-->
തിരുവനന്തപുരം : രാജ്ഭവനിൽ പരിസ്ഥിതി ദിനാഘോഷ പരിപാടിയുമായി ബന്ധപ്പെട്ട വിവാദത്തിൽ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഏത് ഭാരതാംബയെന്ന് ചോദിച്ച അദ്ദേഹം ഭാരതാംബ എന്ന് പറയുന്ന ഒരു ഔദ്യോഗിക ചിഹ്നമോ ഔദ്യോഗിക രൂപമോ ഇല്ലെന്നും കൂട്ടിചേർത്തു. കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭാരത് മാതാവിന്റ ചിത്രത്തെ ചൊല്ലി വിവാദമുയർന്നതിനെ തുടർന്നാണ് രാജ് ഭവനിലെ പരിപാടി ഉപേക്ഷിച്ചത്. ചിത്രം മാറ്റണമെന്ന് കൃഷി വകുപ്പ് ആവശ്യപ്പെട്ടെങ്കിലും ഗവർണ്ണർ അതിന് തയ്യാറായില്ല. തുടർന്ന് കൃഷി മന്ത്രി പങ്കെടുക്കേണ്ട പരിപാടി ഉപേക്ഷിക്കുകയായിരുന്നു . പരിപാടിയിൽ നിന്ന് വിട്ടുനിന്ന മന്ത്രി പി പ്രസാദിനെ ഗോവിന്ദൻ മാഷ് അഭിനന്ദിച്ചു. അന്തസുറ്റ നിലപാടാണ് മന്ത്രി സ്വീകരിച്ചത്. വർഗീയതയോട് വിട്ടുവീഴ്ചയില്ല. സർക്കാർ നിലപാട് വ്യക്തമാക്കിയെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
അതേസമയം രാജ്ഭവൻ ആയിരുന്നു പരിപാടിയുടെ വേദി. മെയിൻ ഹാളിൽ വേദിയിൽ ഭാരത് മാതാവിന്റെ ചിത്രം ഉണ്ടായിരുന്നു. ഇന്നലെ വൈകിട്ട് കൃഷി വകുപ്പ് ഉദ്യോഗസ്ഥർ വേദി സന്ദർശിക്കാൻ എത്തിയിരുന്നു. ഇന്ന് രാവിലെ 9 മണിക്കാണ് പരിപാടി നിശയിച്ചിരുന്നത്. ഇത് കാരണം കാബിനറ്റ് 11 മണിയിലേക്ക് മാറ്റിയിരുന്നു. തുടർന്ന് രാവിലെ കൃഷി വകുപ്പിൽ നിന്ന് പരിപാടി റദ്ദാക്കികൊണ്ട് വിവരം അറിയിക്കുകയായിരുന്നു. പിന്നീട് പരിപാടി സ്വന്തം നിലക്ക് നടത്താൻ തീരുമാനിക്കുകയായിരുന്നു രാജ് ഭവൻ.