-->
പാലക്കാട് മങ്കരയിൽ പൊലീസ് ഉദ്യോഗസ്ഥനെ ട്രെയിനിടിച്ച് മരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ വിയ്യൂർ സ്വദേശിയും പാലക്കാട് മുട്ടികുളങ്ങര കെഎപി സെക്കൻഡ് ബറ്റാലിയൻ ക്യാമ്പിലെ സിവിൽ പൊലീസ് ഓഫീസറുമായ കെ ആർ അഭിജിത്തിനെ(30)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച രാത്രി 8.30ഓടെ മങ്കര റെയിൽവേ സ്റ്റേഷന് സമീപമാണ് സംഭവം നടന്നത്. മംഗലാപുരം- ചെന്നൈ എക്‌സ്‌പ്രസാണ് ഇടിച്ചതെന്നാണ് വിവരം. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ജൂൺ 2നാണ് അഭിജിത്ത് ട്രെയിനിങ്ങിന് പ്രവേശിച്ചതെന്ന് പൊലീസ് പറയുന്നു. ഞായറാഴ്ച വൈകിട്ട് ആറിന് പിഎസ്‌സി കമ്പ്യൂട്ടർ ഓപ്പറേറ്റർ പരീക്ഷയെഴുതുന്നതിനായി മുട്ടികുളങ്ങര ക്യാമ്പിൽ നിന്ന് നാട്ടിലേക്ക് പോയതായിരുന്നു. തിങ്കളാഴ്ച പരീക്ഷ കഴിഞ്ഞ് അഭിജിത്തിനെ പിതാവ് രാമചന്ദ്രൻ തൃശൂരിൽ നിന്ന് തിരികെ ബസ് കയറ്റിവിട്ടു. രാത്രി എട്ടുമണിക്ക് ക്യാമ്പിൽ തിരിച്ചെത്തേണ്ടതായിരുന്നുവെങ്കിലും അഭിജിത്ത് എത്താതായതോടെ ക്യാമ്പിൽ നിന്ന് പൊലീസുകാർ വീട്ടിലേക്ക് വിളിച്ചന്വേഷിച്ചു.
ഇതോടെ വീട്ടുകാർ വിയ്യൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. അന്വേഷണം നടത്തുന്നതിനിടെയാണ് ട്രെയിൻ അപകടത്തെപറ്റി അറിഞ്ഞത്. മൃതദേഹം ചിന്നിച്ചിതറിയ നിലയിലായിരുന്നു. ബാഗിലെ പേഴ്സിൽ നിന്ന് കിട്ടിയ ആധാർകാർഡിൽ നിന്നാണ് മരിച്ചത് അഭിജിത്താണെന്ന് തിരിച്ചറിഞ്ഞത്. ജീവനൊടുക്കിയതാണെന്ന് സംശയിക്കുന്നതായി മങ്കര പൊലീസ് അറിയിച്ചു.