-->
തെന്നിന്ത്യയിലെ സൂപ്പര്‍താരങ്ങളായ മനോജ് കെ.ജയന്റെയും ഉര്‍വ്വശിയുടെയും മകള്‍ കുഞ്ഞാറ്റ എന്ന് വിളിപ്പേരുള്ള തേജാലക്ഷ്മി സോഷ്യല്‍ മീഡിയയിലൂടെയും അച്ഛനമ്മമാരുടെ വിശേഷങ്ങളിലൂടെയും ആരാധകര്‍ക്ക് സുപരിചിതയാണ്. അച്ഛനും അമ്മയും തമ്മില്‍ വേര്‍പിരിഞ്ഞെങ്കിലും മകള്‍ക്കായി അവര്‍ എപ്പോഴും കൂടെയുണ്ട്. പരസ്പരമുള്ള ബഹുമാനം കൈവിടാതെയാണ് മനോജ് കെ ജയനും ഉര്‍വ്വശിയും മുന്നോട്ടു പോകുന്നത്.
അച്ഛനും അമ്മയും സിനിമയില്‍ സജീവമായതു കൊണ്ട് തന്നെ ഒരു പ്രായമെത്തിയപ്പോള്‍ മുതല്‍ കുഞ്ഞാറ്റ സിനിമയിലെത്തുന്നുണ്ടോ എന്ന ചോദ്യമാണ് ആരാധകര്‍ ചോദിക്കുന്നത്. അതിനുളള ഉത്തരം ഇക്കഴിഞ്ഞ ദിവസം കിട്ടിക്കഴിഞ്ഞു. ‘സുന്ദരിയായവള്‍ സ്‌റ്റെല്ല’ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിക്കുകയാണ് താരപുത്രി.
ഇപ്പോഴിതാ മകളുടെ ആദ്യ ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ചിനെത്തിയ മനോജ് കെ ജയൻ മുൻഭാര്യ ഉർവശിയെ കുറിച്ചു പറഞ്ഞ വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്. കുഞ്ഞാറ്റയ്ക്ക് സിനിമ ഓഫർ വന്ന സമയത്ത് ആദ്യം ആവശ്യപ്പെട്ടത് അമ്മ ഉർവശിയുടെ അനുഗ്രഹം വാങ്ങാനാണെന്നും, അവർ നോ പറഞ്ഞിരുന്നെങ്കില്‍ ഈ സിനിമ വേണ്ടെന്ന് താനും തീരുമാനിക്കുമായിരുന്നുവെന്നും മനോജ് പറഞ്ഞു. മോളുടെ അമ്മ തെന്നിന്ത്യ കണ്ട ഏറ്റവും വേഴ്സറ്റാലിറ്റിയുള്ള നടിയാണ് എന്നായിരുന്നു മനോജ് കെ ജയന്‍ പറഞ്ഞത്. പിന്നാലെ പഴയ ഓര്‍മ്മകളിലേക്ക് പോയ മനോജ് കെ. ജയന്റെ കണ്ണുകള്‍ പെട്ടെന്ന് നിറയുകയും ഒരു നിമിഷം പറയാന്‍ വാക്കുകള്‍ കിട്ടാതെ തലകുനിയ്ക്കുകയും ചെയ്തു താരം.
‘‘പഠനശേഷം കുഞ്ഞാറ്റ സിനിമയില്‍ അഭിനയിക്കണം എന്ന് ആദ്യമായി ആഗ്രഹം പറയുന്നത് എന്റെ ഭാര്യ ആശയോടാണ്. ആശ അവള്‍ക്ക് അമ്മ മാത്രമല്ല, നല്ലൊരു സുഹൃത്ത് കൂടെ ആണ്. കുഞ്ഞാറ്റയ്ക്ക് ഇങ്ങനെ നല്ലൊരു ഓഫർ വന്നപ്പോള്‍ ഞാൻ ആദ്യം പറഞ്ഞത് അവളുടെ അമ്മയുടെ അനുഗ്രഹം വാങ്ങണം എന്നാണ്. ഇക്കാര്യം അമ്മയെ അറിയിക്കണം, അതിനു വേണ്ടി ചെന്നൈയില്‍ പോയാലും കുഴപ്പമില്ല, ഉര്‍വ്വശിയോട് പോയി പറഞ്ഞ് അവരുടെ അനുഗ്രഹം വേണം ആദ്യം വാങ്ങാന്‍..കാരണം, മോളുടെ അമ്മ തെന്നിന്ത്യ കണ്ട ഏറ്റവും വേഴ്സറ്റാലിറ്റിയുള്ള നടിയാണ്, ദക്ഷിണേന്ത്യ കണ്ട ഏറ്റവും മികച്ച അഭിനേത്രി ആണ് അവളുടെ അമ്മ ഉർവശി.. അവരുടെ അനുഗ്രഹവും അഭിപ്രായവും ആണ് സിനിമയിലേക്ക് കുഞ്ഞാറ്റ വരുമ്പോള്‍ വേണ്ടത്.. അമ്മയുടെ അനുഗ്രഹം വാങ്ങാൻ കുഞ്ഞാറ്റയെ ഞാൻ ചെന്നൈയിലേക്ക് പറഞ്ഞയച്ചു...മോളുടെ കാര്യം വരുമ്പോള്‍ ഞാൻ വല്ലാതെ ഇമോഷണല്‍ ആകും...’’ വിറയാര്‍ന്ന ശബ്ദത്തോടെ കണ്ണീരോടെ മനോജ് പറഞ്ഞു. അടുത്തിരുന്ന മകള്‍ അച്ഛന്റെ തോളില്‍ തട്ടി ചേര്‍ത്തുപിടിച്ചും കോര്‍ത്തുപിടിച്ച കയ്യില്‍ ഉമ്മ വച്ചും അച്ഛന്റെ സ്നേഹത്തിന് മറുപടി നല്‍കി കുഞ്ഞാറ്റ.
തുടര്‍ന്ന് മൈക്കെടുത്ത് മനോജ് കെ. ജയന്‍ വീണ്ടും സംസാരിച്ചു. ‘‘ഉർവശി വേണ്ട എന്ന് പറഞ്ഞിരുന്നുവെങ്കില്‍ ഈ സിനിമ ചെയ്യണ്ട എന്ന് തന്നെ ഞാനും തീരുമാനിച്ചേനെ. ഇത്രയേറെ മികച്ച സിനിമകള്‍ ചെയ്ത അഭിനേത്രി ആണ് അവർ. തീർച്ചയായും മകളുടെ സിനിമയില്‍ അവരുടെ അഭിപ്രായം ആണ് വലുത്...
എന്റെ സുഹൃത്തുക്കളായ സേതുവും അലക്സുമാണ് ഈ സിനിമയുടെ പിറകില്‍ പ്രവർത്തിച്ചത്. മോള്‍ക്ക് നല്ലൊരു റോളുണ്ട്, നല്ല പ്രൊഡക്ഷനാണ് എന്നൊക്കെ പറഞ്ഞു. ചേട്ടനൊന്നു കഥ കേള്‍ക്കാമോ എന്നു ചോദിച്ചു. ഞാൻ പറഞ്ഞു. ആദ്യം ഉർവശിയെ ആണ് കഥ കേള്‍പ്പിക്കേണ്ടത്. അവരാണ് അതു തീരുമാനിക്കേണ്ടത്. ഫീമെയ്ല്‍ ആർട്ടിസ്റ്റാണ്. അവരുടെയത്രയും എക്സ്പീരിയൻസ് ഫീമെയ്ല്‍ കഥാപാത്രങ്ങളെ ചൂസ് ചെയ്യാൻ എനിക്കില്ല. അമ്മയെ വിളിച്ചു കാര്യം പറയാൻ കുഞ്ഞാറ്റയോടും ഞാൻ പറഞ്ഞു. ഉർവശി കേട്ടതിനു ശേഷമാണ് ഞാൻ കഥ കേട്ടത്.
ഞാനും ഉർവശിയുമൊക്കെ ചെറിയ ചെറിയ വേഷങ്ങളിലൂടെ വന്നാണ് ശ്രദ്ധ നേടിയത്. പക്ഷേ മോള്‍ക്ക് ടൈറ്റില്‍ റോള്‍ തന്നെ കിട്ടിയിരിക്കുകയാണ്. ദൈവഭാഗ്യമാണത്, അവളുടെ അപ്പൂപ്പന്റെ അനുഗ്രഹമാണ്. എന്റെ അച്ഛന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു കുഞ്ഞാറ്റ സിനിമയില്‍ വരണമെന്ന്. അച്ഛന്റെ മരണം ഏറെ വിഷമിപ്പിച്ചതും അവളെ ആണ്. സിനിമയിലേക്ക് അവസരം വന്നപ്പോള്‍ അച്ഛൻ കൂടെ ഇല്ലാത്തത് അവളെ വല്ലാതെ വേദനിപ്പിക്കുന്നുണ്ട്. കൃത്യനിഷ്ഠ, മൂത്തവരെ ബഹുമാനിക്കുക, ഗുരുസ്മരണ വേണം തുടങ്ങിയ കാര്യങ്ങളാണ് ഞാൻ അവള്‍ക്ക് സിനിമയിലേക്ക് വരുമ്പോള്‍ പറഞ്ഞ് കൊടുത്തിട്ടുള്ളത്.
രാവിലെ ഉർവശിയും ഉർവശിയുടെ അമ്മയുമൊക്കെ മോളെ ഫോണില്‍ വിളിച്ചു അനുഗ്രഹിച്ചു. എല്ലാവരുടെയും അനുഗ്രഹം നേടിയതിനു ശേഷമാണ് ഞങ്ങളിറങ്ങിയത്. ഇനി നിങ്ങളുടെ അനുഗ്രഹമാണ് വേണ്ടത്. എന്നെയും അവളുടെ അമ്മയേയുമൊക്കെ സിനിമയില്‍ വളർത്തിയത് നിങ്ങളുടെ സപ്പോർട്ടാണ്. ഞങ്ങളുടെ പാരമ്പര്യം പിൻതുടർന്നു വരുന്ന ഞങ്ങളുടെ കുഞ്ഞാറ്റയ്ക്കും ആ സപ്പോർട്ട് നല്‍കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു...’’ മനോജ് കെ.ജയന്‍ പറഞ്ഞു.
അച്ഛനെയും അമ്മയെയും സ്‌നേഹിച്ച പ്രേക്ഷകര്‍ തനിക്കും സ്‌നേഹവും പിന്തുണയും നല്‍കണമെന്ന് തേജാലക്ഷ്മിയും പ്രേക്ഷകരോടും തന്നെ സ്നേഹിക്കുന്നവരോടും ആവശ്യപ്പെട്ടു. ‘‘അച്ഛനും അമ്മയും മികച്ച അഭിനേതാക്കളാണ്. ആ സമ്മര്‍ദ്ദം വളരെ വലുതാണ്, ചെറുപ്പം മുതലേ എന്നാണ് സിനിമയിലേക്ക് എന്ന ചോദ്യം കേള്‍ക്കാറുണ്ട്. സിനിമ പണ്ട് മുതലേ മനസ്സില്‍ ഉണ്ട്. പക്ഷെ തുറന്ന് പറയാന്‍ പേടിയായിരുന്നു. ഇത്ര വലിയ ആള്‍ക്കാരുടെ മകള്‍ ആണെന്ന തോന്നല്‍ വരുന്നത് കുറച്ചുകൂടി വലുതായ ശേഷമാണ്. പലരും പറഞ്ഞ് നമ്മളത് എന്നും കേള്‍ക്കുന്നുണ്ടാകുമല്ലോ. അതുവരെ അതെന്റെ അച്ഛനും അമ്മയും മാത്രമായിരുന്നു. അന്നേരം ആ പേടി മനസ്സില്‍ കയറി. ഉര്‍വശിയുടെയും മനോജ് കെ. ജയന്റെയും മകള്‍ എന്ന താരതമ്യം ഉണ്ടാകും ഉറപ്പാണ്. ഈ നിമിഷം വരെയും ആ സമ്മര്‍ദ്ദം ഉണ്ട്. പക്ഷെ എങ്കിലും ഒരു തവണ ട്രൈ ചെയ്യണം എന്നുണ്ടായിരുന്നു . ആദ്യ സിനിമയാണ് ഇത്, നന്നാക്കാന്‍ ഉള്ള അവസരങ്ങള്‍ മുന്നില്‍ വരും, അത് ഉപയോഗപ്പെടുത്തണം...’’ തേജാലക്ഷ്മി പറഞ്ഞു.