-->
ടോപ് 10 കാറുകളുടെ പട്ടികയില്‍ സ്ഥിരമായി ഇടംനേടുന്ന മോഡലുകളില്‍ ഒന്നാണ് മാരുതി സുസുക്കി സ്വിഫ്റ്റ്. വിപണിയില്‍ എത്തി വര്‍ഷങ്ങളായിട്ടും ഈ കാറിന്റെ ജനപ്രീതിക്ക് ഒരു ഇടിവും സംഭവിച്ചിട്ടില്ല. എന്നാല്‍ ഇപ്പോള്‍ സുസുക്കി ഈ കാറിന്റെ ഉത്പാദനം നിര്‍ത്തലാക്കിയിരിക്കുകയാണ്. ഇന്ത്യയിലല്ല സ്വിഫ്റ്റിന്റെ നിര്‍മാണം നിര്‍ത്തിയത്. സുസുക്കിയുടെ മാതൃരാജ്യമായ ജപ്പാനിലാണ് നിര്‍മാണം അവസാനിപ്പിച്ചത്. ജപ്പാനിലെ സുസുക്കി മോട്ടോര്‍ കോര്‍പറേഷന്റെ ആഭ്യന്തര പ്ലാന്റിലെ മിക്ക സ്വിഫ്റ്റ് കോംപാക്റ്റ് മോഡലുകളുടെയും ഉത്പാദനം നിര്‍ത്തിവെച്ചിരിയ്ക്കുകയാണ്.
ചൈനയിലെ റെയര്‍ എര്‍ത്ത് നിയന്ത്രണങ്ങള്‍ കാരണമാണ് സുസുക്കി സ്വിഫ്റ്റിന്റെ നിര്‍മാണം നിര്‍ത്തിവെച്ചത്. അപൂര്‍വ എര്‍ത്ത് മാഗ്നറ്റുകളുടെ ഉത്പാദനത്തിന്റെ 90 ശതമാനവും ചൈനയില്‍ നിന്നാണ്. വ്യാഴാഴ്ച ബിസിനസ് മാധ്യമമായ നിക്കി ഏഷ്യയില്‍ പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ട് പ്രകാരം ചൈനയുടെ കയറ്റുമതി നിയന്ത്രണങ്ങള്‍ ബാധിക്കുന്ന ആദ്യത്തെ ജാപ്പനീസ് കാര്‍ നിര്‍മ്മാതാക്കളാണ് സുസുക്കി.
അസംസ്‌കൃത ലോഹങ്ങളുടെ ക്ഷാമം ചൂണ്ടിക്കാട്ടി മെയ് 26 മുതല്‍ ജൂണ്‍ 6 വരെ സ്വിഫ്റ്റ് സ്പോര്‍ട്ട് മോഡല്‍ ഒഴികെയുള്ള സ്വിഫ്റ്റ് സബ്കോംപാക്റ്റിന്റെ ഉല്‍പാദനം നിര്‍ത്തുമെന്ന് കമ്പനി പ്രഖ്യാപിച്ചു. എന്നിരുന്നാലും, ഇതിന് സുസുക്കി ഔദ്യോഗികമായി ഒരു കാരണവും നല്‍കിയിട്ടില്ല.
ജൂണ്‍ 13ന് അതിന്റെ സാഗര പ്ലാന്റില്‍ സ്വിഫ്റ്റ് കാറുകളുടെ ഉത്പാദനം ഭാഗികമായി പുനഃരാരംഭിക്കുമെന്ന് സുസുക്കി പിന്നീട് പ്രസ്താവന പുറത്തിറക്കി. ജൂണ്‍ 16-ന് ശേഷം ഉത്പാദനം പൂര്‍ണ തോതില്‍ പുനഃരാരംഭിക്കുമെന്ന് കമ്പനി വ്യക്തമാക്കി. ഏപ്രിലിലാണ് വിവിധതരം അപൂര്‍വ ഭൗമ ലോഹങ്ങളുടെയും അനുബന്ധ വസ്തുക്കളുടെയും കയറ്റുമതി ചൈന താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചത്. ഈ തീരുമാനം വാഹന നിര്‍മാതാക്കള്‍, എയ്‌റോസ്‌പേസ് നിര്‍മാതാക്കള്‍, സെമി കണ്ടക്ടര്‍ കമ്പനികള്‍, സൈനിക കരാറുകാര്‍ എന്നിവരുടെ വിതരണ ശൃംഖലയെ സാരമായി ബാധിച്ചിട്ടുണ്ട്.