്ട് സ്ഥിതിഗതികള്‍ വിലയിരുത്തി. 8200 മണിക്കൂര്‍ പറക്കല്‍ പരിചയമുള്ള ക്യാപ്റ്റന്‍ സുമീത് സഭര്‍വാളായിരുന്നു വിമാനത്തിന്റെ പൈലറ്റ്. 1100 മണിക്കൂര്‍ പറക്കല്‍ പരിചയമുള്ള ക്ലൈവ് കുന്ദറായിരുന്നു ഫസ്റ്റ് ഓഫീസറെന്നും ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ) അറിയിച്ചു.