-->
കൊച്ചി: കൊച്ചി പുറംകടലിലെ കപ്പല്‍ അപകടത്തില്‍ കേസെടുത്തത് സര്‍ക്കാരിന്റെ രാഷ്ട്രീയ തീരുമാനം. കേസെടുക്കേണ്ടതില്ലെന്നും നഷ്ടപരിഹാരം നേടിയെടുക്കുന്നതിനായി നടപടി സ്വീകരിക്കണമെന്നുമായിരുന്നു അഡ്വക്കേറ്റ് ജനറലിന്റെ (എ.ജി.) നിലപാട്. എന്നാല്‍, കണ്ണൂരിനടുത്ത് രണ്ടാമത്തെ കപ്പലപകടമുണ്ടായതോടെ കേസെടുക്കാതിരിക്കാന്‍ കഴിയാത്ത സ്ഥിതിയായി. രണ്ടാമത്തെ കപ്പലപകടത്തിലും ഉടന്‍ കേസെടുക്കും. കേസെടുത്തതിനു പിന്നാലെ പ്രതിപ്പട്ടികയിലുള്ള ജീവനക്കാരുടെ മൊഴി ഫോര്‍ട്ടുകൊച്ചി തീരദേശപോലീസ് രേഖപ്പെടുത്തി.
200 നോട്ടിക്കല്‍ മൈലിനുള്ളില്‍ കേസെടുക്കാന്‍ തടസമില്ലെങ്കിലും കേസിനുപോയാല്‍ നഷ്ടപരിഹാരം ലഭിക്കാന്‍ കൂടുതല്‍ സമയമെടുക്കുമെന്നതിനാലാണു കൊച്ചി അപകടത്തില്‍ സമവായപാത സ്വീകരിക്കാന്‍ സര്‍ക്കാര്‍ ആദ്യം തീരുമാനിച്ചതെന്നു ന്യായീകരിക്കുന്നു. എന്നാല്‍, രണ്ടാമത്തെ കപ്പലപകടത്തില്‍ കേസെടുക്കാതിരിക്കാന്‍ സര്‍ക്കാരിനു മറ്റു താല്‍പര്യങ്ങളില്ല.
മാത്രമല്ല, കേസെടുക്കാത്തതിനെതിരേ പ്രതിപക്ഷം രൂക്ഷവിമര്‍ശനമുയര്‍ത്തിയ സാഹചര്യത്തിലാണു പാര്‍ട്ടിപ്രവര്‍ത്തകന്‍ മുഖേന പരാതിനല്‍കിയതും കേസെടുത്തതും. എ.ജിയുടെ നിയമപരമായ നിലപാട് മറികടന്നാണു സര്‍ക്കാര്‍ രാഷ്ട്രീയ തീരുമാനമെടുത്തത്. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പും പെട്ടെന്നുള്ള നിലപാടുമാറ്റത്തിനു കാരണമായി. കേസെടുക്കണമെന്ന് സര്‍ക്കാരിനോടു നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ടു ആരെങ്കിലും പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയാല്‍, സര്‍ക്കാരിന് നിലപാടു വ്യ്തമാക്കേണ്ട സാഹചര്യം വരും. ഇതും കണക്കിലെടുത്താണു എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തത്.
രാജ്യാന്തര ആര്‍ബിട്രേഷന്‍ കൗണ്‍സിലിലും തുടര്‍ന്നു ഹൈക്കോടതിയിലും കേസ് നടത്താനാവുമെങ്കിലും വിധി വരുമ്പോഴേക്കും വര്‍ഷങ്ങളെടുക്കും. ഇറ്റാലിയന്‍ നാവികള്‍ പ്രതികളായ എന്റിക്ക ലക്‌സി കടല്‍കൊലക്കേസില്‍ വെടിയേറ്റു മരിച്ച മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിനു രാജ്യാന്തര ആര്‍ബിറ്റേഷന്‍ കോടതിയില്‍നിന്നു നഷ്ടപരിഹാര വിധി ലഭിക്കാന്‍ എട്ടുവര്‍ഷമെടുത്തുവെന്നതും കണക്കിലെടുത്താണു തല്‍ക്കാലം കേസിനുപോകാതെ മറ്റു വഴികള്‍ തോടാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. എന്റിക്ക ലക്‌സി കടല്‍കൊലക്കേസ് നടത്തിപ്പിന്റെ ഫയലുകളും എ.ജി. പരിശോധിച്ചിരുന്നു.
സംഭവത്തില്‍ കേസെടുക്കേണ്ടെന്ന കേരളത്തിന്റെ തീരുമാനത്തോടു കേന്ദ്രത്തിനും യോജിപ്പായിരുന്നു. നഷ്ടപരിഹാരം കിട്ടാനുള്ള നടപടികള്‍ക്കാണ് ആദ്യ മുന്‍ഗണനയെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റേയും നിലപാട്. മത്സ്യതൊഴിലാളികള്‍ക്കുള്ള നഷ്ടപരിഹാരവും മലിനീകരണം തടയാനുള്ള ചെലവും ആദ്യം കമ്പനിയില്‍ നിന്നു വാങ്ങിയെടുക്കാനാണു നീക്കം തുടങ്ങിയിരുന്നത്.
കടലില്‍ ഒഴുകിയ 61 കണ്ടെയ്‌നറുകളില്‍ 51 എണ്ണം ഇതിനോടകം തീരത്തെത്തിച്ചിട്ടുണ്ട്. കടലില്‍ വീണ കണ്ടെയ്‌നറിലൊന്നിലും ഹാനികരമായ വസ്തുക്കള്‍ ഉണ്ടായിരുന്നില്ല. തീരത്ത് എണ്ണ മലിനീകരണമില്ലെന്നും ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിങ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, സര്‍ക്കാരുകളുടെ ഈ നിലപാടില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.