-->
ബോളിവുഡിന് ഏറെ പ്രിയപ്പെട്ട ആക്ഷൻ റൊമാന്റിക്ക് താരമാണ് അക്ഷയ് കുമാർ. താരത്തിന്റെ ആക്ഷൻ രംഗങ്ങൾക്ക് എന്നും ആരാധകർ ഏറെയാണ്. താരം നായകനായ 'ഹൗസ്ഫുള്‍ 5' കഴിഞ്ഞദിവസമാണ് തീയേറ്ററുകളില്‍ പ്രദർശനത്തിനെത്തിയത്. ബോളിവുഡിന്റെ ഹിറ്റ് ഫ്രാഞ്ചൈസികളില്‍ ഒന്നാണ് 'ഹൗസ്ഫുള്‍'ന്റെ അഞ്ചാം ഭാഗമാണിത്. റിലീസ് ചെയ്ത ആദ്യദിവസം തന്നെ 24 കോടി രൂപയാണ് ചിത്രം നേടി.
ഇപ്പോഴിതാ, ചിത്രത്തോടുള്ള പ്രേക്ഷകരുടെ പ്രതികരണം അറിയാൻ നേരിട്ട് തീയേറ്ററുകളിലേക്കിറങ്ങിയ താരത്തിന്റെ വിഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മാസ്ക് ധരിച്ച് സ്വന്തം മുഖം മറച്ചാണ് താരം എത്തിയത്.
അക്ഷയ്കുമാർ തന്നെ ഇതിന്റെ വീഡിയോ സ്വന്തം ഇൻസ്റ്റഗ്രാമില്‍ പങ്കുവെച്ചു. കൈയിലൊരു മൈക്കുമായി മാസ്ക് ധരിച്ച്
കറുപ്പില്‍ വെള്ളവരകളുള്ള ഷർട്ടും ജീൻസും ധരിച്ചാണ് അക്ഷയ് എത്തിയത്. സിനിമ കണ്ടിറങ്ങിയവരോട് സിനിമയെ കുറിച്ച് താരം അഭിപ്രായങ്ങള്‍ ചോദിക്കുന്നുണ്ട്.
"ബാന്ദ്രയില്‍ 'ഹൗസ്ഫുള്‍ 5' കണ്ടിറങ്ങിയ ആളുകളെ കില്ലർ മാസ്ക് ധരിച്ച് അഭിമുഖം നടത്താൻ തീരുമാനിച്ചു. പിടിക്കപ്പെടുന്നതിന് തൊട്ടുമുമ്പ് ഓടി രക്ഷപ്പെടേണ്ടിവന്നു. രസകരമായ അനുഭവമായിരുന്നു... " വീഡിയോ പങ്കുവെച്ചുകൊണ്ട് അക്ഷയ് കുമാർ കുറിച്ചു.
മുംബൈയിലെ തിരക്കേറിയ ബാന്ദ്രയിലെ തീയേറ്ററിലാണ് താരമെത്തിയത്. മാസ്ക് ഉള്ളത് കൊണ്ട് താരത്തെ പലർക്കും തിരിച്ചറിയാൻ സാധിച്ചില്ല. അക്ഷയ്കുമാറാണെന്ന് അറിയാതെ തന്നെ പലരും തങ്ങളുടെ സത്യസന്ധമായ അഭിപ്രായങ്ങളും പ്രതികരണവും പങ്കുവെക്കുന്നത് വീഡിയോയില്‍ കാണാം. ചിലർ അഭിപ്രായം പറയാൻ തന്നെ വിസ്സമതിച്ചു. താരത്തിനൊപ്പം ചിത്രത്തിന്റെ മറ്റ് അണിയറപ്രവർത്തകരുമുണ്ടായിരുന്നു.
ജൂണ്‍ ആറിന് ചിത്രം പ്രദർശനത്തിനെത്തി. മികച്ച പ്രതികരണമാണ് ചിത്രം നേടുന്നത്. ആദ്യ ദിവസം 24.35 കോടി കളക്ഷൻ നേടിയ ചിത്രം രണ്ടാം ദിനം 30 കോടിയാണ് സ്വന്തമാക്കിയത്. ഈ ആഴ്ചയുടെ അവസാനം ചിത്രം 70 കോടി നേടുമെന്നാണ് സൂചന. താരത്തിന്റെ ചിത്രങ്ങള്‍ തുടർച്ചയായി ബോക്സ്‌ഓഫിസില്‍ പരാജയപ്പെടുന്നതിന് ഇടയില്‍ 'ഹൗസ്ഫുള്‍ 5' ആശ്വാസമാകുകയാണ്.