Saturday, March 14, 2026 Last Updated 42 Min 16 Sec ago English Edition
Todays E paper
Ads by Google
Wednesday 04 Jun 2025 10.34 AM

‘‘താരങ്ങളാണെന്ന ബലത്തിൽ കാടടച്ച് വെടിവെക്കരുത്; അല്പസ്വല്പം വസ്തുതകൾ മനസിലാക്കിയിട്ട് വിമർശിക്കുക...’’പാര്‍വതിയുടെ പരിഹാസത്തിന് മറുപടിയുമായി വിധു വിന്‍സെന്റ്

ഹേമ കമ്മറ്റി റിപ്പോര്‍ട്ട് മലയാള സിനിമയില്‍ സൃഷ്ടിച്ച വിവാദങ്ങള്‍ ചെറുതല്ല. ഇക്കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് എന്തായി എന്ന തരത്തില്‍ പാര്‍വ്വതി തിരുവോത്ത് ഒരു പോസ്റ്റ് പങ്കിട്ടിരുന്നു. ഇപ്പോഴിതാ പാര്‍വ്വതിയുടെ പരിഹാസങ്ങള്‍ക്ക് ചുട്ട മറുപടി നല്‍കുകയാണ് വിധു വിന്‍സെന്റ്.
Vidhu Vincent, The Hema Committee report, Parvathy thiruvoth
Vidhu Vincent aganist Parvathy Thiruvoth

മലയാള സിനിമയില്‍ വലിയൊരു കോളിളക്കം സൃഷ്ടിച്ച റിപ്പോര്‍ട്ടായിരുന്നു ഹേമ കമ്മറ്റിയിലൂടെ ആളുകളുടെ മുന്നിലെത്തിയത്. മലയാള സിനിമയില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലെന്നതിന്റെ തുറന്ന കുറിപ്പായിരുന്നു അത്. മലയാള സിനിമയില്‍ തങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി എന്നും സംസാരിക്കാറുള്ള പാര്‍വ്വതി തിരുവോത്ത് അടക്കമുള്ളവര്‍ അംഗങ്ങളായുള്ള വിമണ്‍ ഇന്‍ സിനിമ കളക്ടീവ് (ഡബ്ലൂ സിസി) ഹര്‍ഷാരവത്തോടെയാണ് ഈ റിപ്പോര്‍ട്ടിനെ സ്വീകരിച്ചത്. തങ്ങളുടെ ദീര്‍ഘകാലമായുള്ള കാത്തിരിപ്പിന് വിരാമമായി എന്നതായിരുന്നു അവരുടെ നിലപാട്.
എന്നാല്‍ ഇക്കഴിഞ്ഞ ദിവസം ഹേമകമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ അവസാനിപ്പിക്കുന്ന സര്‍ക്കാര്‍ തീരുമാനം വന്നു. ‘അഞ്ചര വര്‍ഷമായല്ലോ ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ട്, എന്തെങ്കിലും തീരുമാനം ആയോ’ എന്ന് പാര്‍വതി തിരുവോത്ത് തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ മുഖ്യമന്ത്രിയോട് ചോദിച്ചിരുന്നു. വലിയ വിവാദങ്ങളാണ് ഈ പ്രസ്താവനയ്ക്ക് ശേഷം സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.
ഇപ്പോഴിതാ ഹേമകമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ അവസാനിപ്പിക്കുന്ന സര്‍ക്കാര്‍ തീരുമാനത്തിനെതിരെയുളള നടി പാര്‍വതി തിരുവോത്തിന്റെ പ്രസ്താവനയില്‍ മറുപടി നല്‍കുകയാണ് വിധു വിന്‍സെന്റ്. അഞ്ചര വര്‍ഷമായല്ലോ ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ട്, എന്തെങ്കിലും തീരുമാനം ആയോ’ എന്നായിരുന്നു ഇന്‍സ്റ്റാഗ്രാമിലൂടെ പാര്‍വതി മുഖ്യമന്ത്രിയോട് ചോദിച്ചത്. ഇതിന് മറുപടിയായിട്ടാണ് വിധു വിന്‍സെന്റിന്റെ കുറിപ്പ്. കമ്മിറ്റിക്ക് മൊഴി നല്‍കിയവര്‍ പോലും കേസുമായി മുന്നോട്ട് പോകാന്‍ താല്‍പര്യം കാണിക്കുന്നില്ലെന്നും അതിജീവിതരുടെ പൂര്‍ണ്ണ സഹകരണവും സാക്ഷ്യവും ഇല്ലാതെ കേസുകള്‍ ഫലപ്രദമായി നടത്താന്‍ കഴിയില്ലെന്നും വിധു തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ കുറിച്ചു.
‘‘ഹേമ കമ്മിറ്റി റിപ്പോർട്ടും സർക്കാർ നടപടികളും: വസ്തുതകൾ
പാർവതി അടക്കമുള്ളവർ അവർ അഭിനയിച്ച ചില സിനിമകളുമായി ബന്ധപ്പെട്ടുള്ള പരാതികൾ ഹേമ കമ്മിറ്റിക്ക് മുന്നിൽ മൊഴിയായി നൽകിയിരുന്നുവെങ്കിലും, പിന്നീട് പോലീസ് കേസുകളുമായി മുന്നോട്ട് പോകാൻ അവരാരും തയ്യാറായിരുന്നില്ല എന്നത് വസ്തുതയാണ്. ഈ മൊഴികളെ കുറിച്ച് അന്വേഷിച്ച Special Investigation Team ഉം ക്രൈം ബ്രാഞ്ചും, മൊഴി നല്കിയവർ പറഞ്ഞതിൽ ഉറച്ചു നില്ക്കാഞ്ഞതിനെ കുറിച്ചും പിൻവലിഞ്ഞതിനെ കുറിച്ചും പരസ്യമായി തന്നെ പ്രതികരിച്ചിരുന്നു. നിയമപരമായ നടപടികൾക്ക് ഇര/ അതിജീവിതരുടെ പൂർണ സഹകരണവും സാക്ഷ്യവും അത്യാവശ്യമാണെന്നിരിക്കെ അത് ലഭ്യമല്ലാതെ കേസുകൾ ഫലപ്രദമായി നടത്താൻ കഴിയില്ലാ എന്നത് സാമാന്യ യുക്തിയിൽ ബോധ്യപ്പെടുന്ന ഒരു കാര്യമാണ്.

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ യഥാർത്ഥ ഫലങ്ങൾ
ഹേമ കമ്മിറ്റി റിപ്പോർട്ട് വെറുമൊരു കേസ് റജിസ്റ്റർ ചെയ്യാനുള്ള ഉപകരണമായിരുന്നില്ല. പകരം, മലയാള ചലച്ചിത്ര മേഖലയിലാകെ വ്യാപകമായ ആഭ്യന്തരമാറ്റങ്ങൾക്ക് വഴിതെളിച്ച നയരേഖയായിരുന്നു അത്.

ചലച്ചിത്ര നയനിർമ്മാണത്തിന്റെ അടിത്തറ
സർക്കാരിന്റെ സംവിധാനമായ Kerala State Film Development Corporation (KSFDC) യുടെയും ചലച്ചിത്ര അക്കാദമിയുടെയും നേതൃത്വത്തിൽ പുതിയ ചലച്ചിത്ര നയം രൂപീകരിക്കാനുള്ള ഉദ്യമത്തിന് അടിത്തറ പാകിയത് ഹേമ കമ്മിറ്റിയുടെ കണ്ടെത്തലുകളാണ്.
വിപുലമായ കൂടിയാലോചന പ്രക്രിയയാണ് ഇതെ തുടർന്ന് നടന്നത്.

ഈ ലക്ഷ്യത്തിനായി:
- 20-ലധികം തവണകളിലായി സർക്കാർ വിപുലമായ ചർച്ചകൾ നടത്തി
- 400-ധികം പേരുമായി, വിവിധ സംഘടനാ പ്രതിനിധികളുമായി നേരിട്ടും അല്ലാതെയും ആശയവിനിമയം നടത്തി
- വിവിധ തലങ്ങളിലുള്ള, തരത്തിലുള്ള പ്രശ്നങ്ങളെ ആഴത്തിൽ പരിഗണിച്ചു

- സ്ത്രീകളുടെ സുരക്ഷയ്ക്ക് പ്രത്യേക പരിഗണന
- സ്ത്രീകളുടെ ചലച്ചിത്ര പ്രവർത്തനങ്ങൾക്ക് പ്രോത്സാഹനം
- അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം പരിഗണിക്കൽ
- വേതനവുമായി ബന്ധപ്പെട്ട തർക്കങ്ങൾ
- വ്യത്യസ്ത ലിംഗവിഭാഗങ്ങളുടെ ഉൾക്കൊള്ളൽ
- വെല്ലുവിളി നിറഞ്ഞ തൊഴിൽ സാഹചര്യത്തിൽ പണിയെടുക്കുന്നവർക്കായുള്ള സുരക്ഷിതത്വമൊരുക്കൽ etc.
ഇങ്ങനെ വിവിധ വിഷയങ്ങളിലായി സിനിമാ മേഖലയെ ബാധിക്കുന്ന സുപ്രധാനമായ വിഷയങ്ങൾ പല തലങളിലായാണ് ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത്.
സാംസ്കാരികവകുപ്പിന് പുറമേ
വ്യവസായം, തൊഴിൽ, നിയമം, വിനോദ സഞ്ചാരം, വിവര സാങ്കേതികവിദ്യ, ആരോഗ്യം, സാമൂഹ്യ നീതി, തദ്ദേശസ്വയംഭരണം, ആഭ്യന്തരം, ധനകാര്യം തുടങ്ങിയ വകുപ്പുകൾ കൂടി കൈകോർത്തു കൊണ്ടുള്ള പ്രശ്നപരിഹാര മാർഗ്ഗരേഖയായാണ് സിനിമ നയം രൂപപ്പെട്ടു വരുന്നത്. ഇത്തരമൊരു നയത്തിന്റെ അഭാവത്തെ കുറിച്ച് അടിവരയിട്ടാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് സംസാരിച്ചത് എന്നും ഇപ്പോൾ ആക്ഷേപമുന്നയിക്കുന്നവർ ഓർക്കുമല്ലോ..

ഈ നയത്തിന്റെ ലക്ഷ്യം:
- മലയാള ചലച്ചിത്ര മേഖലയുടെ സമഗ്രമായ വളർച്ച
- സിനിമയുമായി ബന്ധപ്പെട്ട വിവിധ സർക്കാർ വകുപ്പുകളുടെ പ്രവർത്തനം ഏകോപിപ്പിച്ച് കാര്യക്ഷമത വർദ്ധിപ്പിക്കുക
-ചലച്ചിത്രവ്യവസായത്തിനുള്ളിലെ വ്യവസ്ഥാപിത പ്രശ്നങ്ങൾക്ക് ദീർഘകാല പരിഹാരം
ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേവലം കേസുകൾ റജിസ്റ്റർ ചെയ്യുന്നതിനേക്കാൾ വിപുലവും ദീർഘകാലാടിസ്ഥാനത്തിലും ഉള്ള ഫലപ്രദമായ മാറ്റങ്ങൾ കൊണ്ടുവരാനാണ് സർക്കാർ ലക്ഷ്യമിട്ടത്. സിനിമാ വ്യവസായത്തിന്റെ അടിസ്ഥാന ഘടനയിലും പ്രവർത്തന രീതിയിലും മാറ്റം കൊണ്ടുവരുന്നതിലൂടെ മാത്രമേ ലക്ഷ്യങ്ങൾ കൈവരിക്കാനാവൂ എന്ന യാഥാർത്ഥ്യം മുന്നിൽ കണ്ടാണ് നയ രൂപീകരണം സാധ്യമാക്കാൻ ശ്രമിക്കുന്നത്.
ഒപ്പം സ്ത്രീകളെ സിനിമാ മേഖലയുടെ പിന്നണി പ്രവർത്തനങ്ങളിലേക്ക് എത്തിക്കുന്നതിനടക്കം കാര്യമായ ശ്രമങ്ങൾ നടക്കുന്നുണ്ട് എന്നതും തത്ഫലമായി കുറേ അധികം സ്ത്രീകൾ സിനിമയുടെ വിവിധ മേഖലകളിൽ ജോലി ചെയ്തു തുടങ്ങി എന്നതും സവിശേഷമായ ശ്രദ്ധ അർഹിക്കുന്ന ഒരു സംഗതിയാണ്. സ്ത്രീകളെ സിനിമ ചെയ്യുന്നതിന് പ്രോത്സാഹിപ്പിക്കുന്നതിനായി സർക്കാർ മുന്നോട്ട് വച്ച സാമ്പത്തിക സഹായ പദ്ധതി, നമ്മുടെ നാട്ടിലും പുറത്തും നിർമ്മിക്കപ്പെടുന്ന സ്ത്രീകളുടെ ചിത്രങ്ങൾ കണ്ടെത്തി അവയ്ക്ക് പ്രത്യേകമായ വേദിയൊരുക്കുന്ന വനിതാഫിലിം ഫെസ്റ്റിവൽ, സിനിമയുടെ സാങ്കേതിക മേഖലകളിലേക്ക് കൂടുതൽ സ്ത്രീകളെ എത്തിക്കുക എന്ന ഉദ്ദേശ്യത്തോടെ സ്ത്രീകൾക്കായി രൂപപ്പെടുത്തിയ പ്രത്യേക പരിശീലനപരിപാടി, IFFK യിൽ പ്രദർശനത്തിനായി സ്ത്രീകളുടെ ചിത്രങ്ങൾക്ക് നല്കുന്ന മുൻഗണന...മറ്റേതെങ്കിലും സംസ്ഥാനത്ത് സമാനമായ ഇടപെടലുകൾ സർക്കാരുകൾ നടത്തുന്നുണ്ടോ എന്നത് അറിയില്ല.(അറിവുള്ളവർക്ക് പറഞ്ഞു തരാം ) സ്തീകൾ സിനിമാരംഗത്തേക്ക് ആത്മവിശ്വാസത്തോടെ കടന്നുവരണമെന്ന് പ്രഖ്യാപനം നടത്തി പോവുകയല്ല ഈ സർക്കാർ ചെയ്യുന്നത്...സാധ്യമായ എല്ലാ ഇടങ്ങളും സ്ത്രീകൾക്കും തുറന്ന് കൊടുത്ത് അവരെ ആ മേഖലക്കായി സജ്ജമാക്കാനുള്ള ശ്രമങളാണ് ചലച്ചിത്ര അക്കാദമിയും KSFDC യും നടത്തുന്നത്. ഇത്തരം ശ്രമങ്ങൾക്കിടയിൽ അവിടവിടെയായി ചില പാളിച്ചകളുണ്ടാകാറുണ്ടെങ്കിലും അതിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ട് മുന്നോട്ട് പോകാനുള്ള ശ്രമങൾക്കൊപ്പം ഇത് തിരിച്ചറിയാൻ കഴിയുന്ന എല്ലാ സിനിമാ പ്രവർത്തകരും ഉണ്ട് എന്ന് തന്നെയാണ് എന്റെ വിശ്വാസം.
വിമർശനങ്ങൾ എക്കാലവും നല്ലതാണ്. പക്ഷേ താരങ്ങളാണെന്ന ബലത്തിൽ കാടടച്ച് വെടിവെക്കരുത്, അല്പസ്വല്പം വസ്തുതകൾ മനസിലാക്കിയിട്ട് വിമർശിക്കുമ്പോൾ വിമർശനത്തിന് ഒരു ബലമുണ്ടാകും. പാർവതി അടക്കമുള്ള തിരിച്ചറിവുള്ള സ്ത്രീകളിൽ നിന്ന് കേരളം പ്രതീക്ഷിക്കുന്നതും അതാണ്...’’ വിധു വിന്‍സെന്റ് കുറിച്ചു.

Ads by Google
Wednesday 04 Jun 2025 10.34 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW