-->
തൃശൂര്‍ : അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന നടന്‍ ഷൈന്‍ടോം ചാക്കോയെ സന്ദര്‍ശിച്ച് നടനും കേന്ദ്രമന്ത്രി സുരേഷ്‌ഗോപി. തൃശൂരില്‍ ഷൈന്‍ ചികിത്സയില്‍ കഴിയുന്ന ആശുപത്രിയില്‍ ഇന്ന് രാവിലെയെത്തിയാണ് സുരേഷ്‌ഗോപി സന്ദര്‍ശിച്ചത്. ഇന്നലെയാണ് സേലം ബംഗലുരുവിലെ റോഡില്‍ ഷൈന്‍ ടോം ചാക്കോയും മാതാപിതാക്കളും സഹോദരനും സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ടത്. അപകടത്തില്‍ താരത്തിന്റെ പിതാവ് മരണമടയുകയും ഷൈനും മാതാവിനും പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
തൃശൂരിലെ ശക്തന്‍ നഗറിലുള്ള ആശുപത്രിയിലാണ് ഷൈനും മാതാവും ചികിത്സയില്‍ കഴിയുന്നത്. അപകടത്തില്‍ മരണമടഞ്ഞ ചാക്കോയുടെ മൃതദേഹം ഇതേ ആശുപത്രിയുടെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ രണ്ടു മക്കള്‍ ന്യൂസിലന്റിലാണ് അവര്‍ നാട്ടിലെത്തിയ ശേഷമായിരിക്കും സംസ്‌ക്കാരം സംബന്ധിച്ച തീരുമാനം എടുക്കുക. അപകടത്തില്‍ കൈയ്ക്ക് പരിക്കേറ്റ ഷൈനും മാതാവിനും ശസ്ത്രക്രിയ നടത്തേണ്ട സാഹചര്യമുണ്ട്്. രണ്ടുപേര്‍ക്കും ഏതാനും ദിവസം കൂടി വിശ്രമം എടുക്കേണ്ടിവരും. ശസ്ത്രക്രിയ പിതാവിന്റെ സംസ്‌ക്കാരത്തിന് ശേഷം നടത്തും.
അപകടസമയത്ത് കാറില്‍ ഷൈനും സഹോദരനും മാതാപിതാക്കളും ആയിരുന്നു ഉണ്ടായിരുന്നത്. ഷൈന്റെ അസിസ്റ്റന്റായിരുന്നു വാഹനം ഓടിച്ചത്. ഷൈന്റെ തുടര്‍ ചികിത്സയ്ക്കായി ഇന്നലെ സേലത്ത് നിന്നും ബംഗലുരുവിലേക്ക് പോയ സംഘം ബംഗലുരു നഗരത്തില്‍ നിന്നും 150 കിലോമീറ്റര്‍ അകലെ ധര്‍മ്മപുരി എന്ന സ്ഥലത്തുവെച്ചായിരുന്നു അപകടത്തില്‍ പെട്ടത്. എതിരേ വന്ന ലോറി ട്രാക്ക് തെറ്റിച്ച് നടനും കുടുംബവും സഞ്ചരിച്ച കാറിലേക്ക് കയറുകയായിരുന്നു. സഹോദരന് കാര്യമായ പരിക്കില്ല. പരിക്കേറ്റ പിതാവ് ആശുപത്രിയില്‍ എത്തിച്ചപ്പോഴേയ്ക്കും മരിച്ചു.