-->
ഫോര്‍ച്യൂണര്‍ ഹൈബ്രിഡ് പതിപ്പിനെ അവതരിപ്പിച്ച് ടൊയോട്ട. മൈല്‍ഡ് ഹൈബ്രിഡ് ടെക്‌നോളജി ഉപയോഗിച്ചാണ് ഫോര്‍ച്യൂണര്‍ എസ്യുവിയെ പരിഷ്‌ക്കരിച്ചിരിക്കുന്നത്. നിയോ ഡ്രൈവ് 48V വേരിയന്റ് എന്നറിയപ്പെടുന്ന ടൊയോട്ട ഫോര്‍ച്യൂണര്‍ നിയോ ഡ്രൈവ് 48V, ലെജന്‍ഡര്‍ നിയോ ഡ്രൈവ് 48V എന്നീ രണ്ട് വകഭേദങ്ങളില്‍ മൈല്‍ഡ് ഹൈബ്രിഡ് എസ്യുവി ലഭ്യമാവും. ഇവയ്ക്ക് യഥാക്രമം 44.72 ലക്ഷം രൂപ, 50.09 ലക്ഷം രൂപ എന്നിങ്ങനെയാണ് ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില വരുന്നത്. മെച്ചപ്പെട്ട മൈലേജ്, മെച്ചപ്പെടുത്തിയ ഡ്രൈവിംഗ് പെര്‍ഫോമന്‍സ്, കൂടുതല്‍ സുഖസൗകര്യങ്ങള്‍ എന്നിവ വാഗ്ദാനം ചെയ്യുന്നതിനായി പുതിയ വകഭേദങ്ങളില്‍ നൂതമായ 48-വോള്‍ട്ട് സിസ്റ്റമാണ് സജ്ജീകരിച്ചിരിക്കുന്നത്
ഫോര്‍ച്യൂണര്‍, ലെജന്‍ഡര്‍ നിയോ ഡ്രൈവ് വേരിയന്റുകളുടെ ബുക്കിംഗ് ഉടന്‍ ആരംഭിക്കുമെന്നാണ് ടൊയോട്ട പറയുന്നത്. അതേസമയം ഡെലിവറിയും ഈ മാസം തന്നെ നടക്കും. ജൂണ്‍ മൂന്നാം ആഴ്ച്ച മുതല്‍ ഫോര്‍ച്യൂണര്‍, ലെജന്‍ഡര്‍ നിയോ ഡ്രൈവ് വേരിയന്റുകളുടെ ഡെലിവറികള്‍ ആരംഭിക്കും. ടൊയോട്ട ഫോര്‍ച്യൂണര്‍ നിയോ ഡ്രൈവ് 48V പതിപ്പിലും മുമ്പുണ്ടായിരുന്ന അതേ 2.8 ലിറ്റര്‍, 4-സിലിണ്ടര്‍ ടര്‍ബോ-ഡീസല്‍ എഞ്ചിന്‍ തന്നെയാണ് ഉപയോഗിക്കുന്നത്. എന്നാല്‍ എഞ്ചിന്‍ ഇപ്പോള്‍ 48-വോള്‍ട്ട് സിസ്റ്റവുമായി ജോടിയാക്കിയിരിക്കുന്നു. അതില്‍ ബെല്‍റ്റ്-ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടര്‍ ജനറേറ്ററും ലിഥിയം-അയണ്‍ ബാറ്ററിയും ഉള്‍പ്പെടുന്നുവെന്നും ജാപ്പനീസ് ബ്രാന്‍ഡ് പറയുന്നു. ഈ ഹൈബ്രിഡ് അസിസ്റ്റ് സുഗമമായ ലോ-എന്‍ഡ് ആക്‌സിലറേഷന്‍, നിശബ്ദ പ്രവര്‍ത്തനം, മെച്ചപ്പെട്ട കാര്യക്ഷമത എന്നിവ നല്‍കുന്നുവെന്നും കമ്പനി അവകാശപ്പെടുന്നു. ഹൈബ്രിഡ് ഇലക്ട്രിക് സിസ്റ്റത്തിന്റെ സവിശേഷതകളിലൊന്നിന് സമാനമായി വേഗത കുറയ്ക്കുമ്പോള്‍ ബാറ്ററി ചാര്‍ജ് ചെയ്യപ്പെടും.
വാഹനം നഷ്ടപ്പെടുന്ന ബ്രേക്കിംഗ് ഊര്‍ജ്ജം കാര്യക്ഷമമായി റീജനറേറ്റ് ചെയ്യുന്നതിനോടൊപ്പം അധിക ബ്രേക്കിംഗ് പെര്‍ഫോമന്‍സും മൈല്‍ഡ് ഹൈബ്രിഡ് സംവിധാനം സമ്മാനിക്കുന്നുണ്ട്. പുതിയ സ്മാര്‍ട്ട് ഐഡില്‍ സ്റ്റാര്‍ട്ട്-സ്റ്റോപ്പ് ഫംഗ്ഷന്‍ ഫോര്‍ച്യൂണറിന്റെ മൈലേജ് കൂടുതല്‍ മെച്ചപ്പെടുത്തുകയും വണ്ടി നില്‍ക്കുമ്പോള്‍ എഞ്ചിന്‍ സ്വമേധയ ഓഫ് ചെയ്യുന്നതിലൂടെ മലിനീകരണം കുറയ്ക്കുകയും ചെയ്യുന്നു. വിവിധ ഭൂപ്രദേശങ്ങളില്‍ പെര്‍ഫോമന്‍സ് ഒപ്റ്റിമൈസ് ചെയ്യുന്നതിന് ത്രോട്ടില്‍ റെസ്‌പോണ്‍സ്, ബ്രേക്കിംഗ്, ട്രാക്ഷന്‍ കണ്‍ട്രോള്‍ എന്നിവ ക്രമീകരിക്കുന്ന മള്‍ട്ടി-ടെറൈന്‍ സെലക്ട് സിസ്റ്റവും എസ്യുവിലുണ്ട്. ഡിസൈനില്‍ മാറ്റമൊന്നുമില്ലാതെയാണ് ടൊയോട്ട ഫോര്‍ച്യൂണര്‍ നിയോ ഡ്രൈവ് 48V വേരിയന്റുകള്‍ എത്തുന്നത്. വൈറ്റും ബ്ലാക്കും നിറങ്ങളിലുള്ള ഡ്യുവല്‍-ടോണ്‍ കളര്‍ ഓപ്ഷന്‍, ഷാര്‍പ്പ് ഹെഡ്ലാമ്പ് ഡിആര്‍എല്‍, വ്യത്യസ്ത ബമ്പറുകള്‍ എന്നിവയോടെയാണ് ലെജന്‍ഡര്‍ മോഡല്‍ വരുന്നത്.