-->
നടന്‍ കൃഷ്ണകുമാറിന്റെ മകളും സംരഭകയും ഇന്‍ഫ്‌ളുവന്‍സറുമായ ദിയ കൃഷ്ണയുടെ സ്ഥാപനത്തില്‍ നടന്ന സാമ്പത്തിക തട്ടിപ്പ് വലിയ വാര്‍ത്തയായിരുന്നു. ഇപ്പോള്‍ ഈ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ആലപ്പി അഷ്‌റഫ്. ജീവനക്കാര്‍ ആരോപിക്കുന്ന തരത്തിലുളള കുറ്റങ്ങള്‍ ഒരിക്കലും ചെയ്യാന്‍ ഇടയില്ലാത്തയാളാണ് കൃഷ്ണകുമാറെന്ന് ആലപ്പി അഷ്‌റഫ് പറയുന്നു.
''കൃഷ്ണകുമാറിന്റെ വിവാഹം കഴിയുന്നതിന് തൊട്ട് മുമ്പ് വരെ അദ്ദേഹവുമായി വളരെ നല്ല അടുപ്പം എനിക്കുണ്ടായിരുന്നു. ഒരാളെ നമ്മള്‍ വിലയിരുത്തുന്നത് അയാളുടെ സ്വഭാവം, പെരുമാറ്റം, സത്യസന്ധത, ആത്മാര്‍ത്ഥത, കൃത്യനിഷ്ഠ, സഹജീവി സ്‌നേഹം എന്നിവയെല്ലാം അടിസ്ഥാനപ്പെടുത്തിയാണ്. എന്റെ അറിവ് വെച്ച് ഒരു മോശപ്പെട്ട സ്വഭാവവും കൃഷ്ണകുമാറില്‍ കണ്ടിട്ടുമില്ല, കേട്ടിട്ടുമില്ല. സാധാരണ സിനിമാക്കാര്‍ ഉള്‍പ്പെടാറുള്ള കുഴപ്പങ്ങളിലൊന്നും അദ്ദേഹം പെട്ടിട്ടില്ല. മദ്യപാനം, മയക്കുമരുന്ന്, പീഡനം, കുത്തിതിരുപ്പ്, കുതികാല്‍വെട്ട് തുടങ്ങിയവയിലൊന്നും അദ്ദേഹം ഇതുവരേയും ഉള്‍പ്പെട്ടിട്ടില്ല.
ഒരു പെണ്‍കുട്ടിയുള്ള മാതാപിതാക്കള്‍ പോലും അവളെ പഠിപ്പിച്ച് വലുതാക്കി എടുക്കാന്‍ നടത്തുന്ന കഷ്ടപ്പാട് നമ്മള്‍ കാണാറുള്ളതല്ലേ. ആ സ്ഥാനത്ത് ഒന്നും രണ്ടുമല്ല. നാല് പെണ്‍കുട്ടികളെയാണ് നല്ല രീതിയില്‍ വളര്‍ത്തി സംസ്‌കാര സമ്പന്നരാക്കി സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തിയുള്ളവരാക്കി കൃഷ്ണകുമാര്‍ മാറ്റിയത്'', ആലപ്പി അഷ്‌റഫ് വ്‌ളോഗില്‍ പറഞ്ഞു.
സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ കൃഷ്ണകുമാറിന്റെയും കുടുംബത്തിന്റെയും പക്ഷത്താണ് നീതിയെന്ന് താന്‍ വിശ്വസിക്കുന്നതായും ആലപ്പി അഷ്‌റഫ് പറഞ്ഞു. ''വിശ്വാസ വഞ്ചനയാണ് കൃഷ്ണകുമാറിനും കുടുംബത്തിനും നേരിടേണ്ടി വന്നത്. കടയില്‍ സിസിടിവി വെച്ചാല്‍ മാത്രം പോരാ തട്ടിപ്പ് നടക്കുന്നുണ്ടോ എന്ന് മനസിലാക്കാന്‍ കൃത്യമായ നിരീക്ഷണം കൂടി വേണം. ക്യുആര്‍ കോഡ് ഉപയോഗിച്ച് നടക്കാന്‍ സാധ്യതയുള്ള ഇത്തരം ചതികളെക്കുറിച്ച് ജാഗരൂകരായിരിക്കണമെന്നു കൂടിയാണ് കൃഷ്ണകുമാറിനുണ്ടായ ഈ അനുഭവം ഓര്‍മിപ്പിക്കുന്നത്'', ആലപ്പി അഷ്‌റഫ് കൂട്ടിച്ചേര്‍ത്തു.