-->
ലോഹിതദാസ് ചിത്രമായ ‘നിവേദ്യ’ത്തിലൂടെ മലയാള സിനിമാരംഗത്ത് എത്തിയ താരമാണ് ഭാമ. ആദ്യചിത്രത്തിലൂടെ തന്നെ പ്രേക്ഷകരുടെ ഹൃദയം കവരാന്‍ ഭാമയ്ക്ക് കഴിഞ്ഞു. മികച്ച കഥാപാത്രങ്ങളിലൂടെ സിനിമയില്‍ തിളങ്ങി നിന്ന താരം വിവാഹശേഷം സിനിമയില്‍ നിന്നും ഇടവേളയെടുത്തു. മലയാളത്തിന് പിന്നാലെ തമിഴിലും തെലുങ്കിലും കന്നഡയിലുമൊക്കെ ഭാമ തന്റെ സാന്നിധ്യം അറിയിച്ചു. സോഷ്യല്‍ മീഡിയയിലൂടെ തന്റെ വിശേഷങ്ങള്‍ പങ്കിടാറുണ്ടായിരുന്ന താരം തുടർന്ന് വർഷങ്ങള്‍ക്ക് ശേഷം സിംഗിള്‍ മദർ ആണെന്ന കാര്യം പ്രേക്ഷകരെ അറിയിച്ചു.
ഇടവേളയ്ക്ക് ശേഷം ടെലിവിഷന്‍ പരിപാടികളിലൂടെയാണ് ഭാമ സ്ക്രീനിന് മുന്നിലെത്തിയത്. മകള്‍ ഗൗരിയുടെ കൂടെ സന്തുഷ്ടയായി ജീവിക്കുകയാണ് താരം. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരത്തിന്റെ പോസ്റ്റുകളെല്ലാം വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. മകളുടെ വിശേഷങ്ങള്‍ നിരന്തരം പങ്കിടാറുണ്ടെങ്കിലും കുഞ്ഞിന്റെ സ്വകാര്യത മാനിച്ച് മുഖം വരാറുള്ള ചിത്രങ്ങള്‍ അധികം ഭാമ പങ്കിടാറില്ല.
ഇപ്പോഴിതാ ഭാമ ഇൻസ്റ്റഗ്രാമില്‍ ഷെയർ ചെയ്ത സ്റ്റോറിയാണ് ചർച്ചയായി മാറുന്നത്. ‘‘നല്ല സ്ത്രീ എന്താണെന്ന് ഒരു പുരുഷനോട് ചോദിക്കൂ... അപ്പോള്‍ അയാള്‍ ഉത്തമയായ വേലക്കാരിയുടെ ഗുണങ്ങള്‍ വിവരിക്കുന്നത് കേള്‍ക്കാം...’’ എന്നാണ് ഭാമയുടെ സ്റ്റോറിയിലെ വാക്കുകള്‍. ഒപ്പം പൊട്ടിച്ചിരിക്കുന്ന ഇമോജികളും ഉണ്ടായിരുന്നു.
ഭാമയുടെ സ്റ്റോറി വന്നതോടെ അതിനു താഴെ ആരാധകരുടെ കമന്റുകളും വന്നു തുടങ്ങി. സ്വന്തം വ്യക്തി ജീവിതത്തിലെ അനുഭവങ്ങളുമായി സാമ്യമുള്ളതുകൊണ്ടാകും താരം ഇത്തരം വാക്കുകള്‍ ഷെയർ ചെയ്യുന്നതെന്നാണ് ആരാധകരുടെ കണ്ടെത്തല്‍.
അഭിനേത്രി എന്നതിലുപരി ഗായിക കൂടിയായ ഭാമ ഉദ്ഘാടന വേദികളിലും സജീവമാണ്. സ്വന്തമായി ഒരു യുട്യൂബ് ചാനല്‍ ഉണ്ടെങ്കിലും വളരെ കുറച്ച് വീഡിയോകള്‍ മാത്രമേ താരം അതിലൂടെ പങ്കിടാറുള്ളൂ.
2020 ജനുവരിയിലായിരുന്നു ഭാമയുടെ വിവാഹം. കുഞ്ഞ് ജനിച്ച ശേഷം വളരെ സുന്ദരമായ ജീവിതമായിരുന്നു ഭാമയുടേത്. ചില അഭിപ്രായ വ്യാത്യസങ്ങളെ തുടർന്നോ മറ്റോ ഭാമയും ഭർത്താവ് അരുണും വിവാഹജീവിതം അവസാനിപ്പിച്ചു. താൻ സിംഗിള്‍ മദറാണെന്ന് ഭാമ പറഞ്ഞതോടെയാണ് ഈ വിവരവും പുറംലോകം അറിയുന്നത്. അതല്ലാതെ വിവാഹമോചിതയാണോ, വേർപിരിഞ്ഞ് താമസിക്കുകയാണോ എന്നതിലൊന്നും പ്രതികരിക്കാൻ താരം ഇതുവരെയും തയ്യാറായിട്ടില്ല.
കുഞ്ഞിന്റെ ഒന്നാം പിറന്നാള്‍ ഭർത്താവിനൊപ്പം അതിഗംഭീരമായാണ് ഭാമ ആഘോഷിച്ചത്. ഗൗരിയുടെ ഫോട്ടോകള്‍ ഭാമ ആദ്യമായി സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചതും ഒന്നാം പിറന്നാളിനു ശേഷം ആയിരുന്നു. വിവാഹം കഴിഞ്ഞ് രണ്ട് വർഷം കഴിഞ്ഞതോടെ ഭാമ ഭർത്താവ് അരുണിനൊപ്പമുള്ള ചിത്രങ്ങളെല്ലാം സോഷ്യല്‍മീഡിയയില്‍ നിന്നും നീക്കം ചെയ്തു. അതോടെ താരത്തിന്റെ ദാമ്പത്യ ജീവിതം ചര്‍ച്ചയായി തുടങ്ങി.
എങ്കിലും ദാമ്പത്യ ജീവിതത്തില്‍ നിന്നും നിരവധി കയ്പേറിയ അനുഭവങ്ങള്‍ നടിക്കുണ്ടായിട്ടുണ്ടെന്നത് പിന്നീട് നടി പങ്കുവെച്ച സോഷ്യല്‍മീഡിയ പോസ്റ്റുകളില്‍ നിന്നും കുറിച്ച വാക്കുകളില്‍ നിന്നും വ്യക്തമാണ്. വിവാഹത്തിനും സ്ത്രീധനത്തിനും എതിരെ ഒരിടയ്ക്ക് താരം കുറിച്ച വാക്കുകള്‍ വൈറലായിരുന്നു.
‘‘ഒരു സ്ത്രീയും അവരുടെ ധനം ആർക്കും നല്‍കിയിട്ട് വിവാഹം ചെയ്യരുത്. അവർ നിങ്ങളെ ഉപേക്ഷിച്ച് പോയാല്‍..? ധനം വാങ്ങി അവർ ജീവനെടുപ്പിക്കും. ഒരിക്കലും ഒരു സ്ത്രീ വിവാഹം കഴിക്കരുത്. വരുന്നവർ എങ്ങനെയാണ് ട്രീറ്റ് ചെയ്യുക എന്നുപോലും അറിയാതെ... ജീവനെടുക്കാൻ സാധ്യതയുള്ള സ്ഥലത്ത് നിന്നും എത്രയും വേഗം...’’ എന്നാണ് ഭാമ കുറിച്ചത്. ജീവിത പങ്കാളിയില്‍ നിന്നും വഞ്ചന നേരിട്ടതിനെ കുറിച്ചുള്ള മറ്റുള്ളവരുടെ എഴുത്തുകളും ഭാമ പങ്കിട്ടിട്ടുണ്ട്.
വേർപിരിഞ്ഞെങ്കിലും ഭർത്താവും മകളും തമ്മില്‍ കാണുന്നതിനൊന്നും പ്രശ്‌നമില്ലെന്ന് താരം അടുത്തിടെ പങ്കുവെച്ച പോസ്റ്റില്‍ നിന്നും വ്യക്തമായിരുന്നു. മകള്‍ അച്ഛനൊപ്പം ഗുരുവായൂർ അമ്പലത്തിലേക്ക് പോയി വന്നെന്ന് പറഞ്ഞൊരു പോസ്റ്റുമായിട്ടാണ് ഭാമ എത്തിയിരുന്നത്. ‘അമ്മേടെ അമ്പോറ്റി പെണ്ണ്. അച്ഛന്റെ കൂടെ ഗുരുവായൂർ അമ്പലത്തില്‍ പോയി വന്നതിന് ശേഷം...’ എന്നാണ് ചിത്രത്തിന് കൊടുത്ത ക്യാപ്ഷനില്‍ നടി എഴുതിയിരിക്കുന്നത്. കേരള സ്റ്റൈലിലുള്ള വസ്ത്രത്തില്‍ മുല്ലപ്പൂവൊക്കെ ചൂടി അതീവ സുന്ദരിയായിട്ടായിരുന്നു മകള്‍ ചിത്രത്തില്‍. ഗുരുവായൂരില്‍ നിന്നും വാങ്ങിയ ഓടക്കുഴലും മയില്‍പീലിയുമൊക്കെ കൈയ്യില്‍ പിടിച്ചിരിക്കുകയാണ് ഗൗരി. എന്നാല്‍ മകളുടെ മുഖത്തിന്റെ സ്ഥാനത്ത് കൃഷ്ണന്റെ സ്റ്റിക്കർ വെച്ച് മറച്ചിരിക്കുകയാണ്.