-->
നിങ്ങളവിടന്നെഴുന്നേറ്റേ...
സാറേ, ഇപ്പോഴല്ലേ ഇരുപ്പൊത്തത്?
നിങ്ങളോടവിടന്നെഴുന്നേല്ക്കാനല്ലേ പറഞ്ഞത്.
അവരവിടിരുന്നോട്ടെ സാറേ.... ഒരുത്തി കുനിഞ്ഞിരുന്നുകൊണ്ടു പിറുപിറുത്തു.
അവര്‍ ശല്യമൊന്നുമുണ്ടാക്കുന്നില്ലല്ലോ സാറേ... മറ്റൊരുത്തി സപ്പോര്‍ട്ടു ചെയ്തു. കണ്ടോ കണ്ടോ...
അവര്‍ക്കെതിരൊന്നുമില്ലല്ലോ.... പിന്നെ, സാറെന്തിനാ ബേജാറാകുന്നത്? ആര്‍ക്കെങ്കിലും എതിരൊണ്ടോന്നാരോടും ചോദിച്ചില്ല. നിങ്ങളെഴുന്നേറ്റ് പിറകില്‍ പോയിരിക്കുന്നോ? അതുചോദിച്ചത് രാജന്‍സാറാണ്. സാറ് ബൈബിള്‍ വായിച്ചിട്ടില്ലേ? പുരുഷന്‍ ഒറ്റയ്ക്കായിരിക്കുന്നത് നന്നല്ല. അവനു ചേര്‍ന്ന ഇണയെ ഞാന്‍ നല്കും... ദൈവം യോജിപ്പിച്ചത് മനുഷ്യന്‍ വേര്‍പെടുത്താതിരിക്കട്ടെ...!
ബസില്‍ ചിരി പടര്‍ന്നു. പെണ്ണുങ്ങള്‍ കുണുങ്ങിച്ചിരിക്കുന്നു. ആണുങ്ങള്‍ പൊട്ടിച്ചിരിക്കുന്നു. സാറിനാകെ വല്ലാതായി. സാജന്‍സാറിന്റെ ക്ഷമകെട്ടു. നിങ്ങള്‍ എഴുന്നേല്‍ക്കുന്നോ? ഇല്ലെങ്കില്‍ വണ്ടി മുന്നോട്ടു വിടുന്നില്ല. എന്നാല്‍ പുറകോട്ടടിക്കാം സാറിന്‍മാരേ... ഡൈവര്‍സാറേ, വണ്ടി പുറകോട്ടെടുത്താട്ടേ.... പോരട്ടേ... പോരട്ടേ.... ഒടിഞ്ഞൊടിഞ്ഞു പോരട്ടേ. അപ്പോള്‍ ലേഡി ടീച്ചേഴ്‌സും വന്നു. അവര്‍ സഹായികളായിട്ടാണു നിയോഗിക്കപ്പെട്ടിരിക്കുന്നത്. പക്ഷേ, നിസ്സഹായികള്‍...!
കോളേജ് ടൂര്‍ പോകുന്ന ബസ്സിലാണ് സംഭവം നടക്കുന്നത്. ഭക്ഷണം കഴിക്കാന്‍ വണ്ടി നിര്‍ത്തി. ഭക്ഷണം കഴിഞ്ഞ് തത്പരകക്ഷികള്‍ നേരത്തെ എത്തി. രണ്ടു ഗേള്‍സിനിടക്ക് ഒരാള്‍ വരത്തക്കവിധം അവര്‍ അഞ്ചുപേരും കയറിയിരുന്നു. അവരെ അവിടുന്ന് മാറ്റിയിരുത്താനുള്ള ശ്രമത്തിനിടയിലാണ് അവര്‍ ഈ ഡയലോഗിടുന്നത്.
സാജന്‍ സാറിനും രാജന്‍സാറിനുമാണ് ടൂറിന്റെ ചുമതല. സഹായത്തിന് രണ്ടു ലേഡിടീച്ചേഴ്‌സുമുണ്ട്. അവര്‍ ഏറ്റെടുത്തതല്ല, ഏല്പിച്ചതാണ്. പ്രിന്‍സിപ്പല്‍ കിണഞ്ഞു ശ്രമിച്ചിട്ടും ആരെയും കിട്ടിയില്ല. ടീച്ചേഴ്‌സ് എല്ലാവരും ഓരോരോ ഒഴികഴിവു പറഞ്ഞു പിന്മാറി. വേണമെങ്കില്‍ എന്നും ടൂറിനുപോകാന്‍ തയ്യാറായി നില്‍ക്കുന്ന ടൂറിസ്റ്റ് പ്രൊഫസര്‍ ആ കോളേജിലുണ്ട്. അയാളെ ചുമതലയേല്പിച്ചേക്കാമെങ്കില്‍ പിന്നെ, കോളേജ്തന്നെ കൊളമാക്കിക്കൊടുക്കും. അതുകൊണ്ട് ഒരുവിധത്തില്‍ അയാളുടെ കൈയില്‍നിന്നൂരിയെടുത്താണ് അവരെ ചുമതലയേല്പിച്ചത്. നനയുന്നിടം കുഴിക്കുകയല്ലേ മാര്‍ണ്മമുള്ളു!
അലമ്പൊണ്ടാകാതിരിക്കാന്‍ പല മാര്‍ഗങ്ങളും അവര്‍ ആലോചിച്ചതാണ്. ഗേള്‍സിനും ബോയ്‌സിനും പ്രത്യേകം ടൂര്‍ നടത്താന്‍വേണ്ടി പേരെഴുതാന്‍ പറഞ്ഞപ്പോള്‍ ആകെ വന്നതു മൂന്നു ബോയ്‌സും ഏഴ് ഗേള്‍സുമാണ്. വണ്‍ഡേടൂര്‍ എന്നൊരാശയംവച്ച് നോട്ടീസിട്ടപ്പോള്‍ ആരും പേര് കൊടുത്തില്ല. വല്ലവിധത്തിലും ഒഴിവാക്കിയെടുക്കാന്‍വേണ്ടി ചാര്‍ജ്കൂട്ടിയിട്ടുനോക്കി-ആളൊന്നിക്ക് 5000-രൂപ. അപ്പോള്‍ ഏറ്റവും പാവപ്പെട്ടവരാണ് ആദ്യം തുകയടച്ച് പേര് രജിസ്റ്റര്‍ ചെയ്തത്. ഒരു നിവൃത്തിയുമില്ലെന്നും പറഞ്ഞ് ഫീസ് ആനുകൂല്യം നേടിയവര്‍പോലും അതിലുണ്ട്.
അവസാനം സാജന്‍സാറും രാജന്‍സാറുംകൂടി പ്രിന്‍സിപ്പലിന്റെ മുമ്പില്‍ ഒരു ഡിമാന്റ് വച്ചു. പഞ്ചെന്‍സ് എന്നറിയപ്പെടുന്ന ഇപ്പോള്‍ ഉടക്കിടുന്ന അഞ്ചെണ്ണത്തിനെ ഒഴിവാക്കിക്കൊടുക്കണം!
പക്ഷേ, അവരെ ഒഴിവാക്കാനുള്ള ധൈര്യം പ്രിന്‍സിപ്പലിനില്ല. അവരെ പേടിച്ചാണ് അദ്ദേഹവും കഴിഞ്ഞുകൂടുന്നത്. കൊല്ലാനും ചാകാനും മടിയില്ലാതെയാണവര്‍ വിഹരിക്കുന്നത്. ഫൈനല്‍ ഇയര്‍ ആയതിനാല്‍ ഈ വര്‍ഷത്തോടെ ഒഴിവായിപ്പോകുമല്ലോ എന്നു കരുതിയാണ് അവരെ കോളേജില്‍ വച്ചുപൊറുപ്പിക്കുന്നത്. സമരത്തിനും അടിപിടിക്കേസിനും ഗുണ്ടാപ്പണിക്കുമൊക്കെ ഒഴിച്ചുകൂടാത്ത ഘടകമായതിനാല്‍ എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കും വേണ്ടപ്പെട്ടവരാണവര്‍.
അഞ്ചും നല്ല കട്ടകള്‍ ആകൃതിയും പ്രകൃതിയുമെല്ലാം ഏതാണ്ട് ഒത്തുവരുന്നതിനാലാണ് പഞ്ചപാണ്ഡവന്മാര്‍ എന്നര്‍ത്ഥംവരുന്ന പഞ്ചന്‍സ് എന്ന പേരു ലഭിച്ചത്. ഒരുത്തന്‍ ഭീമാകാരന്‍, അവന്‍ ഭീമനായി. മറ്റൊരുത്തന്‍ കുശാഗ്രബുദ്ധി, തടിമിടുക്കുമുണ്ട്. ക്ലാസില്‍ കയറുന്ന ദിവസങ്ങള്‍ കുറവാണെങ്കിലും പഠനത്തിന്റെ കാര്യത്തില്‍ മോശമല്ല. ഗുണ്ടാപ്പണിക്കു പോകുമ്പോള്‍ നിയന്ത്രണം അവന്റെ കൈയിലും. അതുകൊണ്ട് അവന്‍ അര്‍ജ്ജുനന്‍. പൊതുവായ നേതൃത്വം പ്രായം കൂടുതല്‍ തോന്നിക്കുന്നവന്‍ യുധിഷ്ഠരരനും. ഇവര്‍ക്ക് എര്‍ത്തായിട്ടുള്ള രണ്ടു പേരാണ് നകുലസഹദേവന്മാര്‍.
അവര്‍ പരസ്പരം വിളിക്കുന്നത് ചങ്ക്‌സ് എന്നാണ്. മുത്തേ, പൊന്നേ, കണ്ണേ, കരളേ, കുട്ടാ, മോനേ, പ്രിയനേ എന്നൊക്കെ പണ്ടു പ്രയോഗിച്ചിരുന്ന വാക്കുകള്‍ക്കു പകരമായിട്ടാണ് ചങ്ക്‌സ് എന്ന പദം അവര്‍ ഉപയോഗിച്ചുതുടങ്ങിയത്. ഇന്നിപ്പോള്‍ അത് ന്യൂജെന്‍സിന്റെയിടയില്‍ വയറലായിക്കഴിഞ്ഞു. പഞ്ചന്‍സ് ചിലര്‍ക്കെങ്കിലും പഞ്ഞന്‍സ് ആണെന്നതു വേറെ കാര്യം!
പഞ്ചന്‍സ് എന്നറിയപ്പെടുന്ന ഈ പഞ്ഞന്‍സിനെയും വഹിച്ചുകൊണ്ടുള്ള വിനോദവിലാപയാത്ര വഴിമുട്ടിനില്ക്കുന്നു! ഇതിങ്ങളെ വഹിക്കുന്ന പാവം ടീച്ചേഴ്‌സിന്റെ കഷ്ടപ്പാട് ആരു കാണാന്‍? ഉടക്കിനില്‍ക്കുന്ന അവരെ ഒന്നൊതുക്കിയെടുത്ത് യാത്ര തുടരാന്‍ ഒരു മാര്‍ണ്മവുമില്ലാതെ അവര്‍ കുഴങ്ങി.
ലേഡിടീച്ചേഴ്‌സ് ഒരു നിര്‍ദ്ദേശംവച്ചു. അവരുടെ വീട്ടില്‍ വിളിച്ചുവിവരം അറിയിക്കുക.. അതിനെപ്പറ്റി ചിന്തിച്ചിട്ടുപോലും കാര്യമില്ല; കാരണം, അഞ്ചിന്റെയും വീട്ടിലെ സാഹചര്യം അതാണ്.
ഭീമന്റെ അമ്മയേയുള്ളു. അപ്പന്‍ എവിടെ എന്ന് അവനു മാത്രമല്ല, അമ്മയ്ക്കും അറിയല്ല. അവനെ വളര്‍ത്താന്‍ വേണ്ടിയാണ് നേഴ്‌സിംഗ്പണി ഉപേക്ഷിച്ച് അവര്‍ നാട്ടില്‍വന്നു നില്‍ക്കുന്നത്. അവന്റെ ദേഹരക്ഷയ്ക്കുള്ള പണം കൊടുക്കാനല്ലാതെ മറ്റൊന്നും കൊടുക്കാന്‍ അമ്മയ്ക്കില്ല. അര്‍ജുനന് അമ്മയുമില്ല അപ്പനുമില്ല. അമ്മൂമ്മ മാത്രം! അവന്‍ വളര്‍ന്നു വലുതായി; അമ്മൂമ്മ വളര്‍ന്നു തളര്‍ന്നു! അവരെ മാളികയുടെ ഒരു മൂലയ്ക്ക് ഒതുക്കിവച്ചിരിക്കുകയാണ്. കൂട്ടിന് ഒരായയും നായയുമുണ്ട്. ഒരു വന്‍തുക അവന്റെയും അമ്മൂമ്മയുടെയും ജോയിന്റ് അക്കൗണ്ടില്‍ ബാങ്കിലുണ്ട്. അതിന്റെ നിക്ഷേപകര്‍ ആരെന്ന് അമ്മൂമ്മയ്ക്കല്ലാതെ ഈ ഭൂമിയില്‍ മറ്റാര്‍ക്കും അറിയില്ല. അമ്മൂമ്മയ്ക്കുള്ള ഏകജോലി അവന്‍ എഴുതിക്കൊണ്ടുവരുന്ന ബ്ലാങ്ക് ചെക്കില്‍ ഒപ്പിട്ടുകൊടുക്കുക മാത്രം! യുധിഷ്ഠിരന് അമ്മയും അപ്പനുമുണ്ട്. ഇരുവരും അവനെ പേടിച്ചുകഴിയുന്നു. നകുലസഹദേവന്മാര്‍ക്കു സാമ്പത്തികം കമ്മി. നകുലന്റെ അപ്പന്‍ കൊലക്കുറ്റത്തില്‍ പ്രതിയായി ജയിലില്‍ കഴിയുന്നു. സഹദേവന്റെ അപ്പനു ജോലി ഷാപ്പില്‍ കറിവില്പനയാണ്! ഇവരെ വിവരം അറിയിച്ചിട്ടു വല്ലകാര്യവുമുണ്ടോ....?
എന്നാല്‍, പ്രിന്‍സിപ്പലിനെ വിവരമറിയിക്കാമെന്നും പറഞ്ഞു വിളിച്ചു. അവര്‍ക്കു യുക്തമെന്നു തോന്നുന്ന ഏതു തീരുമാനവുമെടുക്കുന്നതിനുള്ള അധികാരം നല്കി അദ്ദേഹം കൈയൊഴിഞ്ഞു.
ടീച്ചേഴ്‌സ് സംയുക്തമായി ഒരു തീരുമാനമെടുത്തു, തിരിച്ചുപോകുകതന്നെ. ഡ്രൈവറോട് വണ്ടി തിരിക്കാന്‍ നിര്‍ദ്ദേശം കൊടുത്തു. പരിപാടി റദ്ദു ചെയ്യാനുള്ള നീക്കമായപ്പോള്‍ മറ്റുള്ളവരുടെ മട്ടുമാറി. അവര്‍ ഒന്നടങ്കം എതിര്‍ത്തു. ഒച്ചപ്പാടും ബഹളവുമായി. പഞ്ചന്‍സ് ഒറ്റപ്പെട്ടു. അവര്‍ അടവുമാറ്റി. എഴുന്നേറ്റ് പാട്ടുംപാടി ആഘോഷമായി പിന്‍സീറ്റിലേയ്ക്കു മടങ്ങി.
ഈ യാത്ര തുടങ്ങിയതെവിടെനിന്നോ.....
ഈ യാത്ര അവസാനിക്കുന്നതെവിടെച്ചെന്നോ....
അവര്‍ പാടിക്കൊടുത്തു; മറ്റുള്ളവര്‍ ഏറ്റുപാടി. അവര്‍ പിന്‍സീറ്റിലിരുന്നു. വണ്ടി മുമ്പോട്ടു നീങ്ങി. അത്താഴം കഴിഞ്ഞിരുന്നതിനാല്‍ പലരും മയങ്ങാന്‍ തുടങ്ങി; ചിലര്‍ ഗാഢനിദ്രയിലും....
പഞ്ചന്‍സ് അടുത്ത കലാപരിപാടി ആരംഭിച്ചു. കൈയില്‍ കരുതിയിരുന്ന സ്‌മോള്‍ എടുത്തു.... വീശി.... പിമ്പിരിയായി! അര്‍ജ്ജുനന് വീശല്‍ മാത്രം പോരാ.... പുകയും വേണം. അവന്‍ കഞ്ചാവെടുത്ത് ആഞ്ഞുവലിച്ചു. കഞ്ചാവ് തനിനിറം കാണിക്കാന്‍ തുടങ്ങി. കാറിച്ച, കൂകിച്ച, ഓരോരോ അപസ്വരങ്ങള്‍! പട്ടി ഓരിയിടുന്നതുപോലുള്ള ഒരു സ്വരമാണ് അവന്‍ കേള്‍പ്പിക്കുന്നത്. ബസിലുള്ള അപൂര്‍വ്വം ചിലരൊഴികെ ആരുംതന്നെ കഞ്ചാവിന്റെ പ്രകടനം കണ്ടിട്ടില്ല. ആകെപ്പാടെ ബഹളമായി, പെണ്‍കുട്ടികള്‍ കൂട്ടനിലവിളിയുടെ വക്കിലെത്തിനില്‍ക്കുന്നു. അധ്യാപകരാകെ പരിഭ്രാന്തരായി. അവര്‍ വണ്ടി നിര്‍ത്തിച്ചു.
തമ്മില്‍ ആലോചിച്ചശേഷം വണ്ടി അടുത്തുള്ള പോലീസ് സ്‌റ്റേഷനിലേയ്ക്കുവിടാന്‍ നിര്‍ദ്ദേശം നല്കി. ഉടനെ, അവര്‍ വീണ്ടും അടവുമാറ്റി. നിങ്ങളാക്കണ്ട; ഞങ്ങള്‍ നേരിട്ട് ഹാജരായിക്കൊള്ളാം. ഞങ്ങടെ കാശ് തിരികെ തരണം. ഞങ്ങള്‍ ഞങ്ങടെ വഴിക്ക് നിങ്ങള്‍ നിങ്ങടെ വഴിക്ക്. സാഹസമാണെന്നറിയാമെങ്കിലും മറ്റു മാര്‍ണ്മമൊന്നുമില്ലാത്തതിനാല്‍ സാര്‍ കാശെടുത്തു കൊടുത്തു. അവര്‍ പാടിക്കൊണ്ടിറങ്ങി....
സമയമാം രഥത്തില്‍ ഞാന്‍ അന്ത്യയാത്ര....
അവര്‍ മന്ദം മന്ദം നടന്നുനീങ്ങി...
ടൂറിസ്റ്റുവണ്ടി നേരെ പോലീസ് സ്‌റ്റേഷനിലേക്കു തിരിച്ചുവിട്ടു. സ്‌റ്റേഷനിലെത്തി. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഉണ്ട്. അദ്ദേഹത്തോടു വിവരം പറഞ്ഞു. ഞങ്ങള്‍ക്കിപ്പമൊന്നും ചെയ്യാന്‍ നിര്‍വ്വാഹമില്ല. പരാതിവന്നാല്‍ അന്വേഷിക്കും. അവര്‍ യാത്ര തുടര്‍ന്നു.
പാരലലായിട്ട് പഞ്ചന്‍സും യാത്ര തുടര്‍ന്നു... അടുത്തുള്ള ബാറിലെത്തി. അകത്തു കടന്നു; വീണ്ടും വീശി; കൂടുതല്‍ ഫോമിലായി! പുറത്തിറങ്ങി...
അപ്പോള്‍, അര്‍ജ്ജുനന് ഒരു ഐഡിയ.... വനവാസത്തിനുപോയ പാണ്ഡവന്മാരെപ്പോലെ പ്രഛന്നവേഷത്തിലാവുക! എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടു. ഭീമന്റെ മുടി പറ്റെവെട്ടിയിരിക്കുന്നതിനാല്‍ അതുതന്നെ ഒരു വെറൈറ്റിയായി. കൂടാതെ ഇട്ടിരിക്കുന്ന ബര്‍മുഡയുടെ പുറമെ ഒരു ടര്‍ക്കിയെടുത്തു ചുറ്റി, അപ്പോള്‍ ഒരു കട്ടപ്പണിക്കാരന്റെ ഫോമിലായി. ഒരു ചുരിദാര്‍ വാങ്ങി നകുലനെ അണിയിച്ച് പാഞ്ചാലിയാക്കി. അവന്റെ മുടി നീട്ടിയിരുന്നതിനാല്‍ ഷേവ് ചെയ്ത് എളുപ്പത്തില്‍ പെണ്ണാക്കി. അര്‍ജുനന് ബാലചന്ദ്രമേനോന്റെ തലേക്കെട്ട് ശരിയാക്കി. സഹദേവന്റെ ഹെയര്‍സൈ്റ്റല്‍ ചിമ്മാടിന്റെ ആകൃതിയിലായിരുന്നതിനാല്‍ അധികം പണി ചെയ്തില്ല. യുധിഷ്ഠിരന്‍ കാവി ഉടുത്ത് സന്യാസിവേഷം കെട്ടി.
ആഘോഷമായ യാത്ര മുമ്പോട്ടുനീങ്ങി. സ്ട്രീറ്റ് ലൈറ്റിന്റെ വെട്ടത്തില്‍ പഞ്ചാലിയെ നടുക്കു നിര്‍ത്തി കൈയിലുള്ള മൊബൈലില്‍ ഒരു തരികിടപാട്ട്.... ജുംബലക്ക ജുംബലക്ക... പരമാവധി ഉച്ചത്തില്‍ വച്ച്, അതിന്റെ ബീറ്റിനൊപ്പിച്ച് സ്ട്രീറ്റ്ഡാന്‍സാരംഭിച്ചു. കാണികള്‍ക്ക് കൗതുകമല്ല, ഭീതിയാണ് തോന്നിയത്. പഞ്ചന്‍സ് ചുവടുവച്ച് മുമ്പോട്ടു നീങ്ങി...
അപ്പോള്‍ അതാ മെയിന്‍ റോഡില്‍നിന്നു വിട്ട് ഒരു ചെറിയ പുല്‍ത്തകിടി. അവിടെയിരുന്ന് കൂടിയും പുകയുമായി പരമാവധി കരുത്താര്‍ജ്ജിച്ചു. പുതുതായി ഇറങ്ങിയ സെക്‌സ് ഫിലിം എറോട്ടിക് ഉമണ്‍ തപ്പി യാത്ര തുടര്‍ന്നു. പണിപ്പെട്ടു തപ്പി തീയറ്ററിലെത്തി. ന്യൂജെന്‍സിന്റെ നീണ്ടനിര! സൂപ്പര്‍ന്യൂജെന്‍സ് ഇടിച്ചുകയറാന്‍ ശ്രമിച്ചപ്പോള്‍ പേടിതോന്നിയ മുന്‍നിരയില്‍ നിന്ന ന്യൂട്ടര്‍ന്യൂജെന്‍സ് വഴിമാറിക്കൊടുത്തു. ടിക്കറ്റെടുത്ത് അവര്‍ അകത്തുകയറി.
ടൂറിസ്റ്റുബസിലിരുന്നതുപോലെ സീറ്റുതരപ്പെടുത്താന്‍ ശ്രമിക്കാതിരുന്നില്ല. സെക്യൂരിറ്റിക്കാര്‍ തന്ത്രപരമായി അവരെ മുന്‍നിരയിലേക്കു കടത്തിവിട്ടു. അവിടെ അവര്‍ ഇരുപ്പുറപ്പിച്ചു. ഹൗസ്ഫുള്‍ ആയി. സിനിമയാരംഭിച്ചു. അവര്‍ ശാന്തരായി പടം കണ്ടുകൊണ്ടിരുന്നു. ഇടവേളയ്ക്ക് ഒരു തരികിട പാട്ട്...!
പഞ്ചന്‍സ് സ്വസ്ഥാനങ്ങളില്‍ നിന്നെഴുന്നേറ്റു. താളത്തിനൊപ്പിച്ചു ചുവടുവയ്ക്കാന്‍ തുടങ്ങി. കാണികളുടെ അമര്‍ഷം അണപൊട്ടിയൊഴുകി. ഒച്ചയും ബഹളവും അതിന്റെ പാരമ്യത്തിലായി. കാണികളില്‍ ചിലരും എഴുന്നേറ്റു. സംഗതി ഏറ്റുമുട്ടലിന്റെ വക്കിലെത്തി. ക്രമസമാധാനത്തിന് പോലീസ് വന്നു; പക്ഷേ, അവര്‍ക്ക് അടുക്കാന്‍ പേടി. സെക്യൂരിറ്റിയും പോലീസും ചേര്‍ന്ന് ഒരു ശ്രമം നടത്തി; ഏറ്റുമുട്ടലായി.
പഞ്ചന്‍സിന്റെ മുമ്പില്‍ അവര്‍ അടിയറവു പറഞ്ഞു. അപ്പോഴേയ്ക്കും വന്‍പോലീസ് സംഘമെത്തി. അവര്‍ ലാത്തി വീശി. ഭീമന്റെ മൊട്ടത്തല പൊട്ടി ചോര ചീറ്റുന്നു. കാണികള്‍ ഇറങ്ങിയോടി. പോലീസ് ഫോമിലായി. അടിയും ഇടിയും ചവിട്ടും തൊഴിയും.... അര്‍ജ്ജുനന്റെ കണ്ണിനിട്ട് ലാത്തിയടി കിട്ടി. സഹദേവന്റെ കൈയൊടിഞ്ഞു. പാഞ്ചാലിയെ അറസ്റ്റു ചെയ്യാന്‍ വനിതാപോലീസും വന്നു. എല്ലാത്തിനെയും അറസ്റ്റുചെയ്തു വിലങ്ങുവച്ചു. പാഞ്ചാലി വിളിച്ചുപറഞ്ഞു, ഞാന്‍ പെണ്ണല്ല.... അതുകേട്ട പെണ്‍പോലീസ് അവന്റെ ചെകിട്ടത്ത് ആഞ്ഞൊരടി! ആണ്‍പെണ്‍ വ്യത്യാസമില്ലാതെ പോലീസുകാര്‍ ശരിക്കും പെരുമാറി. എല്ലാത്തിനെയും പൊക്കിയെടുത്ത് പോലീസ് വാനിലാക്കി സൈറണ്‍ മുഴക്കി സ്‌റ്റേഷനിലേയ്ക്ക് ആഘോഷമായി കൊണ്ടുപോയി.
ഒരു സെല്ലില്‍ അഞ്ചിനെയും അടച്ചു. എന്നിട്ട് അകത്തിട്ട് ഒരു നീക്ക് പെരുമാറ്റവുംകൂടി... പഞ്ചന്‍സ് അഞ്ചും ശരിക്കും പഞ്ചറായി!
രാത്രി പാതിരാകഴിഞ്ഞപ്പോള്‍ സാജന്‍ സാറിന്റെ മൊബൈല്‍ ശബ്ദിച്ചു. എടുത്തപ്പോള്‍ മറുതലയ്ക്കല്‍ പോലീസാണ്. അഞ്ചിനെയും അകത്താക്കിയിട്ടുണ്ടെന്നും കേസ് ചാര്‍ജ്‌ചെയ്തിട്ടുണ്ടെന്നും രാവിലെതന്നെ കോടതിയില്‍ ഹാജരാക്കുന്നതാണെന്നുമായിരുന്നു ഫോണ്‍ സന്ദേശം!
എല്ലാവരും സുരക്ഷിതസ്ഥാനങ്ങളില്‍ ഉറങ്ങുകയായിരുന്നതിനാല്‍ സാറന്മാര്‍ രണ്ടുപേരുംകൂടെ ടാക്‌സിയെടുത്ത് സ്‌റ്റേഷനിലെത്തി. അഞ്ചും അടിവസ്ത്രധാരികളായി അഴിയെണ്ണി പുറത്തേയ്ക്കു നോക്കി നില്‍ക്കുന്നു. അകത്ത് പത്ത് കണ്ണുകള്‍ പുറത്ത് നാലു കണ്ണുകള്‍-നേര്‍ക്കുനേര്‍!