Sunday, March 15, 2026 Last Updated 12 Min 34 Sec ago English Edition
Todays E paper
Ads by Google
Saturday 07 Feb 2026 10.03 AM

നന്നാക്കി നല്‍കാന്‍ ഷോറൂമും കമ്പനിയും വിസമ്മതിച്ചു ; 2.5 ലക്ഷത്തിന്റെ ഇ-റിക്ഷ മുന്നിലിട്ട് കത്തിച്ചു യുവതി

uploads/news/2026/02/824303/e-rickshaw.gif

ഭോപ്പാല്‍: നിരന്തരം തകരാറിലാകുന്ന ഇ-റിക്ഷ നന്നാക്കി നല്‍കാന്‍ ഷോറൂമും കമ്പനിയും വിസമ്മതിക്കുന്നതില്‍ പ്രകോപിതയായ ഓട്ടോത്തൊഴിലാളിയായ യുവതി, 2.5 ലക്ഷം രൂപ വിലയുള്ള തന്റെ വാഹനം വാങ്ങിയ ഏജന്‍സിക്ക് മുന്നിലിട്ട് കത്തിച്ചു.

മധ്യപ്രദേശിലെ ശിവ്പുരിയിലാണ് സംഭവം നടന്നത്. റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ഇ-റിക്ഷയില്‍ യുവതി ശാന്തമായി പെട്രോള്‍ ഒഴിച്ച് തീയിടുന്നത് കണ്ടതായി ദൃക്സാക്ഷികള്‍ പറഞ്ഞു. തിരക്കേറിയ മാര്‍ക്കറ്റില്‍ ഇത് വലിയ പരിഭ്രാന്തി സൃഷ്ടിച്ചു. കത്തുന്ന ഇ-റിക്ഷയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

ഫക്കര്‍ കോളനി നിവാസിയായ ഗുഡിയ മഹൗര്‍ ആണ് ഈ യുവതി. ഏകദേശം ആറ് മാസം മുമ്പ് 2.30 - 2.50 ലക്ഷം രൂപയ്ക്ക് ലോണെടുത്താണ് ഇ-റിക്ഷ വാങ്ങിയതെന്നും ഗുഡിയ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മൂന്ന് കുട്ടികളടങ്ങുന്ന കുടുംബത്തിന് സ്ഥിരവരുമാനം ഉറപ്പാക്കാനും കൂലിപ്പണിയുടെ അനിശ്ചിതത്വത്തില്‍ നിന്ന് രക്ഷപ്പെടാനുമാണ് ഇവര്‍ ഈ വാഹനം വാങ്ങിയത്.

വാങ്ങി രണ്ട് മാസം തികയും മുമ്പേ വണ്ടി പണിമുടക്കിത്തുടങ്ങിയെന്ന് ഗുഡിയ പറയുന്നു. 'കഴിഞ്ഞ നാല് മാസമായി ഞാന്‍ ഏജന്‍സിയില്‍ കയറിയിറങ്ങുകയാണ്. വണ്ടി നന്നാക്കിത്തരാന്‍ ഞാന്‍ അവരോട് അപേക്ഷിച്ചു. എന്നാല്‍ അത് നന്നാക്കുന്നതിന് പകരം അവര്‍ എന്നെ തിരിച്ചയച്ചുകൊണ്ടേയിരുന്നു.' ഗുഡിയ ആരോപിച്ചു. വാഹനം വീട്ടില്‍ വെറുതെ കിടന്നതോടെ, ലോണ്‍ തിരിച്ചടവ് മുടങ്ങുന്ന സാഹചര്യത്തില്‍ അവര്‍ വീണ്ടും കൂലിപ്പണിക്ക് പോകാന്‍ നിര്‍ബന്ധിതയായി.

ഏജന്‍സി അറ്റകുറ്റപ്പണികള്‍ ചെയ്യാന്‍ തീര്‍ത്തുപറഞ്ഞ് വിസമ്മതിച്ചതോടെയാണ് അവരുടെ ദേഷ്യം തെരുവിലേക്ക് പടര്‍ന്നത്. 'അവര്‍ എന്നോട് പറഞ്ഞു ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന്,' ഗുഡിയ പറഞ്ഞു. 'അപ്പോഴാണ് എന്റെ പ്രതീക്ഷ നഷ്ടപ്പെട്ടത്.'

എന്നാല്‍ ഷോറൂം മാനേജ്മെന്റ് ഈ ആരോപണങ്ങള്‍ നിഷേധിച്ചു. ബാറ്ററിക്കല്ലാതെ ഇ-റിക്ഷയ്ക്ക് മറ്റ് നിര്‍മ്മാണ വൈകല്യങ്ങളൊന്നും ഇല്ലായിരുന്നുവെന്ന് ഷോറൂം ഇന്‍-ചാര്‍ജ് ശുഭം ശര്‍മ്മ അവകാശപ്പെട്ടു. 'ബാറ്ററി പൊട്ടിത്തെറിച്ചിരുന്നു. പൊട്ടിത്തെറിച്ച ബാറ്ററികള്‍ക്ക് കമ്പനി പകരമായി മറ്റൊന്ന് നല്‍കില്ല. അത് മാറ്റി നല്‍കാന്‍ വ്യവസ്ഥയില്ല,' എന്ന് പറഞ്ഞ ശര്‍മ്മ, സ്വന്തം ചെലവില്‍ പുതിയ ബാറ്ററി സ്ഥാപിക്കാന്‍ യുവതിയോട് നിര്‍ദ്ദേശിച്ചിരുന്നതായും എന്നാല്‍ അവര്‍ അത് നിരസിച്ചതായും കൂട്ടിച്ചേര്‍ത്തു.

വിവരമറിഞ്ഞ് ഉടന്‍ തന്നെ സ്ഥലത്തെത്തിയതായും തീ പടരുന്നത് തടഞ്ഞതായും പോലീസ് അറിയിച്ചു. യുവതിയെയും കത്തിനശിച്ച ഇ-റിക്ഷയെയും പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി, പരാതി നല്‍കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. 'വസ്തുതകള്‍ കണ്ടെത്താനായി ഇരുവിഭാഗത്തിന്റെയും മൊഴികള്‍ രേഖപ്പെടുത്തി വരികയാണ്,' ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഏജന്‍സി ഒന്നുകില്‍ ഇ-റിക്ഷ പൂര്‍ണ്ണമായി നന്നാക്കി നല്‍കണമെന്നും അല്ലെങ്കില്‍ പുതിയ വാഹനം നല്‍കണമെന്നുമാണ് ഗുഡിയയുടെ ആവശ്യം. അതുമല്ലെങ്കില്‍ താന്‍ ഇതുവരെ അടച്ച തുക പൂര്‍ണ്ണമായും തിരികെ നല്‍കണമെന്നും അവര്‍ ആവശ്യപ്പെടുന്നു. താനും ഭര്‍ത്താവ് നാരായണ്‍ മഹൗറും തൊഴിലാളികളാണെന്നും അവര്‍ പറയുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW